തിരുവനന്തപുരം: 17 ആവശ്യങ്ങളുന്നയിച്ച് രാജ്യവ്യാപകമായി കേന്ദ്ര ട്രേഡ് യൂണിയനുകളും ജീവനക്കാരുടെ ഫെഡറേഷനുകളും 9ന് പ്രഖ്യാപിച്ചിരിക്കുന്ന പണിമുടക്ക് സംസ്ഥാനത്ത് സമ്പൂർണമാക്കാൻ തൊഴിലാളി സംഘടനകളുടെ സംയുക്ത യോഗം തീരുമാനിച്ചു.
എട്ടിന് അർദ്ധരാത്രി മുതൽ ഒമ്പതിന് അർദ്ധരാത്രി വരെ 24 മണിക്കൂറാണ് പണിമുടക്ക്. തൊഴിലാളികളും, കേന്ദ്ര സംസ്ഥാന സർക്കാർ ജീവനക്കാരും അദ്ധ്യാപകരും പൊതുമേഖലാ ജീവനക്കാരും, ബാങ്ക് ഇൻഷ്വറൻസ് ജീവനക്കാരും പണിമുടക്കിൽ പങ്കെടുക്കും. സംയുക്ത കിസാൻ മോർച്ച പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ബി.എം.എസ് ഒഴികെയുള്ള സംഘടനകളാണ് പണിമുടക്കുന്നത്. കേരളത്തിൽ കർഷക, കർഷകത്തൊഴിലാളി സംഘടനകളും പിന്തുണ അറിയിച്ചിട്ടുണ്ട്. അവശ്യ സർവീസുകൾ, പാൽ, പത്ര വിതരണം എന്നിവയെ പണിമുടക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട് .
സി.ഐ.ടി.യു, ഐ.എൻ.ടി.യു.സി, എ.ഐ.ടി.യു.സി, എൽ.പി.എഫ്, യു.ടി.യു.സി, എച്ച്.എം.എസ്, സേവ, ടി.യു.സി.ഐ, എൻ.എൽ.സി, ടി.യു.സി.സി, എൻ.എൽ.സി, ടി.യു.സി.സി, ജെ.എൽ.യു, എൻ.എൽ.യു, കെ.ടി.യു.സി എസ്, കെ.ടി.യു.സി എം, ഐ.എൻ.എൽ.സി, എൻ.ടി.യു.ഐ, എച്ച്.എം.കെ.പി തുടങ്ങിയ ട്രേഡ് യൂണിയനുകൾ പണിമുടക്കിൽ പങ്കെടുക്കും.
പണിമുടക്ക്
തള്ളിക്കളയണം:
കെ.ജി.ഒ.യു
തിരുവനന്തപുരം: ഒരു വിഭാഗം സർക്കാർ ജീവനക്കാരും തൊഴിലാളികളും 9ന് നടത്തുന്ന അഖിലേന്ത്യാ പണിമുടക്ക് തള്ളിക്കളയണമെന്ന് കേരള ഗസറ്റഡ് ഓഫീസേഴ്സ് യൂണിയൻ സംസ്ഥാന ഭാരവാഹി യോഗം ആഹ്വാനം ചെയ്തു..
പണിമുടക്ക് നടത്തുന്ന സംഘടനകൾ കഴിഞ്ഞ 9 വർഷമായി കേരളത്തിലെ ജനവിരുദ്ധ തൊഴിലാളി ദ്റോഹ നയങ്ങൾ കണ്ടില്ലെന്ന് നടിക്കുകയാണ്. സിവിൽ സർവീസ് തച്ചുടയ്ക്കപ്പെട്ടതിനെതിരെ ഒരക്ഷരംഉരിയാടുന്നില്ല. പി.എഫ്.ആർ.ഡി.എ നിയമത്തിന് അനുകൂലമായി നിയമ നിർമാണം നടത്തി. 9 വർഷമായി പങ്കാളിത്ത പെൻഷൻ പദ്ധതിയിൽപ്പെട്ട ജീവനക്കാരെ വഞ്ചിക്കുകയാണെന്നും കെ.ജി.ഒ.യു സംസ്ഥാന പ്രസിഡന്റ് കെ.സി.സുബ്രഹ്മണ്യനും, ജനറൽ സെക്രട്ടറി ബി.ഗോപകുമാറും പറഞ്ഞു.പണിമുടക്കിൽ പങ്കെടുക്കാത്ത ജീവനക്കാർക്ക് ജോലി സ്ഥലത്ത് സുരക്ഷ ഉറപ്പു വരുത്തുന്നതിനും സുഗമമായ ഓഫീസ് പ്രവർത്തനം നടത്തുന്നതിനും യാത്രാസൗകര്യത്തിനും ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |