തിരുവനന്തപുരം: പാലക്കാട് മേനോൻ പാറയിലെ മലബാർ ഡിസ്റ്റിലറിയിൽ ഇന്ത്യൻ നിർമിത വിദേശ മദ്യ യൂണിറ്റിന്റെ നിർമ്മാണോദ്ഘാടനം ഇന്ന് രാവിലെ 11.30 ന് മന്ത്രി എം .ബി രാജേഷ് നിർവ്വഹിക്കും. മന്ത്രി കെ .കൃഷ്ണൻ കുട്ടി അദ്ധ്യക്ഷനാവും. .
പാലക്കാട് ജില്ലയുടെ വ്യവസായക്കുതിപ്പിനു ഊർജമേകുന്ന പദ്ധതിയിലൂടെ നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു. എട്ട് മാസം കൊണ്ട് നിർമ്മാണം പൂർത്തീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മൂന്ന് ബോട്ട്ലിംഗ്
ലൈനാണ് സ്ഥാപിക്കുന്നത്. മലബാർ ഡിസ്റ്റിലറിയിൽ ഒരു ദിവസം 13,500 കെയ്സ് അഥവാ 1,21,500 ലിറ്റർ മദ്യം ഉൽപ്പാദിപ്പിക്കാനാകും. നേരിട്ടും അല്ലാതെയുമായി 250 ഓളം പേർക്ക് തൊഴിൽ ലഭിക്കും. 125 ഓളം കുടുംബശ്രീ പ്രവർത്തകർക്ക് ബോട്ട്ലിംഗ് യൂണിറ്റിലാകും ജോലി. നിലവിൽ മുപ്പതോളം ജീവനക്കാരുണ്ട്. കേരള ഇലക്ട്രിക് ആൻഡ് അലൈഡ് എഞ്ചിനീയറിംഗ് കമ്പനിയാണ് നിർമ്മാണ മേൽനോട്ടം വഹിക്കുന്നത്. കമ്പനിയിൽ ലഭ്യമായ ബാക്കി സ്ഥലം ഉപയോഗിച്ച് ഭാവിയിൽ പഴവർഗങ്ങളിൽ നിന്നും മൂല്യവർദ്ധിത വസ്തുക്കൾ ഉത്പാദിപ്പിക്കാനും പദ്ധതിയുണ്ട്. കമ്പനിയിൽ മഴവെള്ള സംഭരണിയും സ്ഥാപിക്കുമെന്നും മന്ത്രി അറിയിച്ചു.
1952 ൽ ചിറ്റൂർ സഹകരണ പഞ്ചസാര ഫാക്ടറി (ചിക്കോപ്സ്) സ്ഥാപിക്കപ്പെട്ടു. 1974 ൽ പഞ്ചസാരയുടെ ഉപോത്പന്നമായ മൊളാസസിൽ നിന്ന് സ്പിരിറ്റ് ഉല്പാദിപ്പിക്കുന്ന ഡിസ്റ്റിലറിയും സ്ഥാപിച്ചു. 1996 ലെ ചാരായ നിരോധനം മൂലം കമ്പനിയുടെ പ്രവർത്തനം പ്രതിസന്ധിയിലാവുകയും 2000 ൽ പഞ്ചസാര ഉത്പാദനവും, 2001 ൽ സ്പിരിറ്റ് നിർമ്മാണവും അവസാനിപ്പിക്കുകയുമായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |