കോഴിക്കോട്: ഹരിയാന സ്വദേശിയായ വ്ലോഗർ ജ്യോതി മൽഹോത്രയെ കേരളത്തിലേക്ക് കൊണ്ടുവന്നത് നല്ല ഉദ്ദേശ്യത്തിലാണെന്നും അവർ പാകിസ്ഥാനുവേണ്ടി ചാരപ്രവൃത്തി നടത്തിയിരുന്ന വ്യക്തിയാണെന്ന് അറിഞ്ഞിരുന്നില്ലെന്നും ടൂറിസം മന്ത്രി പി.എ.മുഹമ്മദ് റിയാസ്. ടൂറിസം വകുപ്പിന്റെ പ്രചാരണാർത്ഥമാണ് ജ്യോതി കേരളത്തിലെത്തിയതെന്ന് വ്യക്തമാക്കുന്ന വിവരാവകാശ രേഖ പുറത്തുവന്നതോടെ മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.
ചാരവൃത്തിയിൽ ഏർപ്പെട്ട ഒരാളെ വിളിച്ചുവരുത്തി അവർക്കുവേണ്ട സൗകര്യങ്ങൾ ചെയ്തുകൊടുക്കുന്ന സർക്കാരോ മന്ത്രിമാരോ അല്ല കേരളത്തിലുള്ളത്. അത്തരം പശ്ചാത്തലമുള്ള ഒരാളെ സർക്കാർ മന:പൂർവം ഇങ്ങോട്ട് കൊണ്ടുവരും എന്ന് തോന്നുന്നുണ്ടോ. ജ്യോതി നടത്തിയ ചാരപ്രവൃത്തിയിൽ ടൂറിസം വകുപ്പിന് പങ്കുണ്ടെന്നാണോ വരുത്തിത്തീർക്കാൻ ശ്രമിക്കുന്നത്.
ടൂറിസം വകുപ്പിന്റെ പ്രൊമോഷൻ പരിപാടികൾക്കും മറ്റുമായി കാലാകാലങ്ങളായി തുടർന്നുവരുന്ന രീതിയിൽ തന്നെയാണ് ജ്യോതി ഉൾപ്പെടെയുള്ള ഇൻഫ്ളുവൻസർമാരെയും വിളിച്ചിട്ടുള്ളത്. അതിൽ സർക്കാരിനോ വകുപ്പ് മന്ത്രിക്കോ പ്രത്യേകിച്ച് പങ്കില്ലെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.
2025 ജനുവരി 15 മുതൽ 21വരെ ജ്യോതി കേരളത്തിലുണ്ടായിരുന്നു. സംസ്ഥാനത്തെ ടൂറിസം കേന്ദ്രങ്ങളെ സംബന്ധിച്ച വിശദാംശങ്ങൾ അവർ സോഷ്യൽ മീഡിയ പേജുകളിൽ പങ്കുവച്ചിരുന്നു. ജ്യോതി ചാരവൃത്തി നടത്തിയതായി അന്നു തെളിഞ്ഞിരുന്നില്ല. കേരളത്തിൽ വന്ന് 4 മാസം കഴിഞ്ഞ് മേയ് 17നാണ് അവർ അറസ്റ്റിലായത്.
40 പേരിൽ ഒരാൾ
15 വർഷത്തിനുള്ളിൽ 500ലധികം സോഷ്യൽ മീഡിയ ഇൻഫ്ളുവൻസർമാർ കേരളത്തിൽ എത്തിയിട്ടുണ്ട്. ടൂറിസം പ്രോത്സാഹനത്തിനായി കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ 40ലേറെ വ്ലോഗർമാരെത്തിയിരുന്നു. ജ്യോതി മൽഹോത്ര അതിലൊരാൾ മാത്രമായിരുന്നു. ബ്ലോഗ് എക്സ്‌പ്രസ്, കേരളം കാണാം, മൈ ഫസ്റ്റ് ട്രിപ്പ്, ഹ്യൂമൺ ബൈ നേച്ചർ, ലാന്റ് ഒഫ് ഹാർമണി തുടങ്ങിയ വ്യത്യസ്ത പ്രോഗ്രാമുകളിലൂടെയാണ് ഇൻഫ്ളുവൻസർമാരെ എത്തിക്കുന്നത്.
ടൂറിസം പ്രചാരണത്തിന് നേരത്തെതന്നെ എംപാനൽ ചെയ്ത മാർക്കറ്റിംഗ് ഏജൻസികൾ പ്രവർത്തിക്കുന്നുണ്ട്. സോഷ്യൽ മീഡിയയിൽ സ്വീകാര്യതയുള്ള വ്ലോഗർമാരെ അവർ തിരഞ്ഞെടുക്കുകയും കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ എത്തിക്കുകയുമാണ് ചെയ്യുക. സോഷ്യൽ മീഡിയയിലുള്ള സ്വീകാര്യതയും അവർ ടൂറിസം മേഖലയിൽ സമാനമായിചെയ്ത വ്ലോഗുകളും പരിശോധിച്ചാണ് തിരഞ്ഞെടുക്കുന്നത്. യൂട്യൂബിൽ മൂന്നുലക്ഷത്തിലധികം സബ്സ്ക്രൈബേഴ്സുള്ള ജ്യോതിയെ തിരഞ്ഞെടുത്തതും ഈ മാനദണ്ഡപ്രകാരമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |