കൊച്ചി: പാർശ്വവത്കരിക്കപ്പെട്ട ജനങ്ങളുടെ അവകാശം സംരക്ഷിക്കാൻ ഇന്ത്യൻ നീതിന്യായ സംവിധാനത്തെ നവീകരിച്ച ന്യായാധിപനായിരുന്നു ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യരെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ് പറഞ്ഞു. പൗരന് ഭരണഘടന ഉറപ്പു നൽകുന്ന അവകാശങ്ങൾ സംരക്ഷിക്കാനുള്ള പൊതുതാത്പര്യ ഹർജികകളിൽ ജസ്റ്റിസ് കൃഷ്ണയ്യർ നടത്തിയ ഇടപെടലുകൾ നീതിന്യായ സംവിധാനത്തിന് മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു.
പതിനൊന്നാമത് ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ സ്‌മാരക നിയമ പ്രഭാഷണം ഹൈക്കോടതിയിൽ നിർവഹിക്കുകയായിരുന്നു ജസ്റ്റിസ് ഗവായ്.
മനുഷ്യാവകാശ സംരക്ഷണത്തിന്റെ ചാമ്പ്യനായിരുന്നു ജസ്റ്റിസ് കൃഷ്ണയ്യർ..പരിസ്ഥിതി, സാമൂഹിക വിഷയങ്ങളിൽ സുപ്രധാനമായ വിധിന്യായങ്ങൾ അദ്ദേഹം പുറപ്പെടുവിച്ചു. സമൂഹത്തിന്റെ ഏറ്റവും അടിത്തട്ടിലുള്ള മനുഷ്യരോട് അനുകമ്പയോടെയാണ് എക്കാലത്തും ഇടപെട്ടത്. സാമൂഹിക നീതി ഉറപ്പാക്കാൻ നിർണായകമായ ഇടപെടലുകൾ നടത്തിയ അദ്ദേഹത്തിന്റെ ഉത്തരവുകൾ തന്നെ വലിയ രീതിയിൽ സ്വാധീനിച്ചുണ്ടെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
അഭിഭാഷകൻ, ന്യായാധിപൻ, നിയമസഭാംഗം, മന്ത്രി തുടങ്ങി വഹിച്ച ഓരോ പദവിയിലും സമൂഹത്തോടുള്ള പ്രതിബദ്ധതയും പുരോഗമനപരമായ പരിഷ്‌കരണങ്ങളും നടപ്പാക്കാൻ ജസ്റ്റിസ് കൃഷ്ണയ്യർക്ക് കഴിഞ്ഞെന്ന് കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ പറഞ്ഞു.മുഴുവൻ പ്രതീക്ഷകളും നഷ്ടപ്പെട്ട മനുഷ്യരുടെ ആശ്രയകേന്ദ്രമായിരുന്നു ജസ്റ്റിസ് കൃഷ്ണയ്യരെന്ന് അനുസ്മരണ പ്രഭാഷണം നടത്തിയ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. സമൂഹത്തിലെ തിന്മകൾക്കുള്ള പരിഹാരമായിരുന്നു അദ്ദേഹം.ഓരോ വിഷയത്തിലും അനുകമ്പയോടെ ഇടപെട്ട അദ്ദേഹം തന്നെ തേടിയെത്തിയവരുടെ ഹൃദയത്തിലാണ് ഇടം നേടിയതെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു.
ശാരദ കൃഷ്ണ സദ്ഗമയ ഫൗണ്ടേഷൻ ഫോർ ലാ ആൻഡ് ജസ്റ്റിസാണ് പരിപാടി സംഘടിപ്പിച്ചത്. ഫൗണ്ടേഷൻ പ്രസിഡന്റ് ജസ്റ്റിസ് കെ. ബാലകൃഷ്ണൻ നായർ, സെക്രട്ടറി അഡ്വ. സനന്ദ് രാമകൃഷ്ണൻ എന്നിവരും സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |