ലക്‌നൗ: വിതരണം ചെയ്യാനുള്ള പാലിൽ തുപ്പിയതിന് പാൽ വിതരണക്കാരൻ അറസ്റ്റിൽ. സംഭവം വീട്ടിലെ സിസിടിവി ക്യാമറയിലൂടെ കണ്ട ഉപഭോക്താവ് പരാതി നൽകിയതിന് പിന്നാലെയാണ് അറസ്റ്റ്. ലക്‌നൗവിൽ ഇന്നലെയാണ് സംഭവം നടന്നത്. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.
ഗോമതി നഗർ നിവാസിയായ ലവ് ശുക്ള എന്ന യുവാവാണ് പൊലീസിൽ പരാതി നൽകിയത്. തന്റെ വീട്ടിൽ പാൽ തരുന്നതിന് മുൻപ് പാൽവിതരണക്കാരനായ പപ്പു എന്ന് വിളിക്കുന്ന മുഹമ്മദ് ഷരീഫ് അതിൽ തുപ്പുന്നത് സിസിടിവിയിലൂടെ കണ്ടുവെന്നാണ് യുവാവ് പരാതിയിൽ പറയുന്നത്. ഷരീഫിനെ അറസ്റ്റ് ചെയ്തുവെന്നും വിശദമായി ചോദ്യം ചെയ്തുവരികയാണെന്നും ഗോമതി നഗർ പൊലീസ് അറിയിച്ചു.
ഭക്ഷ്യവസ്തുക്കളിൽ തുപ്പുന്നതിന്റെയും മൂത്രമൊഴിക്കുന്നതിന്റെയും പരാതികൾ വ്യാപകമായതോടെ യുപി സർക്കാർ ഇതുസംബന്ധിച്ച് മുന്നറിയിപ്പുകൾ പുറപ്പെടുവിച്ചിരുന്നു. സഹരാൺപൂരിലെ ഒരു ഭക്ഷ്യശാലയിൽ റൊട്ടി തയ്യാറാക്കുന്നതിനിടെ ഒരു യുവാവ് അതിൽ തുപ്പുന്നതിന്റെ വീഡിയോ പ്രചരിച്ചതിന് പിന്നാലെ ഭക്ഷ്യശാലയുടെ ഉടമ അറസ്റ്റിലായിയിരുന്നു. ഗസിയാബാദിൽ ജ്യൂസിൽ മൂത്രമൊഴിച്ച് വിതരണം ചെയ്തതിന് ഒരു യുവാവ് അറസ്റ്റിലായി. ജ്യൂസിൽ തുപ്പിയതിനുശേഷം വിൽപന നടത്തിയ രണ്ട് യുവാക്കൾ നോയിഡയിൽ പിടിയിലായി. തുടർന്ന് ഇത്തരത്തിൽ പ്രവർത്തിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മുന്നറിയിപ്പ് നൽകി. എല്ലാ ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും സിസിടിവി ക്യാമറകൾ നിർബന്ധമാക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |