കുട്ടികളടക്കം മിക്കവരും നോ പറയുന്ന പച്ചക്കറിയാണ് വെണ്ടയ്ക്ക. വെണ്ടയ്ക്കയിലെ വഴുവഴുപ്പാണ് മിക്കവാറും പേർക്കും ഇതിനോടുള്ള ഇഷ്ടമില്ലായ്മയ്ക്ക് കാരണം. വെണ്ടയ്ക്ക കൊണ്ട് തോരൻ, മെഴുക്ക് പുരട്ടി എന്നിവ തയ്യാറാക്കാറുണ്ട്. സാമ്പാറിലും വെണ്ടയ്ക്ക ഒഴിവാക്കാനാവാത്ത ചേരുവയാണ്. എന്നാൽ എങ്ങനെ തയ്യാറാക്കിയാലും വെണ്ടയ്ക്കയിലെ വഴുവഴുപ്പ് മിക്കപ്പോഴും അതുപോലെ തന്നെ കാണാറുണ്ട്. എന്നാൽ വെണ്ടയ്ക്കയുടെ വഴുവഴുപ്പ് മാറ്റാൻ വഴിയുണ്ടെങ്കിലോ?
ഒരിക്കലും പാചകം ചെയ്യുന്നതിന് തൊട്ടുമുൻപായി വെണ്ടയ്ക്ക കഴുകരുത്. കുറച്ച് സമയം മുൻപുതന്നെ വെണ്ടയ്ക്ക കഴുകി വയ്ക്കണം. വെണ്ടയ്ക്ക പാകം ചെയ്യുമ്പോൾ അൽപം തൈരോ നാരങ്ങാനീരോ ചേർത്താൽ വഴുവഴുപ്പ് മാറികിട്ടും.
ധാരാളം പോഷകങ്ങളുടെ കലവറയാണ് വെണ്ടയ്ക്ക. നിരവധി രോഗങ്ങളെ അകറ്റാനും സഹായിക്കുന്നു. ഫൈബർ അടങ്ങിയിരിക്കുന്നതിനാൽ ദഹനപ്രക്രിയ സുഖമമാക്കി മലബന്ധത്തെ അകറ്റുന്നു. ആന്റി ഓക്സിഡന്റ് ഗുണങ്ങൾ ഉള്ളതിനാൽ കരളിനെ സംരക്ഷിക്കുന്നു. വെണ്ടയ്ക്ക ശീലമാക്കിയാൽ കൊളസ്‌ട്രോളിന്റെ അളവ് നിയന്ത്രിക്കാനും ഹൃദയത്തിന്റെ ആരോഗ്യം നിലനിറുത്താനും സഹായിക്കും. വെണ്ടക്കയിൽ വിറ്റാമിൻ എ, സി, ഇ, സിങ്ക് എന്നിവ ഉൾപ്പെട്ടിട്ടുണ്ട്.
വിറ്റാമിൻ സി ധാരാളമായി അടങ്ങിയിട്ടുള്ളതിനാൽ മികച്ച പ്രതിരോധശേഷി കൈവരിക്കാനും വെണ്ടയ്ക ഉത്തമമാണ്. രാത്രി ചെറു ചൂടുവെള്ളത്തിൽ വെണ്ടയ്ക്ക ഇട്ടുവച്ചശേഷം രാവിലെ ഈ വെള്ളം കുടിക്കുന്നത് പ്രമേഹം തടയുന്നതിന് നല്ലതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതിലെ ഓക്സലേറ്റുകളുടെ സാന്നിദ്ധ്യം വൃക്കയിലും പിത്താശയത്തിലും കല്ല് രൂപപ്പെടാൽ കാരണമാകുന്നതിനാൽ വൃക്ക സംബന്ധമായ അസുഖമുള്ളവർ വെണ്ടയ്ക്ക അധികം കഴിക്കാതിരിക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |