SignIn
Kerala Kaumudi Online
Wednesday, 09 July 2025 1.54 AM IST

പാരിസ്ഥിതിക ഭരണം വഴി ഹരിത പരിവർത്തനം

Increase Font Size Decrease Font Size Print Page
as

സാമ്പത്തിക വളർച്ചയും പരിസ്ഥിതി ഗുണനിലവാരവും തമ്മിലുള്ള ബന്ധം സൂചിപ്പിക്കുന്നതാണ് 'എൻവയൺമെന്റൽ കുസ്നെറ്റ്സ് കർവ്." പ്രാരംഭ ഘട്ടത്തിൽ സാമ്പത്തിക വികസനത്തിനൊപ്പം മലിനീകരണവും വർദ്ധിക്കുമെന്നും,​ വരുമാനം കൂടുന്തോറും മലിനീകരണം വിപരീത ദിശയിലാകുമെന്നുമാണ് വികസിത രാജ്യങ്ങളുടെ ഈ കാഴ്ചപ്പാട്. എന്നാൽ,​ ഇന്ത്യ പോലുള്ള രാജ്യങ്ങൾക്ക് അത്തരം 'ആഡംബര"ത്തിന് ഒരുവിധ സാദ്ധ്യതയുമില്ല. കാരണം,​ഒരു വലിയ ജനസംഖ്യയുടെ വികസന അഭിലാഷങ്ങൾ നിറവേറ്റുന്നതിനായി നമുക്ക് വേഗത്തിലുള്ള വളർച്ച സദാ ഉറപ്പാക്കേണ്ടതുണ്ട്.

2014-ൽ പ്രധാനമന്ത്രിയായി ആദ്യം അധികാരമേറ്റപ്പോൾ നരേന്ദ്ര മോദി മുന്നോട്ടു വച്ച 'പരിഷ്കരണം, പ്രകടനം, പരിവർത്തനം" എന്നീ തത്വങ്ങളെ അടിസ്ഥാനമാക്കി വളർച്ചയും വികസനവും ത്വരിതപ്പെടുത്തുക എന്നതായിരുന്നു നാം നേരിട്ട വെല്ലുവിളി. പരിസ്ഥിതി സംരക്ഷണ നടപടികളിൽ വെള്ളം ചേർക്കാതെ ബിസിനസ് സുഗമമാക്കുക എന്നതിനായിരുന്നു ഊന്നൽ. ഇന്നാകട്ടെ,​ ഈ വെല്ലുവിളിയെ ഫലപ്രദമായി നേരിടാൻ മാത്രമല്ല, ലോകം അംഗീകരിക്കുന്ന ഒരു ഭരണമാതൃക സൃഷ്ടിക്കാനും നമുക്ക് കഴിഞ്ഞിരിക്കുന്നു. പരിസ്ഥിതിക്കും സമ്പദ്‌വ്യവസ്ഥയ്ക്കും ഒരു പോലെ സേവനം നൽകും വിധം സംവിധാനത്തെ പരിവർത്തനം ചെയ്യുക എന്നതായിരുന്നു മോദിയുടെ ദർശനം.

2014-ൽ ആരംഭിച്ച 'സ്വച്ഛ് ഭാരത്" ദൗത്യമായിരുന്നു ഈ ദിശയിലുള്ള ആദ്യത്തെ പ്രധാന സംരംഭം. ശുചിത്വത്തിനപ്പുറം മാലിന്യ സംസ്ക്കരണത്തിനും പരിസ്ഥിതി സംരക്ഷണത്തിനുമുള്ള ഒരു സമഗ്ര ചട്ടക്കൂട് സ്ഥാപിക്കലായിരുന്നു ലക്ഷ്യം. കൂടുതൽ ശുചിത്വപൂർണവും വിഭവക്ഷമതയാർന്നതുമായ ഇന്ത്യ എന്ന ആവശ്യം ഉയർത്തിക്കൊണ്ടും, എല്ലാ പൗരന്മാരെയും ഉൾപ്പെടുത്തിക്കൊണ്ടുമുള്ള ബഹുജന പ്രസ്ഥാനമായാണ് ഇത് ആരംഭിച്ചത്. നഗരങ്ങളിലുടനീളം സുതാര്യമായ രീതിയിൽ പൗരന്മാർക്ക് തത്സമയ വായു ഗുണനിലവാര നിരീക്ഷണം സാദ്ധ്യമാക്കിയതിന് തൊട്ടുപിന്നാലെയാണ് ദേശീയ വായു ഗുണനിലവാര സൂചിക ആരംഭിച്ചത്.

2014-ൽ ആരംഭിച്ച 'മേക്ക് ഇൻ ഇന്ത്യ" സംരംഭത്തിൽ കർശനമായ പാരിസ്ഥിതിക അനുവർത്തന മാനദണ്ഡങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട്, പരിസ്ഥിതി സംരക്ഷണത്തിൽ വിട്ടുവീഴ്ച കൂടാതെ തന്നെ അതിവേഗവും വൻതോതിലുമുള്ള ഉത്പാദനം പ്രോത്സാഹിപ്പിക്കാൻ കഴിയുമെന്ന് തെളിയിച്ചു. ഊർജ്ജ കാര്യക്ഷമത പ്രോത്സാഹിപ്പിക്കുന്നതിനും ഊർജ്ജ-തീവ്ര വ്യവസായങ്ങളെ ഉൾപ്പെടുത്തുന്നതിനുമായി 2015-ൽ പെർഫോം, അച്ചീവ് ആൻഡ് ട്രേഡ് (PAT) പദ്ധതി വിപുലീകരിച്ച്,​ ഊർജ്ജ കാര്യക്ഷമതയ്ക്കായി വിപണി അധിഷ്ഠിത സംവിധാനങ്ങൾ സൃഷ്ടിച്ചു.

2016-നു ശേഷം മാലിന്യ സംസ്കരണ നിയമങ്ങൾ പുതുക്കി. മലിനീകരണത്തിന് ഉത്തരവാദികളായവർ അതിന്റെ ആഘാതം ലഘൂകരിക്കുന്നതിനും പാരിസ്ഥിതിക പുനഃസ്ഥാപനത്തിനുമുള്ള ചെലവുകൾക്ക് ഉത്തരവാദികളാണെന്ന തത്വം അടിസ്ഥാനമാക്കി,​ ഉത്തരവാദിത്വ ചട്ടക്കൂട് സൃഷ്ടിക്കുക എന്നതാതായിരുന്നു ഇതിന്റെ അടിസ്ഥാന തത്വം. ഇത് സമഗ്രമായ ഒരു ആവാസവ്യവസ്ഥ സൃഷ്ടിക്കുന്നതിലേക്ക് നയിച്ചു. അതിലൂടെ വിവിധ വസ്തുക്കളുടെ പുനരുപയോഗ മേഖലയിൽ പ്രവർത്തിക്കുന്ന ഏകദേശം 4,000 സംരംഭകരെ അനൗപചാരിക മേഖലയിൽ നിന്ന് ഔപചാരിക മേഖലയിലെത്തിച്ച് രജിസ്റ്റർ ചെയ്യിക്കാനായി.

ഹൈഡ്രോഫ്ലൂറോകാർബണുകളുടെ ഉത്പാദനം ഘട്ടംഘട്ടമായി കുറയ്ക്കുന്നതിനുള്ള മോൺട്രിയൽ പ്രോട്ടോക്കോളിലെ കിഗാലി ഭേദഗതി 2021 സെപ്റ്റംബറിൽ ഇന്ത്യ അംഗീകരിച്ചു. 2032 മുതൽ നാലു ഘട്ടങ്ങളിലായി (2032, 2037, 2042, 2047)​ യഥാക്രമം 10, 20, 30, 85 ശതമാനം വീതം ഹൈഡ്രോഫ്ലൂറോകാർബണുകളുടെ ഉത്പാദനം കുറയ്ക്കാനുള്ള പ്രതിജ്ഞാബദ്ധത രാജ്യം വ്യക്തമാക്കിയിട്ടുണ്ട്. 2022-ൽ പാസാക്കിയ ഊർജ്ജ സംരക്ഷണ (ഭേദഗതി) നിയമം ഇന്ത്യയുടെ തനത് കാർബൺ ക്രെഡിറ്റ് ട്രേഡിംഗ് സ്കീം ആവിഷ്കരിച്ചു. ഇത് ബഹിർഗമനം കുറയ്ക്കുന്നതിനുള്ള വിപണി അധിഷ്ഠിത സംവിധാനങ്ങൾ സൃഷ്ടിച്ചു. ബ്യൂറോ ഒഫ് എനർജി എഫിഷ്യൻസിക്കു കീഴിൽ 2023-ൽ നമ്മുടെ കാർബൺ ക്രെഡിറ്റ് ട്രേഡിംഗ് സ്കീം പ്രവർത്തനക്ഷമമായത് ഇന്ത്യയിലെ ആദ്യത്തെ സമഗ്ര കാർബൺ വിപണി സൃഷ്ടിക്കുന്നതിലെ സുപ്രധാന നാഴികക്കല്ലായി മാറി.

2021 നവംബർ 1-ന് COP 26-ൽ ഗ്ലാസ്‌ഗോയിൽ പ്രധാനമന്ത്രി മോദി പ്രഖ്യാപിച്ച മിഷൻ ലൈഫ് (പരിസ്ഥിതി സൗഹൃദ ജീവിതശൈലി) മനുഷ്യന്റെ ജീവിതശൈലീ പരിവർത്തനത്തിലൂടെ സുസ്ഥിര ഉപഭോഗ രീതികൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള മാതൃകാപരമായ ഇടപെടലാണ്. കാർബൺ ക്രെഡിറ്റിനു പുറമേ, 2023-ൽ, യു.എ.ഇയിൽ സംഘടിപ്പിച്ച COP 28-ൽ ഗ്രീൻ ക്രെഡിറ്റ് പ്രോഗ്രാമിന്റെ രൂപത്തിലും ഒരു ഭാവാത്മക ഇടപെടൽ ആരംഭിച്ചു. അതുവഴി ഭാവാത്മക പാരിസ്ഥിതിക പ്രവർത്തനങ്ങൾക്ക് പ്രതിഫലം നൽകുകയും സ്വമേധയാ ഉള്ള പരിസ്ഥിതി സംരക്ഷണത്തിന് പ്രോത്സാഹനമേകുകയും ചെയ്യുന്നു. 2024-ൽ രാജ്യവ്യാപകമായി ഭാരത് സ്റ്റേജ് VI (BS-VI) മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങൾ പൂർണമായി നടപ്പിലാക്കിയതും സുസ്ഥിര ധനസഹായത്തിനായുള്ള ഗ്രീൻ ടാക്സോണമി ചട്ടക്കൂടിന്റെ വികസനവും,​ ശുദ്ധവും ഹരിതവുമായ പരിസ്ഥിതിയോടുള്ള ഇന്ത്യയുടെ ഉറച്ച പ്രതിബദ്ധതയും വ്യക്തമാക്കുന്ന സംരംഭങ്ങളാണ്.

ചുവപ്പുനാടയിൽ നിന്ന് ഹരിത നവീകരണത്തിലേക്കുള്ള ഒരു ദശാബ്ദക്കാലത്തെ യാത്ര, ദീർഘവീക്ഷണമുള്ള നേതൃത്വത്തിന് എന്തൊക്കെ സുസാദ്ധ്യമാണെന്ന് തെളിയിക്കുന്നു. പരിസ്ഥിതി സംരക്ഷണവും സാമ്പത്തിക വികസനവും സന്തുലിതമാക്കുക എന്ന പ്രധാനമന്ത്രി മോദിയുടെ സമീപനം ഒരേസമയം ഒന്നിലധികം ലക്ഷ്യങ്ങൾ നിറവേറ്റുന്ന ബഹുമുഖ ഭരണമാതൃക സൃഷ്ടിച്ചു. 2047-ൽ വികസിത ഭാരതം സാക്ഷാത്കരിക്കുന്നതിനുള്ള പ്രവർത്തനങ്ങളുമായി നാം മുന്നോട്ടു പോകുമ്പോൾ, ഒരു ദശാബ്ദത്തിലേറെയായി നടപ്പിലാക്കിവരുന്ന പരിസ്ഥിതി ഭരണ ചട്ടക്കൂട് സുസ്ഥിര വികസനത്തിന് ശക്തമായ അടിത്തറ പാകുന്നു.

TAGS: NATURE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.