SignIn
Kerala Kaumudi Online
Saturday, 13 September 2025 5.35 AM IST

സേനയ്ക്ക് നാണക്കേടാകുന്ന പൊലീസ് ക്രിമിനലുകൾ

Increase Font Size Decrease Font Size Print Page

police

എട്ടു വർഷങ്ങൾക്കിടെ പതിനാറ് കസ്റ്റഡി മരണങ്ങൾ! ഏതെങ്കിലും ഉത്തരേന്ത്യൻ സംസ്ഥാനത്തു നിന്നല്ല; നമ്മുടെ കേരളത്തിൽ നിന്നാണ് ഈ കണക്ക്! സംസ്ഥാനത്ത് നടമാടുന്ന പൊലീസ് ഭീകരതയുടെ ഒരു വശം മാത്രമാണിത്. 2016 മുതൽ 2024 വരെയുള്ള കാലത്താണ് ഇത്രയേറെ കസ്റ്റഡി മരണങ്ങൾ കേരളത്തിലുണ്ടായത്. നാഷണൽ ക്രൈം റെക്കാഡ്സ് ബ്യൂറോ കഴിഞ്ഞ വർഷം ലോക്‌സഭയിൽ വച്ച കണക്കാണിത് (2024-25 ലെ ഔദ്യോഗിക കണക്കുകൾ നിലവിൽ ലഭ്യമല്ല. അതുകൂടി ചേർത്താൽ കസ്റ്റഡി മരണക്കണക്ക് ചിലപ്പോൾ ഇരുപത് കടന്നേക്കും)​.

ഇത് കസ്റ്റഡിമരണങ്ങളുടെ കണക്കു മാത്രമാണ്. അതിക്രൂരമായ പൊലീസ് മർദ്ദനത്തെ തുടർന്ന് ആത്മാഭിമാനം നഷ്ടപ്പെട്ട് ആത്മഹത്യ ചെയ്ത എത്രയോ പേരുടെ എണ്ണം ഇതിൽ ചേർക്കപ്പെട്ടിട്ടില്ല. അതൊക്കെയും പൊലീസ് നടത്തിയ കൊലപാതകങ്ങൾ തന്നെയാണ്. നിസാര വിഷയങ്ങളിൽ പൊലീസ് സ്‌റ്റേഷനുകളിൽ മൂന്നാംമുറയ്ക്ക് വിധേയരായ,​ ചൊവ്വല്ലൂർ യൂത്ത് കോൺഗ്രസ് പ്രസിഡന്റ് സുജിത്തിനെപ്പോലുള്ള നൂറുകണക്കിന് ചെറുപ്പക്കാർ കേരളത്തിലുണ്ട്.

രക്ഷയുടെ

പഴുതുകൾ

എന്തുകൊണ്ടാണ് ഇത്രയേറെ കസ്റ്റഡി മരണങ്ങൾ?​ ഉത്തരവാദികളായ ഉദ്യോഗസ്ഥന്മാർ മിക്കവരും ശിക്ഷ കിട്ടാതെ ഊരിപ്പോകുന്നതാണ് പ്രധാന കാരണം. ദുർബലമായ വകുപ്പുകൾ ചാർത്തി കുറ്റക്കാർക്ക് രക്ഷപ്പെടാൻ പഴുതൊരുക്കുകയാണ് സർക്കാരും സംവിധാനങ്ങളും. ഈ കസ്റ്റഡി മരണത്തിൽ പ്രതിചേർക്കപ്പെട്ട പൊലീസുകാർ മിക്കവരും സർവീസിൽ തിരിച്ചു കയറിയിട്ടുണ്ട്. മുഖ്യമന്ത്രി തന്നെ ആഭ്യന്തര വകുപ്പിന്റെ ചുമതല വഹിച്ച,​ കഴിഞ്ഞ ഒമ്പതു വർഷങ്ങൾ പോലീസ് സേന ക്രിമിനൽവൽക്കരിക്കപ്പെട്ട ഒമ്പതു വർഷങ്ങൾ കൂടിയായിരുന്നു.

സേനയിൽ നല്ലവരായ നിരവധി പോലീസ് ഉദ്യോഗസ്ഥരുണ്ടെന്നത് വിസ്മരിക്കുന്നില്ല. അവരെ മൂലയ്ക്കിരുത്തി, ക്രിമിനലുകളായ പോലീസുദ്യോഗസ്ഥർക്ക് സകല സംരക്ഷണവും നൽകി അവരെക്കൊണ്ട് രാഷ്ട്രീയ എതിരാളികളെ വേട്ടയാടിക്കുകയും അഴിഞ്ഞാടാൻ അവസരമുണ്ടാക്കുകയും ചെയ്തതിനു പിന്നിൽ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപകസംഘത്തിന്റെ അധികാര ദുർവിനിയോഗവും ദു‌ർഭരണവുമാണ്. ​ എതിരാളികളെ മർദ്ദിച്ചൊതുക്കുവാനുമുള്ള 'ഫ്രീ ലൈസൻസ്" ആയി മാറിയിരിക്കുകയാണ് കാക്കി.

വെറുതെ,​ ഈ

അതോറിറ്റി

പൊലീസ് ആക്ട് അനുസരിച്ച് സർക്കാരിന് കൃത്യമായ നിയന്ത്രണം ഉണ്ടാകുന്നതിനു വേണ്ടി നിർദേശിക്കപ്പെട്ട സ്റ്റാറ്റ്യൂട്ടറി മാനദണ്ഡങ്ങൾ കഴിഞ്ഞ ഒമ്പതു വർഷങ്ങളിലും സർക്കാർ ലംഘിച്ചു. ഇതുമൂലം സംഭവിച്ച ഏറ്റവും വലിയ പ്രത്യാഘാതം പോലീസിന്റെ നിയന്ത്രണം കാക്കിയിട്ട ഒരു സംഘം ക്രിമിനലുകൾ ഏറ്റെടുത്തു എന്നതാണ്.

കേരളാ പൊലീസ് ആക്ട് 2011-ലെ സെക്ഷൻ 24 പ്രകാരമുള്ളതാണ് ആഭ്യന്തര മന്ത്രി ചെയർമാനായുള്ള സംസ്ഥാന സെക്യൂരിറ്റി കമ്മിഷൻ. ഇതിൽ നിയമമന്ത്രി, പ്രതിപക്ഷ നേതാവ്, ചീഫ് സെക്രട്ടറി, സംസ്ഥാന പോലീസ് മേധാവി എന്നിവരെ കൂടാതെ,​ അനൗദ്യോഗിക അംഗങ്ങളായി പൗരപ്രമുഖരും ഉണ്ടാകണം.

ഈ കമ്മിറ്റി പതിവായി യോഗം ചേരുകയും നയരൂപീകരണം നടത്തുകയും അതിന്റെ അടിസ്ഥാനത്തിൽ പോലീസിന്റെ നിലവാരവും പ്രകടനവും വിലയിരുത്തുകയും വേണം. എന്നാൽ കഴിഞ്ഞ ഒമ്പതു വർഷമായി ഈ സെക്യൂരിറ്റി കമ്മിഷൻ ഒരിക്കൽപ്പോലും യോഗം ചേർന്നിട്ടില്ല! ജോലിയിലുള്ള ആഭ്യന്തര മന്ത്രിയുടെ പിടിപ്പുകേടും താത്പര്യമില്ലായ്മയുമാണ് ഇതു കാണിക്കുന്നത്. മാത്രമല്ല, വ്യക്തമായൊരു പോലീസ് നയത്തിന് രൂപം നല്കുകയോ,അതിന്റെ അടിസ്ഥാനത്തിൽ വകുപ്പിന്റെ പെർഫോമൻസ് വിലയിരുത്തുകയോ ചെയ്തിട്ടില്ലെന്നു കൂടി ഇത് അർത്ഥമാക്കുന്നു.

പോലീസ് ആക്ടിലെ സെക്ഷൻ 110- 112 പ്രകാരമാണ് പൊലീസിനെതിരെ പൊതുജനങ്ങൾക്കുള്ള പരാതികൾ അന്വേഷിക്കാൻ പൊലീസ് കംപ്‌ളെയിന്റ് അതോറിറ്റി രൂപീകരിക്കേണ്ടത്. റിട്ടയേർഡ് ഹൈക്കോടതി ജഡ്ജി ചെയർമാനായ സംസ്ഥാന അതോറിറ്റി,​ എസ്.പി റാങ്കിനു മുകളിലുള്ള ഉദ്യോഗസ്ഥർക്കെതിരെയുള്ള ഗുരുതര സ്വഭാവമുള്ള പരാതികൾ അന്വേഷിക്കേണ്ടതുണ്ട്. ജില്ലാതല പൊലീസ് കംപ്‌ളെയിന്റ് അതോറിറ്റിയുടെ ചെയർമാൻ വിരമിച്ച ജില്ലാ ജഡ്ജിയായിരിക്കും. ഡിവൈ.എസ്.പി റാങ്ക് വരെയുള്ളവർക്കെതിരെയുള്ള പരാതികൾ അന്വേഷിക്കുന്നത് ഈ കമ്മിറ്റിയാണ്. സിവിൽ കോടതിക്കു തുല്യമായ അധികാരമുള്ള ഈ സമിതിയുടെ ശുപാർശകൾക്കു മേൽ വകുപ്പ് നടപടിയെടുക്കേണ്ടതാണെന്നാണ് വയ്പ്. ഇതിൽ സംസ്ഥാന സമിതി രൂപീകരിക്കപ്പെട്ടിട്ടുണ്ടെങ്കിലും പ്രവർത്തനം കാര്യക്ഷമമല്ല. മിക്ക ജില്ലകളിലും ജില്ലാ കംപ്‌ളെയ്ന്റ് അതോറിറ്റികളില്ല.

ഉദ്യോഗസ്ഥ

അഴിഞ്ഞാട്ടം

മേൽനോട്ടത്തിനായി യാതൊരു സ്വതന്ത്രാധികാര സമിതികളും ഇല്ലാത്തതിനാൽ തോന്നിയതു പോലെയാണ് ക്രിമിനലുകളായ ചില പൊലീസ് ഉദ്യോഗസ്ഥർ അഴിഞ്ഞാടുന്നത്. പാവപ്പെട്ടവരെ ചൂഷണം ചെയ്യുന്ന ബ്ലേഡ് മാഫിയയെ സഹായിക്കാൻ 'ഓപ്പറേഷൻ കുബേര" നിറുത്തലാക്കി. ക്യാമ്പസുകളിലെ മയക്കുമരുന്നു വ്യാപനത്തിനെതിരെ തുടങ്ങിയ 'സേഫ് ക്യാമ്പസും" നിറുത്തിച്ചു. ബിസിനസുകാരുടെ തർക്കങ്ങൾ നിയമവിരുദ്ധമായി സെറ്റിലാക്കുന്ന ഗുണ്ടകളാക്കി പൊലീസ് സേനയെ നശിപ്പിച്ചു. ഫീൽഡ് പോസ്റ്റിംഗ് കൊടുക്കരുതെന്ന് കോടതി പറഞ്ഞവരെക്കൂടി പ്രധാന തസ്തികകളിൽ നിയമിച്ചു. ഒരുകാലത്ത് സ്‌കോട്ട്ലന്റ് യാർഡിനൊപ്പം നിന്ന നമ്മുടെ കേരള പോലീസിനെ റീൽസ് ഇട്ട് കളിക്കുന്ന ഗുണ്ടാസംഘമായി മാറ്റി എന്നതാണ് ഇടതു മുന്നണി സർക്കാരിന്റെ സംഭാവന.

നിയമവാഴ്ച സമ്പൂർണമായും അവസാനിച്ചു. രാഷ്ട്രീയ നേതൃത്വം പൊലീസിനെ നിയന്ത്രിക്കുന്നതിൽ പരാജയപ്പെട്ടു. നിയന്ത്രണ സംവിധാനം പാടെ ഇല്ലാതായി. കാക്കിയുടെ അധികാരം തെറ്റായ കരങ്ങളിൽ വന്നുകയറിയാൽ എന്തൊക്കെ അരാജകത്വം സംഭവിക്കുമോ,​ അതെല്ലാം നടക്കുന്നു. ഇത് അവസാനിച്ചേ മതിയാകൂ. പൊലീസ് എന്നത് മർദ്ദക സംവിധാനമല്ലെന്നും ജനസേവന സംവിധാനമാണ് എന്നതും ജനമനസുകളിലേക്കും പൊലീസ് സംവിധാനത്തിലേക്കും തിരിച്ചു കൊണ്ടുവരേണ്ടിയിരിക്കുന്നു. ശക്തമായ അച്ചടക്ക നടപടികൾ മുഖംനോക്കാതെ എടുക്കേണ്ട കാലമായിരിക്കുന്നു. ജനസേവനത്തിലൂന്നിയുള്ള ഒരു പൊലീസ് നയം രൂപീകരിക്കേണ്ടിയിരിക്കുന്നു.

((മുൻ ആഭ്യന്തര മന്ത്രിയും കോൺഗ്രസ് പ്രവർത്തക സമിതി അംഗവുമാണ് ലേഖകൻ)

TAGS: POLICE, CRIMINALS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.