കൊച്ചി: കേരള തീരത്ത് എം.എസ്.സി എൽസ 3 കപ്പലപകടത്തിൽ 9531 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചു. അഡ്മിറാലിറ്റി നിയമം അനുസരിച്ച് നടപടി ആവശ്യപ്പെട്ടാണ് ഹർജി നൽകിയത്. ഹർജി പരിഗണിച്ച കോടതി, വിഴിഞ്ഞത്ത് എത്തിയ മെഡിറ്ററേനിയൻ കമ്പനിയുടെ മറ്റൊരു കപ്പലായ അക്കിറ്റേറ്റ 2 അടിയന്തരമായി തടഞ്ഞു വയ്ക്കാൻ നിർദ്ദേശം നൽകി. നഷ്ടപരിഹാരം സംബന്ധിച്ച് തീരുമാനമായതിന് ശേഷം മാത്രം കപ്പൽ വിട്ടയച്ചാൽ മതിയെന്നും ജസ്റ്രിസ് എം.എ. അബ്ദുൾ ഹക്കീം ഉത്തരവിട്ടു.
കപ്പലപകടത്തെ തുടർന്ന് മത്സ്യജല സമ്പത്തിന് വ്യാപക നാശ നഷ്ടമുണ്ടാകുകയും ഈ സാഹചര്യത്തിൽ മത്സ്യത്തൊഴിലാളികൾക്ക് സഹായം നൽകുന്നതിനുമായി കപ്പൽ കമ്പനി 9000 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ടാണ് സർക്കാർ ഹർജി നൽകിയത്. കപ്പൽ കമ്പനിക്ക് തുക കെട്ടിവയ്ക്കാൻ 10-ാം തീയതി വരെ കോടതി സമയം അനുവദിച്ചു. കേസ് വ്യാഴാഴ്ച വീണ്ടും പരിഗണിക്കും,
വിഴിഞ്ഞം തുറമുഖത്ത് നിന്ന് പുറപ്പെട്ട എം.എസ്.സി എൽസ 3 എന്ന ചരക്കുകപ്പൽ മേയ് 25 നാണ് കൊച്ചി പുറംകടലിൽ മുങ്ങി അപകടമുണ്ടായത്. കടലിലേക്ക് വീണ കപ്പലിലെ കണ്ടെയ്നറുകൾ കൊല്ലം, ആലപ്പുഴ, തിരുവന്തപുരം ജില്ലകളിലെ തീരപ്രദേശങ്ങളിലാണ് അടിഞ്ഞത്. സംഭവത്തിൽ അപകട വസ്തുക്കളടങ്ങിയ നിരവധി കണ്ടെയ്നറുകൾ കടലിൽ ഒഴുകിപ്പോയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |