SignIn
Kerala Kaumudi Online
Wednesday, 09 July 2025 11.44 PM IST

തദ്ദേശസ്ഥാപനങ്ങളുടെ കരുത്ത് തിരിച്ചറിഞ്ഞാൽ...

Increase Font Size Decrease Font Size Print Page
asa

ആരോഗ്യവും വിദ്യാഭ്യാസവും തൊഴിലുമെല്ലാം ഉറപ്പാക്കാനുള്ള പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് മാത്രമല്ല തദ്ദേശസ്ഥാപനങ്ങൾക്കും നിർണായക പങ്കുണ്ട്. അല്ലെങ്കിൽ, തദ്ദേശസ്ഥാപനങ്ങളിലൂടെ ഈ മേഖലയിലെല്ലാം അത്ഭുതങ്ങൾ സൃഷ്ടിക്കാൻ കഴിയുമെന്നും പറയാം. പക്ഷേ, ആനയ്ക്ക് ആനയുടെ ശക്തി അറിയില്ലെന്ന് പറഞ്ഞതുപോലെ തദ്ദേശസ്ഥാപനങ്ങളുടെ കരുത്ത് തിരിച്ചറിയേണ്ടവർ തിരിച്ചറിയുന്നില്ലെന്ന് വേണം കരുതാൻ. പക്ഷേ, ചില വകുപ്പുകൾ അത് മനസിലാക്കിത്തുടങ്ങിയിട്ടുണ്ട്. പഞ്ചായത്തുകൾ ദത്തെടുത്ത്, ആയുഷ് ചികിത്സാരീതികൾ കൂടുതലായി ലഭ്യമാക്കാനുളള നീക്കം പ്രമേഹത്തിനും മറ്റു ജീവിതശെെലി രോഗങ്ങളും കുറയ്ക്കാൻ ഏറെ സഹായകമാകുമെന്നതിൽ സംശയമില്ല. പ്രമേഹം മുളയിലേ നുള്ളാനുള്ള അത്തരം പദ്ധതിയുമായി സർക്കാർ മേഖലയിലെ ഗവ. ആയുർവേദ, ഹോമിയോ കോളേജുകൾ പഞ്ചായത്തുകളോ വാർഡുകളോ ദത്തെടുക്കുകയാണ്. ഈ കോളേജുകളുടെ നേതൃത്വത്തിൽ ചികിത്സയും ബോധവത്കരണവും തദ്ദേശസ്ഥാപനങ്ങൾ വഴി നൽകും.

അലോപ്പതി ചികിത്സ തേടുന്നവരിലും ജീവിത ഗുണനിലവാരം ഉയർത്തുന്നതിന് യോഗ അടക്കമുള്ള ആയുഷ് ചികിത്സാരീതികളും ലഭ്യമാക്കുന്നുണ്ട്. പ്രാരംഭ പ്രമേഹ ലക്ഷണമുള്ളവർക്ക് ആയുർവേദം, ഹോമിയോ, യോഗ നാച്വറോപ്പതി രീതികളിലൂടെയും ജീവിതശൈലീ മാറ്റങ്ങളിലൂടെയും പ്രമേഹം തുടക്കത്തിലേ തടയാം.

സംസ്ഥാനത്തെ ആശുപത്രികളിൽ പ്രമേഹ ചികിത്സയിലുള്ള 203 പേരെ ആയുർവേദ മെഡിക്കൽ അസോസിയേഷൻ (എ.എം.എ) റിസർച്ച് ഫൗണ്ടേഷൻ പഠനവിധേയമാക്കിയപ്പോൾ പ്രധാന ആരോഗ്യപ്രശ്‌നം കാലിലെ മരവിപ്പാണെന്ന് വ്യക്തമായിരുന്നു. ലോകവ്യാപകമായുള്ള പ്രമേഹജന്യ ന്യൂറോപ്പതിയും കേരളത്തിൽ കൂടുന്നുണ്ടെന്ന് കണ്ടെത്തി. ആയുർവേദരീതികളിൽ ജീവിതശൈലി ക്രമപ്പെടുത്തിയാൽ പ്രമേഹരോഗത്തെയും അനുബന്ധമായി ഉണ്ടാവുന്ന നിരവധി സങ്കീർണ്ണതകളെയും ചെറുക്കാനാവുമെന്ന ഫൗണ്ടേഷന്റെ ശുപാർശയും ആയുഷിന്റെ പദ്ധതികളിൽ പരിഗണിക്കും.

ആധുനികചികിത്സയോടൊപ്പം

ജീവീതശൈലി രോഗങ്ങളുള്ളവർക്കും ആധുനിക ചികിത്സാരീതികൾ ഉപയോഗിക്കുന്നവർക്കും ഒരേസമയം യോഗ അടക്കം ശീലിച്ചും ആയുർവേദവും ആരോഗ്യപരമായ ആഹാരരീതികളും പിന്തുടർന്ന് ആധുനിക മരുന്നുകളുടെ ഉപയോഗം പരിമിതപ്പെടുത്താനും ആരോഗ്യനിലവാരം ഉയർത്താനുമാകും. 30 വയസ് കഴിഞ്ഞ ജീവിതശൈലീ രോഗങ്ങളുള്ളവരെ കണ്ടെത്തുന്നതിന് ആരോഗ്യവകുപ്പിന്റെ ശൈലീ ആപ്പ് വഴി സർവേ നടക്കുന്നുണ്ട്. സർവേയുടെ അടിസ്ഥാനത്തിൽ പ്രമേഹസാദ്ധ്യതയുളളവരെയും രോഗികളെയും തരം തിരിക്കും. ഒ.പി തലത്തിലൂടെ ചികിത്സ ആവശ്യമുള്ളവർക്ക് മരുന്നുകൾ നൽകുന്നതോടൊപ്പം യോഗയും ആയുഷ് ചികിത്സാരീതികളും നൽകി രോഗവ്യാപനം കുറയ്ക്കും. ജീവിതശൈലീ രോഗങ്ങളുള്ളവരെ ചികിത്സിക്കുന്നതിന് കൃത്യമായ മാർഗരേഖ സർക്കാർ പുറത്തിറക്കിയിട്ടുണ്ട്. നിയന്ത്രണ വിധേയമല്ലാത്തതും അനുബന്ധ സങ്കീർണ്ണതകൾ ഉള്ളതുമായ പ്രമേഹരോഗികളെ ആധുനിക ചികിത്സയുള്ള ആരോഗ്യവകുപ്പിന്റെ കീഴിലുള്ള ആശുപത്രികളിലേക്ക് റഫർ ചെയ്യുന്നതിന് ആയുഷ് വകുപ്പ് പുറത്തിറക്കിയ മാർഗരേഖയുണ്ട്. അതേസമയം, പ്രമേഹ സാദ്ധ്യതകളുള്ളവരിലും ബാധിതരിലും ആയുർവേദ, ഹോമിയോ മരുന്നുകളുടെ ഫലസിദ്ധി പ്രത്യേകം രേഖപ്പെടുത്തുന്നുണ്ട്.

ആയുർവേദം നിർദ്ദേശിക്കുന്ന ആഹാര രീതികൾ, വ്യായാമം, ഉറക്കം, മാനസിക പിരിമുറുക്കം ലഘൂകരിക്കൽ, രാത്രി വൈകിയുള്ള ഭക്ഷണശീലവും ശീതളമധുര പാനീയങ്ങളുടെ ഉപയോഗവും ഒഴിവാക്കൽ എന്നിവയിലൂടെ പ്രമേഹം പ്രതിരോധിക്കാനാവും. പ്രമേഹസാദ്ധ്യതയുളളവരെ കണ്ടെത്തി രോഗികളുടെ എണ്ണം കുറയ്ക്കാനുള്ള പൊതുജനാരോഗ്യ പ്രവർത്തനങ്ങൾക്കാണ് രൂപം

നൽകിയിരിക്കുന്നതെന്ന് നാഷണൽ ആയുഷ് മിഷൻ

സ്റ്റേറ്റ് പ്രോഗ്രാം മാനേജർ ഡോ.പി.ആർ.സജി പറയുന്നു. പൊതുജനാരോഗ്യ രംഗത്ത് ഇത്തരം പഠനങ്ങൾ ഇനിയുമുണ്ടാകണമെന്നാണ് സർവേ ഫലം വിരൽചൂണ്ടുന്നതെന്നും ആയുർവേദത്തിന്റെ സാദ്ധ്യതകൾ ശാസ്ത്രീയ പഠനങ്ങളിലൂടെ പ്രയോജനപ്പെടുത്തണമെന്നുമാണ് പ്രശസ്ത പൊതുജനാരോഗ്യ വിദഗ്ദ്ധൻ ഡോ. രാജശേഖരൻ നായർ ചൂണ്ടിക്കാണിച്ചത്. സംസ്ഥാനത്തെ ആയുഷ് സ്ഥാപനങ്ങൾ 2,300 ലേറെയുണ്ട്. അതിൽ ആയുർവേദ സ്ഥാപനങ്ങൾ മാത്രം 1,227 ആണ്. അതുകൊണ്ടു തന്നെ ഫലപ്രദമായി നടപ്പാക്കിയാൽ ഈ പദ്ധതിക്ക് ഫലം ഉറപ്പാണെന്ന് ആരോഗ്യവിദഗ്ധർ അടിവരയിടുന്നു.

വനിതകളുടെ

തൊഴിലും ഉറപ്പാക്കാം

തദ്ദേശസ്ഥാപനങ്ങളുടെ സഹായത്തോടെ ഓണത്തിന് ഒരു ലക്ഷം തൊഴിലെന്ന മുദ്രാവാക്യവുമായി സ്ത്രീകൾക്ക് നൈപുണ്യ പരിശീലനം നൽകി പ്രാദേശിക തൊഴിലുകൾ ലഭ്യമാക്കുന്നതിന് വിജ്ഞാനകേരളവുമായി സഹകരിച്ച് കുടുംബശ്രീ ക്യാമ്പയിൻ ആരംഭിച്ചു കഴിഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ

തദ്ദേശസ്വയംഭരണ മന്ത്രി എം.ബി. രാജേഷിന്റെ അദ്ധ്യക്ഷതയിൽ നടന്ന തദ്ദേശസ്വയംഭരണ സ്ഥാപന അദ്ധ്യക്ഷരുടെയും സെക്രട്ടറിമാരുടെയും അവലോകനയോഗങ്ങളിലാണ് തൊഴിൽ ക്യാമ്പയിന് അവസാന രൂപം നൽകിയത്. വിജ്ഞാനകേരളം മുഖ്യ അഡ്വൈസർ ഡോ. ടി.എം. തോമസ് ഐസക്കും വകുപ്പുദ്യോഗസ്ഥരും പങ്കെടുത്തിരുന്നു.

മുന്നോടിയായി ഒരു ലക്ഷം സ്ത്രീകൾക്ക് നൈപുണ്യ വികസന പരിശീലനം നൽകുന്നുണ്ട്. വിജ്ഞാനകേരളം ക്യാമ്പയിൻ നിർവഹണത്തിനായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ സമിതികൾ രൂപീകരിക്കും. പ്രാദേശിക സാമ്പത്തിക വികസന സമീപനത്തിന്റെ ഭാഗമായി തൊഴിൽ ക്യാമ്പയിനെ ഉൾപ്പെടുത്തും. ഇതിനായി, കുടുംബശ്രീ മുഖേന പ്രവർത്തനങ്ങൾ നടത്തുന്നതിനും കർമപരിപാടി രൂപപ്പെടുത്തും. പ്രാദേശിക സാമ്പത്തിക വികസന പദ്ധതികൾ ഇതുമായി സംയോജിപ്പിക്കും. വിജ്ഞാന കേരളം തൊഴിൽ ക്യാമ്പയിന്റെ നിർവഹണ സംവിധാനം എന്ന നിലയിൽ കുടുംബശ്രീ സംസ്ഥാന-ജില്ലാ മിഷനുകളിൽ ഇംപ്ലിമെന്റേഷൻ യൂണിറ്റുകൾ പ്രവർത്തിക്കും.

പ്രാദേശിക തൊഴിലവസരങ്ങൾ കണ്ടെത്തുന്നതിന് സംരംഭക സംഘടനകളുമായി ജില്ലാതല യോഗങ്ങൾ സംഘടിപ്പിക്കും. സംരംഭകരെ നേരിട്ട് ബന്ധപ്പെടുന്നതിന് മൂന്നു തലങ്ങളിലും പ്രത്യേക ടീമുകൾക്ക് രൂപം നൽകും. ഓരോ പ്രദേശത്തുമുള്ള തൊഴിലുകൾക്ക് കുടുംബശ്രീ സി.ഡി.എസുകൾ വഴി സ്ത്രീ തൊഴിലാളികളെ കണ്ടെത്തും. ജൂലായ്, ആഗസ്റ്റ് മാസങ്ങളിൽ എല്ലാ ബ്ലോക്കുകളിലും, മുൻസിപ്പാലിറ്റികളിലും കോർപ്പറേഷനുകളിലും തൊഴിൽമേളകൾ സംഘടിപ്പിക്കും. തൊഴിൽ ലഭിക്കുന്നവർക്കുള്ള പരിശീലനം നൽകുന്നതിന് അസാപ്, കെ.എ.എസ്.ഇ. തുടങ്ങിയ സർക്കാർ ഏജൻസികളെയും അക്രഡിറ്റഡ് ഏജൻസികളുടെയും പ്രവർത്തനങ്ങളെ വിജ്ഞാനകേരളം ഏകോപിപ്പിക്കും.

വീടിന് പുറത്തുള്ള തൊഴിലിൽ

വനിതകൾ 20 ശതമാനം

കേരളത്തിലെ തൊഴിലെടുക്കുന്ന സ്ത്രീകളിൽ 20 ശതമാനം പേർ മാത്രമേ വീടിനു പുറത്തുള്ള ജോലികളിൽ ഏർപ്പെടുന്നുള്ളൂ. ഇത് ഏതാനും വർഷംകൊണ്ട് 50 ശതമാനമായി ഉയർത്തുക എന്നതാണ് കുടുംബശ്രീ ലക്ഷ്യമിടുന്നത്. ഓണത്തിന് ഒരു ലക്ഷം തൊഴിൽ എന്ന ക്യാമ്പയിനിലൂടെ ഇതിന് തുടക്കം കുറിക്കുകയാണ്.

വീട്ടമ്മമാർക്ക് ജോലി ചെയ്യുന്നതിലുള്ള സാമൂഹിക പിന്തുണ നൽകുക എന്നതാണ് ക്യാമ്പയിനിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്. ഓരോ തരം ജോലിക്കും പ്രത്യേകം നൈപുണ്യ പരിശീലന കോഴ്സുകൾ പ്രാദേശിക കേന്ദ്രങ്ങളിൽ നൽകും. തദ്ദേശഭരണ സ്ഥാപനങ്ങളുടെ സംയുക്ത പ്രൊജക്ടായാണ് പദ്ധതി നടപ്പിലാക്കുക. ഇതിനുള്ള ചെലവിലേക്കായി എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളും ജൂലായിൽ പദ്ധതിയിൽ പ്രൊജക്ടുകൾ ഉൾക്കൊള്ളിക്കണമെന്ന് തീരുമാനിച്ചിട്ടുണ്ട്.

വിജ്ഞാന കേരളത്തിന്റെ പ്രാദേശിക ജോബ് ഫെസിലിറ്റേഷൻ കേന്ദ്രങ്ങൾ ഇനിമുതൽ തൊഴിൽകേന്ദ്രം എന്ന പേരിൽ സി.ഡി.എസ് ഓഫീസുകളിലായിരിക്കും പ്രവർത്തിക്കുക.

എന്തായാലും തദ്ദേശസ്ഥാപനങ്ങൾക്ക് നിർണ്ണായക പങ്കുള്ള കാലമാണിതെന്ന് വ്യക്തം.

TAGS: AYURVEDA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.