കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടം തകർന്ന് വീട്ടമ്മ മരിച്ച സംഭവം അന്വേഷണം പൂർത്തിയായി റിപ്പോർട്ട് വരും വരെ മന്ത്രിമാരായ വീണ ജോർജ്,വി.എൻ വാസവൻ എന്നിവർ രാജിവയ്ക്കണമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ബി.ജെ.പി സംഘടിപ്പിച്ച മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിന്ദുവിന്റെ കുടുംബത്തിന് 25 ലക്ഷം ധനസഹായം അനുവദിക്കുക, മകന് സർക്കാർ സർവീസിൽ സ്ഥിരജോലി നൽകുക, ആശുപത്രികളിൽ സുരക്ഷാ ഓഡിറ്റ് നടത്തുക എന്നീ ആവശ്യങ്ങളാണ് മുന്നോട്ട് വെച്ചത്. സുരക്ഷ ഓഡിറ്റ് സർക്കാർ നടത്തിയില്ലെങ്കിൽ ബി.ജെ.പി ആ ദൗത്യം ഏറ്റെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിൽ നിന്നും മെഡിക്കൽ കോളേജിലേക്ക് നടത്തിയ മാർച്ചിൽ ബി.ജെ.പി കോട്ടയം ഈസ്റ്റ് വെസ്റ്റ് ജില്ലാ അദ്ധ്യക്ഷൻമാരായ ലിജിൻ ലാൽ,റോയ് ചാക്കോ,ദേശീയ സമിതി അംഗം പി.സി ജോർജ്,സംസ്ഥാന സമിതി അംഗം ബി.രാധാകൃഷ്ണ മേനോൻ,സംസ്ഥാന വക്താവ് അഡ്വ.എൻ.കെ നാരായൺ നമ്പൂതിരി,മറ്റ് ജില്ലാ മണ്ഡലം ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |