തിരുവനന്തപുരം:നാളത്തെ ദേശീയ പണിമുടക്കിൽ പങ്കെടുക്കില്ലെന്ന് യു.ഡി.എഫ് അനുകൂല സർവ്വീസ് സംഘടനയായ സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ കൺവീനർ എം.എസ്.ഇർഷാദ് അറിയിച്ചു.കേന്ദ്രസർക്കാരിന്റെ തൊഴിലാളി ദ്രോഹ നടപടികൾക്കെതിരെയാണ് ദേശീയ പണിമുടക്ക്. എന്നാൽ അതിനെക്കാൾ തീവ്രമായ ജനദ്രോഹ,തൊഴിലാളി ദ്രോഹ നടപടികളാണ് സംസ്ഥാനസർക്കാർ നടത്തുന്നത്. മാത്രവുമല്ല, പണിമുടക്കിനാധാരമായ പല വിഷയങ്ങളിലും കേന്ദ്ര സർക്കാരിനെക്കാൾ മോശമാണ് ഇടതുഭരണം. ഈ സാഹചര്യത്തിൽ കേന്ദ്രത്തിനെതിരെ മാത്രം സമരം നടത്തുന്നതിനോട് യോജിക്കാനാവില്ലെന്ന് ആക്ഷൻ കൗൺസിൽ നേതാക്കൾ അറിയിച്ചു. സംസ്ഥാനസർക്കാർ ജീവനക്കാരുടെ പെൻഷന്റെ കാര്യത്തിൽ ഇതുവരെ തീരുമാനമെടുത്തില്ല.തസ്തികകൾ ഇല്ലാതാക്കിയ ശേഷം പുറംകരാർ നിയമനങ്ങൾക്ക് എൽ.ഡി എഫ് സർക്കാർ ചുവപ്പ് പരവതാനി വിരിച്ചിരിക്കുകയാണ്.
വിലക്കയറ്റം തടയുന്നതിൽ ഇടതു സർക്കാർ വൻ പരാജയമാണ്.കേന്ദ്ര സർക്കാരാകട്ടെ ജീവനക്കാരുടെ ഡി.എ കുടിശ്ശിക വരുത്തിയിട്ടില്ല.കേരളത്തിൽ ജീവനക്കാർക്ക് 18% വരുന്ന ആറ് ഗഡു ഡി.എ കുടിശ്ശികയാണ്. കേന്ദ്രം ശമ്പള കമ്മിഷൻ വയ്ക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും സംസ്ഥാനത്ത് പ്രഖ്യാപിച്ചിട്ടില്ലെന്നും കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ ജനറൽ സെക്രട്ടറി കെ.പി. പുരുഷോത്തമൻ, കേരള ഫൈനാൻസ് സെക്രട്ടേറിയറ്റ് അസോസിയേഷൻ പ്രസിഡന്റ് എസ്.പ്രദീപ് കുമാർ, ജനറൽ സെക്രട്ടറി ബി.നൗഷാദ്,
കേരള ലാ സെക്രട്ടേറിയറ്റ് അസോസിയേഷൻ പ്രസിഡന്റ് എം.എസ്.മോഹനചന്ദ്രൻ, ജനറൽ സെക്രട്ടറി സി.ഡി. ശ്രീനിവാസ്, കേരള ലെജിസ്ലേച്ചർ സെക്രട്ടേറിയറ്റ് എംപ്ലോയീസ് ഓർഗനൈസേഷൻ പ്രസിഡന്റ് ഷിബു ജോസഫ്, ജനറൽ സെക്രട്ടറി വി.എ. ബിനു എന്നിവർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |