തിരുവനന്തപുരം: സ്വാശ്രയ എൻജിനിയറിംഗ് കോളേജുകളിലെ ബി.ടെക് കോഴ്സുകളിൽ 33 ശതമാനം ഫീസ് വർദ്ധന. സെൽഫ് ഫിനാൻസിംഗ് എൻജിനിയറിംഗ് കോളേജ് മാനേജ്മെന്റ് അസോസിയേഷനിലെ കോളേജുകളിലെ 50% മാനേജ്മെന്റ് ക്വോട്ട സീറ്റിലാണ് ഫീസ് കൂട്ടാൻ ഫീസ് റഗുലേറ്ററി കമ്മിറ്റിയുടെ അനുമതി. ഇത് സർക്കാർ ഉത്തരവായി പുറത്തിറക്കും.
നിലവിലെ ഫീസിൽ 60ശതമാനം വർദ്ധനവാണ് അസോസിയേഷൻ ആവശ്യപ്പെട്ടിരുന്നത്. മെരിറ്റ് സീറ്റിലും ഫീസ് കൂട്ടാൻ ആവശ്യപ്പെട്ടെങ്കിലും സർക്കാർ അനുവദിച്ചില്ല. വാർഷിക ഫീസിൽ 5ശതമാനം വർദ്ധനവാകാമെന്ന് കോടതി ഉത്തരവുണ്ടായിരുന്നെങ്കിലും 10വർഷമായി ഫീസ് കൂട്ടിയിരുന്നില്ല. നിലവിൽ സ്വാശ്രയ അസോസിയേഷനിലെ കോളേജുകളിൽ 99000
രൂപ ട്യൂഷൻ ഫീസ്, 25000 രൂപ സ്പെഷ്യൽ ഫീസ് ഈടാക്കാം. ട്യൂഷൻ ഫീസിൽ 33% വർദ്ധനവ് വരുന്നതോടെ ഫീസ് 1.31ലക്ഷമാവും. 50% മെരിറ്റ് സീറ്റുകളിൽ പകുതിയിൽ ബി.പി.എൽ വിദ്യാർത്ഥികൾക്ക് 50000 രൂപയാണ് ഫീസ്. ശേഷിച്ച സീറ്റുകളിൽ 50000 രൂപ ട്യൂഷൻ ഫീസിന് പുറമെ 25000രൂപ സ്പെഷ്യൽ ഫീസുമുണ്ട്. 15 % എൻ.ആർ.ഐ സീറ്റുകളിൽ 1.5 ലക്ഷം രൂപ ഫീസും 25000 രൂപ സ്പെഷ്യൽ ഫീസുമാണ്. സ്വാശ്രയ അസോസിയേഷൻ കോളേജുകളിൽ ഫീസ് കൂട്ടിയതോടെ ,ക്രിസ്ത്യൻ മാനേജ്മെന്റ് കോളേജുകളും ഫീസ് വർദ്ധനയ്ക്ക് അനുമതി തേടി ഫീ റഗുലേറ്ററി കമ്മിറ്റിയെ സമീപിച്ചേക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |