തൃപ്പൂണിത്തുറ: റെയിൽവേ സ്റ്റേഷനുകളിൽ വാഹനം പാർക്ക് ചെയ്യാൻ ചെലവ് ഇരട്ടിയാക്കി റെയിൽവേയുടെ കൊള്ളയടി. പാർക്കിംഗ് നിരക്കുകൾ വർദ്ധിപ്പിക്കാൻ റെയിൽവേ തീരുമാനിച്ചതോടെയാണ് സ്റ്റേഷനുകളിൽ 20 മുതൽ 30 ശതമാനംവരെ വർദ്ധനയുണ്ടായത്. ഫെബ്രുവരിയിൽ നിരക്ക് കൂട്ടുവാൻ റെയിൽവേ തീരുമാനിച്ചുവെങ്കിലും ആദ്യഘട്ടത്തിൽ തെക്കൻജില്ലകളിൽ മാത്രമായിരുന്നു വർദ്ധന നടപ്പാക്കിയത്.
ഭീമമായ നിരക്ക് വർദ്ധന സ്ഥിരംയാത്രക്കാർക്ക് ഇരുട്ടടിയായി. റെയിൽവേയുടെ കണക്കനുസരിച്ച് അന്യ ജില്ലകളിൽ നിന്നുൾപ്പെടെയെത്തുന്ന നൂറുകണക്കിന് യാത്രക്കാർ തൃപ്പൂണിത്തുറ റെയിൽവേ സ്റ്റേഷനിൽ വാഹനങ്ങൾ പാർക്കുചെയ്താണ് വിവിധ ഓഫീസുകളിലേക്കും മറ്റ് സ്ഥലങ്ങളിലേക്കും പോകുന്നത്. ഇവരെയാണ് നിരക്ക് വർദ്ധന ഏറ്റവും കൂടുതൽ ബാധിച്ചിട്ടുള്ളത്. വൈകിട്ട് വാഹനം സുരക്ഷിതമായി റെയിൽവേ സ്റ്റേഷനിൽ പാർക്ക് ചെയ്ത് ഇവർ തിരികെപ്പോകുന്നു. ഹെൽമെറ്റ് പ്രത്യേകം സൂക്ഷിക്കുന്നതിനും 10 രൂപയായി വർദ്ധിപ്പിച്ചിട്ടുണ്ട്. യാത്രക്കാരുടെ പ്രതിഷേധം ശക്തമാണെങ്കിലും റെയിൽവേ ഗൗനിച്ചിട്ടില്ല.
പാർക്കിംഗ് രസീതുകൾ ഉൾപ്പെടെ പ്രിന്റിംഗ് സംവിധാനത്തിലൂടെയാണ് നൽകുന്നത്. എത്ര വാഹനങ്ങൾ പാർക്ക് ചെയ്യുന്നു എന്നതുൾപ്പെടെയുള്ള കണക്കുകൾ ഇതോടെ റെയിൽവേയ്ക്ക് ലഭിക്കും
പുതുക്കിയ നിരക്കുകൾ
ഇരുചക്ര വാഹനങ്ങൾ രണ്ടുമണിക്കൂർ പാർക്ക് ചെയ്യുന്നതിന് 10 രൂപയാണ് ഈടാക്കുന്നത്. നേരത്തെ 5രൂപ ആയിരുന്നു. ത്രീവീലറുകൾക്കും ഫോർവീലറുകൾക്കും രണ്ടുമണിക്കൂറിന് 30 രൂപയായി. മുമ്പ് ഇവയ്ക്ക് വ്യത്യസ്ത നിരക്കായിരുന്നു.
ഇരുചക്ര വാഹനങ്ങൾക്ക് പ്രതിമാസം 200 രൂപയായിരുന്നു നിരക്ക് ഈടാക്കിയിരുന്നതെങ്കിൽ വർദ്ധനപ്രകാരം 600 രൂപയായി. റെയിൽവേ സ്റ്റേഷനുകളിൽ അമിതമായ പാർക്കിംഗ് ഫീസ് ഈടാക്കുന്നതുമായി ബന്ധപ്പെട്ട പരാതി ലഭിച്ചിട്ടുണ്ട്. റെയിൽവേ തീരുമാനം പുനപ്പരിശോധിക്കും.-ഡിവിഷൻ മാനേജർ, സതേൺ റെയിൽവേ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |