ന്യൂഡൽഹി: നടിയെ അക്രമിച്ച കേസിലെ വീഡിയോ ദൃശ്യങ്ങൾ അടങ്ങുന്ന മെമ്മറി കാർഡ് തൊണ്ടി മുതലാണോ അതോ രേഖയാണോ എന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കണമെന്ന് സുപ്രീം കോടതി. ഇന്ന് തന്നെ ഇക്കാര്യത്തിൽ മറുപടി നൽകണമെന്നും സുപ്രീം കോടതി നിർദ്ദേശിച്ചിട്ടുണ്ട്. ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡ് തനിക്ക് നൽകണമെന്നാവശ്യപ്പെട്ട് നടൻ ദിലീപ് സമർപ്പിച്ച ഹർജിയിലാണ് സുപ്രീം കോടതി ഇക്കാര്യം നിർദ്ദേശിച്ചത്.
എന്നാൽ മെമ്മറി കാർഡ് ഒരു രേഖയാണെന്ന് സർക്കാർ സുപ്രീം കോടതിയിൽ അറിയിച്ചു. മെമ്മറി കാർഡ് ഒരു വസ്തുവാണ്. അതിനുള്ളിലെ വീഡിയോ ദൃശ്യങ്ങൾ ഒരു രേഖയാണെന്നും സർക്കാർ അഭിഭാഷകൻ രഞ്ജിത് കുമാർ അറിയിച്ചു. രേഖയാണെങ്കിലും മെമ്മറി കാർഡ് ദിലീപിന് കൈമാറരുത്. ഇരയുടെ സുരക്ഷിതത്വവും സ്വകാര്യതയും കണക്കാക്കണമെന്നും സർക്കാർ സുപ്രീം കോടതിയിൽ വ്യക്തമാക്കി. അതേസമയം, രേഖയാണെങ്കിൽ മെമ്മറി കാർഡ് തനിക്ക് കിട്ടാൻ അർഹതയുണ്ടെന്ന് ദിലീപ് കോടതിയെ അറിയിച്ചു.
കേസിൽ തന്റെ ഭാഗം തെളിയിക്കുന്നതിനായി മെമ്മറി കാർഡ് ലഭ്യമാക്കാൻ അനുവദിക്കണമെന്നാണ് ദിലീപ് കോടതിയെ അറിയിച്ചത്. മെമ്മറി കാർഡിലെ ദൃശ്യങ്ങളിൽ കൃത്രിമം നടന്നിട്ടുണ്ടെന്നും തന്റെ നിരപരാധിത്വം തെളിയിക്കാൻ പകർപ്പ് വേണമെന്നും ചൂണ്ടിക്കാട്ടിയാണ് ദിലീപ് ഹർജി നൽകിയത്. എന്നാൽ തനിക്കു നേരെ നടന്ന ആക്രമണത്തിന്റെ ദൃശ്യങ്ങൾ ചോരാനും ദുരുപയോഗം ചെയ്യാനും സാദ്ധ്യതയുണ്ട്. കേസുമായി ബന്ധപ്പെട്ട് ഇതിനകം തന്നെ ഒട്ടേറെ സമ്മർദ്ദങ്ങൾ നേരിട്ടു. തന്റെ സ്വകാര്യതയെ മാനിക്കണമെന്നും നടി അഭ്യർത്ഥിച്ചു. സംസ്ഥാന സർക്കാരിന് വേണ്ടി മുതിർന്ന അഭിഭാഷകൻ രഞ്ജിത് കുമാറും ദിലീപിന് വേണ്ടി മുകുൾ റോഹ്‌തകിയും ഹാജരായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |