ന്യൂഡൽഹി: യെമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ നിമിഷപ്രിയയുടെ വധശിക്ഷ ഈ മാസം16ന് നടപ്പാക്കും. യെമനിലെ പബ്ലിക്ക് പ്രോസിക്യൂട്ടർ ഉത്തരവ് ജയിൽ അധികൃതർക്ക് കൈമാറി. ഇന്ത്യൻ എംബസിയും ഇക്കാര്യം സ്ഥിരീകരിച്ചെന്നാണ് റിപ്പോർട്ട്.
2017ൽ യെമൻ പൗരനായ തലാൽ അബ്ദു മഹ്ദിയെ കൊലപ്പെടുത്തിയ കേസിലാണ് നിമിഷ പ്രിയയ്ക്ക് വിചാരണ കോടതി വധശിക്ഷ വിധിച്ചത്. നിമിഷ പ്രിയയെ രക്ഷിക്കാനുള്ള ഏക മാർഗം തലാലിന്റെ കുടുംബത്തിന് ദയാധനം നൽകുകയായിരുന്നു. തലാലിന്റെ കുടുംബത്തെ നേരിൽ കണ്ട് മാപ്പപേക്ഷിക്കുന്നതിന് വേണ്ടി നിമിഷ പ്രിയയുടെ അമ്മ പ്രേമകുമാരി യെമനിൽ പോയിരുന്നു. തലാലിന്റെ കുടുംബവുമായും ഗോത്രത്തിന്റെ തലവന്മാരുമായും ചർച്ചകൾ നടത്തിയെങ്കിലും ഫലമുണ്ടായില്ലെന്നാണ് വിവരം.
വധശിക്ഷ ഒഴിവാക്കാനുള്ള നിയമപരമായ വഴികളെല്ലാം അടഞ്ഞതായും സനായിലുള്ള തലാലിന്റെ കുടുംബം മാപ്പു നൽകുക മാത്രമാണ് നിമിഷപ്രിയയെ രക്ഷിക്കാനുള്ള ഒരേയൊരു വഴിയെന്നും മനുഷ്യാവകാശ പ്രവർത്തകൻ സാമുവൽ ജെറോം പറഞ്ഞു. ഇതിനായി തലാലിന്റെ കുടുംബത്തെ നാളെ കാണാൻ ശ്രമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
തൊടുപുഴ സ്വദേശി ടോമി തോമസിന്റെ ഭാര്യയാണ് നിമിഷ പ്രിയ. നഴ്സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക് തുടങ്ങാൻ സഹായ വാഗ്ദാനവുമായി വന്ന തലാൽ അബ്ദു മഹ്ദി പാസ്‌പോർട്ട് പിടിച്ചെടുത്ത് ക്രൂരമായി പീഡിപ്പിച്ചതിനാലാണ് കൊലപാതകം നടത്തിയതെന്നാണ് നിമിഷ പ്രിയയുടെ വാദം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |