ആലപ്പുഴ: ഇന്നത്തെ പൊതുപണിമുടക്കിൽ പങ്കെടുക്കാൻ ഒരു യൂണിയനും കത്തു നൽകിയിട്ടില്ലെന്നും ജീവനക്കാർ സന്തുഷ്ടരാണെന്നും ഗതാഗതമന്ത്രി കെ.ബി.ഗണേശ് കുമാർ. ഇന്ന് പതിവുപോലെ സർവീസ് നടത്തും. കെ.എസ്.ആർ.ടി.സിയിൽ പണിമുടക്കേണ്ട സാഹചര്യമില്ല. കഴിഞ്ഞ പണിമുടക്കിൽ 94% ജീവനക്കാരും ജോലിക്കെത്തിയത് കെ.എസ്.ആർ.ടി.സിയുടെ മാറുന്ന സംസ്‌കാരത്തിന്റെ തെളിവാണ്.
സ്വകാര്യ ബസ് സമരത്തിൽ ജനപക്ഷത്താണ് സർക്കാർ. വിദ്യാർത്ഥികളുടെ ചാർജ് വർദ്ധിപ്പിക്കണോയെന്ന് ജനങ്ങൾ ആലോചിക്കണം. വിദ്യാർത്ഥി സംഘടനകളുമായി ചർച്ച നടത്തേണ്ടതുണ്ട്. സ്വകാര്യ ബസ് ജീവനക്കാർക്ക് പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് പാടില്ലെന്ന നിർദ്ദേശം അംഗീകരിക്കാനാകില്ല.
മന്ത്രിയെ തള്ളി ടി.പി. രാമകൃഷ്‌ണൻ
ദേശീയ പണിമുടക്കിൽ കെ.എസ്.ആർ.ടി.സി യൂണിയനുകൾ പങ്കെടുക്കില്ലെന്നും ബസുകൾ ഓടുമെന്നുമുള്ള ഗതാഗതമന്ത്രി കെ.ബി.ഗണേശ് കുമാറിന്റെ പ്രസ്താവന തള്ളി എൽ.ഡി.എഫ് കൺവീനർ ടി.പി.രാമകൃഷ്‌ണൻ. ആരെങ്കിലും ബസുകൾ നിരത്തിലിറക്കിയാൽ അപ്പോൾ കാണാം. തടയാൻ തൊഴിലാളികളുണ്ടല്ലോ.
പണിമുടക്കിൽ കെ.എസ്.ആർ ടി.സി യൂണിയനുകൾ പങ്കെടുക്കും. എം.ഡിക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. ഗതാഗതമന്ത്രിയുടെ പ്രസ്താവന പണിമുടക്കിനെ ബാധിക്കും. മന്ത്രിയുടെ ഓഫീസിനെ ആരെങ്കിലും തെറ്റിദ്ധരിപ്പിച്ചതാകും. സ്വകാര്യ വാഹനങ്ങൾ നിരത്തിലിറക്കാതെ സഹകരിക്കണം. കടകൾ തുറക്കരുതെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. അതിനിടെ, സി.ഐ.ടി.യു അടക്കമുള്ള യൂണിയനുകൾ നേരത്തേ നോട്ടീസ് നൽകിയിരുന്നുവെന്ന് വ്യക്തമാക്കുന്ന തെളിവുകൾ നേതാക്കൾ പുറത്തുവിട്ടു.
എല്ലാ മേഖലയിലും സമരം: എം.എ. ബേബി
സംയുക്ത ട്രേഡ് യൂണിയനുകൾ ആഹ്വാനം ചെയ്‌ത പണിമുടക്ക് ജനദ്രോഹപരമായ സാമ്പത്തിക നയങ്ങൾക്ക് എതിരാണെന്നും കെ.എസ്.ആർ.ടി.സി ജീവനക്കാർ പങ്കെടുക്കില്ലെന്ന മന്ത്രിയുടെ പ്രസ്‌താവനയെക്കുറിച്ച് അറിയില്ലെന്നും സി.പി.എം ജനറൽ സെക്രട്ടറി എം.എ.ബേബി. എല്ലാ മേഖലയിലും സമരം വിജയിപ്പിക്കണമെന്നാണ് തൊഴിലാളി സംഘടനകൾ ആഹ്വാനം ചെയ്തിട്ടുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |