തിരുവനന്തപുരം: വി.ഐ.പി സ്പെഷ്യൽ ഡ്യൂട്ടിക്കുള്ള പരിശീലനത്തിന് പോയ ടെലികമ്മ്യൂണിക്കേഷൻ സിറ്റി ഓഫീസിലെ സർക്കിൾ ഇൻസ്പെക്ടറെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഗുരുതര ആരോപണങ്ങളുമായി അമ്മ. മകൻ ജീവനൊടുക്കിയത് തൊഴിൽ സമ്മർദ്ദംമൂലമാണെന്ന് അമ്മ ആരോപിച്ചു. ചേങ്കോട്ടുകോണം തുണ്ടത്തിൽ കീരിക്കുഴി ബഥേൽ ഹൗസിൽ ജയ്സൺ അലക്സാണ് (48) മരിച്ചത്.
'തിരുവനന്തപുരത്ത് ടെലികമ്മ്യൂണിക്കേഷനുമായി ബന്ധപ്പെട്ട ആറുകോടിയുടെ പദ്ധതിയുടെ പേരിലായിരുന്നു സമ്മർദ്ദം. പദ്ധതി നടപ്പാക്കാനുള്ള സമിതിയിൽ ജയ്‌സണും അംഗമായിരുന്നു. പദ്ധതിയിലെ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി രേഖകളിൽ ഒപ്പിടാൻ ജയ്‌സൺ വിസമ്മതിച്ചിരുന്നു. ഇതുകാരണം മേലുദ്യോഗസ്ഥരിൽ നിന്ന് സമ്മർദ്ദങ്ങളുണ്ടായി. രാവിലെ 5.30ന് ഡ്യൂട്ടിക്ക് പോയ ജയ്‌സൺ പത്തുമണിക്ക് തിരിച്ചെത്തിയതിൽ ദുരൂഹതയുണ്ട്. മകൻ ഭക്ഷണവുമെടുത്താണ് ജോലിക്ക് പോയിരുന്നത്'- ജയ്‌സന്റെ അമ്മ പറഞ്ഞു. ദിവസങ്ങളായി ജെയ്സൻ കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്ന് ബന്ധുക്കളും ആരോപിക്കുന്നു.
വ്യാഴാഴ്ച രാത്രി 11.30ന് ഡ്യൂട്ടി കഴിഞ്ഞ് വന്നശേഷം വി.ഐ.പി സന്ദർശനത്തിന്റെ സ്പെഷ്യൽ ഡ്യൂട്ടിക്ക് വെളുപ്പിനെ അഞ്ചിന് ഉച്ചഭക്ഷണവും എടുത്ത് ബുള്ളറ്റിൽ വീട്ടിൽ നിന്ന് ഇറങ്ങിയതായിരുന്നു ജയ്‌സൺ. രാവിലെ പത്തോടെ തിരിച്ചെത്തിയതായി അയൽവാസികൾ പറഞ്ഞു. ഈ സമയം വീട്ടിൽ ഭാര്യയും മക്കളും ഇല്ലായിരുന്നു. രണ്ട് മണിക്കൂർ കഴിഞ്ഞിട്ടും ഡ്യൂട്ടിയിൽ കാണാത്തതിനെ തുടർന്ന് സി.സി.ടി.വി പരിശോധിച്ചപ്പോൾ ബൈക്കിൽ മടങ്ങുന്നതായി കണ്ടെത്തി. രണ്ട് പൊലീസുകാർ ഉച്ചക്ക് പന്ത്രണ്ടോടെ വീട്ടിലെത്തിയപ്പോഴാണ് ഹാളിലെ ഫാനിൽ തൂങ്ങിയ നിലയിൽ കാണുന്നത്.
മുൻവശത്തെ വാതിൽ ചാരിയ നിലയിലായിരുന്നു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരും പൊലീസ് ഫിംഗർപ്രിന്റ് വിഭാഗവും ഫോറൻസിക് വിദഗ്ധരും സ്ഥലത്തത്തിയിരുന്നു. ഭാര്യ സോമി പുതുക്കുറിച്ചി 'ഔവർ ലേഡി ഓഫ് മേഴ്സി' സ്കൂളിലെ അദ്ധ്യാപികയാണ്. പോങ്ങുംമൂട് മേരി നിലയം സ്കൂളിലെ വിദ്യാർത്ഥികളായ ആൻമി ജയ്സണും, ആൻസി ജയ്സണുമാണ് മക്കൾ. കൊല്ലം കുണ്ടറ കാഞ്ഞിരക്കോട് തെങ്ങുവിള വീട്ടിൽ പരേതനായ അലക്സാണ്ടറുടേയും പട്ടത്താനം വിമലഹൃദയ സ്കൂളിലെ കായിക അദ്ധ്യാപികയായി വിരമിച്ച ജമ്മയുടേയും മകനാണ്. തിരുവനന്തപുരത്ത് പലയിടത്തായി വാടകയ്ക്ക് താമസിച്ചു വരവെ ജയ്സന്റെ മാതാവാണ് രണ്ടുവർഷം മുമ്പ് ആനന്ദേശ്വരത്ത് പുതിയ വീട് വാങ്ങി നൽകിയത്. ജിൽജഅലക്സ്, ജീജാ അലക്സ്, ജൂണാഅലക്സ് എന്നിവർ സഹോദരങ്ങളാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |