തിരുവനന്തപുരം:എൻട്രൻസ് കമ്മിഷണർ അലോട്ട്മെന്റ് നടത്തുന്ന മെരിറ്റ് സീറ്റുകളിൽ ഫീസ് കൂട്ടാതെ 50%സീറ്റുകൾ സർക്കാരിന് വിട്ടുകൊടുക്കില്ലെന്ന് മാനേജ്മെന്റുകൾ. ഇതോടെ സ്വാശ്രയ എൻജിനിയറിംഗ് പ്രവേശനം കുഴയുന്നു.
നിലവിലെ അമ്പതിനായിരം രൂപ ഫീസിൽ 35% വർദ്ധനവാണ് മാനേജ്മെന്റുകൾ ആവശ്യപ്പെട്ടത്. ട്യൂഷൻ ഫീസ് 70,355 രൂപയാക്കാൻ ജസ്റ്റിസ് കെ.കെ.ദിനേശൻ അദ്ധ്യക്ഷനായ ഫീസ് നിർണയ സമിതി അനുമതി നൽകിയെങ്കിലും മാനേജ്മെന്റുകളുമായി പ്രവേശനത്തിനുള്ള കരാറിൽ ഇത് ഉൾപ്പെടുത്താനാവില്ലെന്ന് സർക്കാർ. തുടർന്ന്, മാനേജ്മെന്റുകൾ കരാറൊപ്പിടില്ലെന്ന് പ്രഖ്യാപിച്ചു. അതിനാൽ സർക്കാരിന് സീറ്റ് മെട്രിക്സ് പ്രസിദ്ധീകരിക്കാനും എൻട്രൻസ് കമ്മിഷണർക്ക് ഓപ്ഷൻ വിളിക്കാനുമാവുന്നില്ല. സെൽഫ് ഫിനാൻസിംഗ് എൻജിനിയറിംഗ് കോളേജ് മാനേജ്മെന്റ് അസോസിയേഷനുമായി മന്ത്രി ആർ.ബിന്ദു ഇന്ന് ചർച്ച നടത്തും.
അദ്ധ്യാപകരുടെ ശമ്പളമടക്കം ചെലവുകളിൽ വൻ വർദ്ധനവുണ്ടായതിനാൽ മെരിറ്റ് സീറ്റുകളിലും ഫീസ് കൂട്ടണമെന്ന് അസോസിയേഷൻ ആവശ്യപ്പെട്ടെങ്കിലും സർക്കാർ നിരസിക്കുകയായിരുന്നു. തുടർന്നാണ് 50% സീറ്റുകൾ വിട്ടുകൊടുക്കില്ലെന്ന് മാനേജ്മെന്റുകൾ നിലപാടെടുത്തത്.
രണ്ട് തരം
ഫീസ് ഘടന
സ്വാശ്രയ കോളേജുകളിലെ 50%മെരിറ്റ് സീറ്റുകളിൽ രണ്ടു തരം ഫീസ് ഘടനയാണ് . പകുതി മെരിറ്റ് സീറ്റുകളിൽ ബി.പി.എൽ വിദ്യാർത്ഥികൾക്ക് 50000 രൂപയാണ് ഫീസ്. ശേഷിച്ച സീറ്റുകളിൽ 50000 രൂപ ട്യൂഷൻഫീസിന് പുറമെ 25000രൂപ സ്പെഷ്യൽ ഫീസുമുണ്ട്. ബി.ടെക്കിന് കുറഞ്ഞ ഫീസ് 79000രൂപയും കൂടിയത് 1.89ലക്ഷവും വാങ്ങാവുന്ന തരത്തിൽ എ.ഐ.സി.ടി.ഇ ഫീസ് ഘടന പുതുക്കിയിരുന്നു. 2019മുതൽ 5ശതമാനം വാർഷിക വർദ്ധനവിനും അനുമതിയുണ്ടായിരുന്നെങ്കിലും നടപ്പാക്കിയിരുന്നില്ല. പകുതി മെരിറ്റ് സീറ്റുകളിൽ 25000രൂപയായിരുന്ന സ്പെഷ്യൽഫീസ് 35,176രൂപയാക്കാനും ഫീസ് നിർണയസമിതി അനുവദിച്ചിട്ടുണ്ട്. ഇതും സർക്കാർ അംഗീകരിച്ചില്ല.
സ്വാശ്രയ കോളേജുകളിലെ മാനേജ്മെന്റ്, എൻ.ആർ.ഐ ക്വോട്ടയിൽ 1.5ലക്ഷംവീതം നിക്ഷേപം വിദ്യാർത്ഥികളിൽ നിന്ന് വാങ്ങിയിരുന്നത് ഫീസ് നിർണയസമിതി റദ്ദാക്കി. തിരിച്ചു കൊടുക്കേണ്ട പലിശരഹിത നിക്ഷേപമാണിത്.
എൻ.ആർ.ഐ
ഫീസും കൂടും
സ്വാശ്രയകോളേജുകളിലെ 15%എൻ.ആർ.ഐ ക്വോട്ട സീറ്റുകളിൽ 1.5ലക്ഷം രൂപ ട്യൂഷൻ
ഫീസും 25000രൂപ സ്പെഷ്യൽ ഫീസുമായിരുന്നു. ട്യൂഷൻഫീസ് 2,11,065രൂപയും സ്പെഷ്യൽഫീസ് 35,167രൂപയുമാക്കാൻ ഫീസ് നിർണയസമിതി അനുവദിച്ചു.
''കോളേജുകളുടെ നടത്തിപ്പുചെലവ് വൻതോതിൽ കൂടുകയാണ്. മെരിറ്റിലെ ഫീസുവർദ്ധന സർക്കാർ അംഗീകരിച്ചില്ലെങ്കിൽ ഹൈക്കോടതിയെ സമീപിക്കും''
-ഡോ.ബിജുരമേശ്
മാനേജ്മെന്റ് അസോ.പ്രസിഡന്റ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |