തിരുവനന്തപുരം: രാഷ്ട്രീയക്കളി കാരണം സർവകലാശാലകൾ ഭരണ സ്തംഭനത്തിലായതോടെ വലയുന്നത് ആയിരക്കണക്കിന് വിദ്യാർത്ഥികൾ. ബിരുദ, ബിരുദാനന്തര പ്രവേശന സമയമാണ്. അതിനിടെയാണ് പ്രക്ഷോഭങ്ങളും സംഘർഷങ്ങളും നിരന്തരമുണ്ടാകുന്നത്.
കേരള സർവകലാശാലയിൽ രജിസ്ട്രാർ ഡോ.കെ.എസ്.അനിൽകുമാറിന്റെ സസ്പെൻഷനെത്തുടർന്ന് രണ്ടാഴ്ചയായി വി.സിയുെം സിൻഡിക്കേറ്റുമായി പോരാണ്. അഡ്‌മിനിസ്ട്രേറ്റീവ് വിഭാഗത്തിലെ ഭൂരിഭാഗം ജീവനക്കാരും അവധിയിൽ. മിക്ക സെക്ഷനുകളിലും സ്തംഭനമാണ്.
കഴിഞ്ഞദിവസം എസ്.എഫ്.ഐ സമരത്തെതുടർന്ന് ഒരു സെക്ഷനും പ്രവർത്തിച്ചിരുന്നില്ല. വിദ്യാർത്ഥി പ്രവേശനം, പരീക്ഷ, ഫലപ്രഖ്യാപനം, സർട്ടിഫിക്കറ്റ് തയ്യാറാക്കാൽ നടപടികളെല്ലാം അവതാളത്തിലായി. രജിസ്ട്രാർ സസ്പെൻഷനിലായ ശേഷം പ്രധാനപ്പെട്ട ഒരു ഫയലിലും തീരുമാനമായിട്ടില്ല. പകരം ചുമതല നൽകിയവർക്ക് അത് ഏറ്റെടുക്കാനുമായിട്ടില്ല. ഡിജിറ്റൽ ഫയൽ സംവിധാനത്തിൽ നിന്ന് ഡോ.കെ.എസ്.അനിൽകുമാറിന്റെ ലോഗിൻ ഐ.ഡിയും നീക്കി. പകരം ആരെങ്കിലും ചുമതലയേറ്റില്ലെങ്കിൽ വിദ്യാർത്ഥികളുടെ അപേക്ഷകളിലൊന്നിലും തീരുമാനമാവില്ല.
സാങ്കേതിക സർവകലാശാലയിലും ഭരണസ്തംഭനമാണ്. ബഡ്ജറ്റ് പാസാക്കാത്തതിനാൽ പെൻഷൻ വിതരണം പോലും മുടങ്ങിയിരുന്നു. സാങ്കേതിക, ഡിജിറ്റൽ സർവകലാശാലകളിലെ താത്കാലിക വി.സിമാർക്കെതിരായ കേസിൽ ഹൈക്കോടതി ഉത്തരവ് ഉടനുണ്ടാവും. പ്രധാനപ്പെട്ട തീരുമാനങ്ങളെടുക്കുന്നത് അതുവരെ കോടതി വിലക്കിയിരിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |