കൊച്ചി: ''വയസ് 74 ആയി, ജീവിക്കാൻ നിവൃത്തിയില്ല, തുച്ഛമായ പെൻഷൻതുക മരുന്ന് വാങ്ങാൻ തികയില്ല. ദയവായി കനിയണം സർ, അർഹതപ്പെട്ട പെൻഷൻ കിട്ടാൻ ഇടപെടണം...""
വെയർഹൗസിംഗ് കോർപറേഷന്റെ നീതി നിഷേധത്തിനെതിരെ കണ്ണൂർ സ്വദേശി ടി.പി. പ്രേമചന്ദ്രൻ മുഖ്യമന്ത്രിക്കും കൃഷിമന്ത്രിക്കും നൽകിയ ദയാഹർജിയാണിത്. സുപ്രീംകോടതിയുടെ അനുകൂല വിധിക്കും സർക്കാർ ഉത്തരവിനും പുല്ലിവില കല്പിച്ചാണ് കോർപറേഷൻ തുക കൂട്ടാത്തത്. പെൻഷൻ വർദ്ധനയ്ക്കായി 2001 മുതൽ നിയമ പോരാട്ടം നടത്തുന്ന 610 പേരിൽ ഒരാളാണ് പ്രേമചന്ദ്രൻ. വെയർഹൗസിംഗ് കോർപറേഷൻ 1992ലെ നിരക്കിലാണ് ഇപ്പോഴും പെൻഷൻ നൽകുന്നത്. ഇതിനെതിരെ 2001ൽ തൃപ്പൂണിത്തുറ സ്വദേശി സദാശിവൻ പോറ്റി കോടതിയെ സമീപിച്ചു. 2017നവംബർ 14ന് സുപ്രീംകോടതിയുടെ അനുകൂല വിധിയുണ്ടായി. നടപ്പാക്കാൻ കോർപറേഷൻ തയ്യാറായില്ല. വിധി നടപ്പിലാക്കിക്കിട്ടാൻ ഹർജിക്കാർ സുപ്രീംകോടതിയിൽ ഡയറക്ഷൻ പെറ്റീഷൻ നൽകി. ഇതിൽ ഉചിതമായ തീരുമാനമെടുക്കാൻ സുപ്രീംകോടതി കേരള ഹൈക്കോടതിയെ ചുമതലപ്പെടുത്തി. വർദ്ധിപ്പിച്ച പെൻഷൻ കുടിശിക സഹിതം മൂന്ന് മാസത്തിനുള്ളിൽ നൽകണമെന്നായിരുന്നു ഹൈക്കോടതി വിധി. ഇതിനെതിരെ കോർപ്പറേഷൻ സമർപ്പിച്ച അപ്പീൽ ഡിവിഷൻ ബെഞ്ചും സുപ്രീംകോടതിയും തള്ളി.
ഇതിനിടെ കോടതിവിധി അനുസരിച്ച് പെൻഷൻ നൽകണമെന്ന് കൃഷിവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയും കോർപറേഷന് ഉത്തരവ് നൽകി. ഇതൊന്നും വകവയ്ക്കാതെ വന്നപ്പോഴാണ് മന്ത്രിക്കുമുമ്പിൽ ദയാഹർജിയുമായി എത്തിയത്. ഇനിയൊരു പോരാട്ടത്തിന് ആരോഗ്യമില്ല. ജീവിതത്തിന്റെ അന്ത്യയാമത്തിലെങ്കിലും നീതികിട്ടണമെന്നാണ് അഭ്യർത്ഥന.
കോർപറേഷൻ ചെയർമാൻമാരായി വരുന്ന ട്രേഡ് യൂണിയൻ നേതാക്കളാണ് തൊഴിലാളികളെ ഈ രീതിയിൽ ദ്രോഹിക്കുന്നത്
എൻ.ടി. പ്രേമചന്ദ്രൻ, പെൻഷണർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |