ന്യൂഡൽഹി:കേന്ദ്ര ട്രേഡ് യൂണിയനുകൾ ആഹ്വാനം ചെയ്ത 24 മണിക്കൂർ ദേശീയ പണിമുടക്ക് കേരളത്തിന് പുറത്ത് ജന ജീവിതത്തെ കാര്യമായി ബാധിച്ചില്ല. ഡൽഹി, മുംബയ്, ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ്, അഹമ്മദാബാദ്, പുനെ, സൂറത്ത്, ജയ്‌പൂർ തുടങ്ങിയ പ്രധാന നഗരങ്ങളിൽ ജനജീവിതം സാധാരണ നിലയിലായിരുന്നു. എന്നാൽ,ഭൂരിഭാഗം സംസ്ഥാനങ്ങളിലെയും വ്യവസായ മേഖലകളെ സമരം ബാധിച്ചു.
ബംഗാളിൽ ഫാക്‌ടറികൾ അടഞ്ഞു കിടന്നു. കൊൽക്കത്ത, തൂത്തുക്കുടി, ഒഡിഷയിലെ പരദീപ് തുടങ്ങിയ തുറമുഖങ്ങളിലെ പ്രവർത്തനം തടസപ്പെട്ടു. ഉത്തർപ്രദേശിലെ വ്യവസായ മേഖലകളിൽ തൊഴിലാളികൾ തെരുവിലിറങ്ങി. പാട്നയിൽ ആശാ വർക്കർമാരടക്കം പ്രതിഷേധത്തിനിറങ്ങി.പഞ്ചാബിലെ പട്യാലയിൽ കർഷകരും തൊഴിലാളികളും റെയിൽവേ സ്റ്റേഷൻ ഉപരോധിച്ചു. മൻസയിൽ കർഷകർ തെരുവിലിറങ്ങി. ഹരിയാനയിലെ റോത്തക്കിൽ പണിമുടക്കിയ തൊഴിലാളികളും കർഷകരും ധർണ നടത്തി. തമിഴ്നാട്, ബീഹാർ തുടങ്ങി പലയിടങ്ങളിലും ട്രെയിൻ തടഞ്ഞു. കർണാടകയിലെ ഖനി മേഖലകളെയും സമരം ബാധിച്ചു. ലക്‌നൗവിൽ കേന്ദ്രസർക്കാർ ജീവനക്കാർ പ്രകടനം നടത്തി.
അഖിലേന്ത്യാ കിസാൻ സഭ, സി.ഐ.ടി.യു തുടങ്ങിയ സംഘടനകൾ ജന്തർ മന്ദറിൽ പ്രതിഷേധ മാർച്ച് നടത്തി. പണിമുടക്കിൽ ഡൽഹി കേരള ഹൗസിലെ ഇടതുപക്ഷ സർവീസ് സംഘടനകളും പങ്കുചേർന്നു. ജീവനക്കാർ കേരള ഹൗസിൽ പ്രകടനവും യോഗവും നടത്തി.
ബംഗാളിൽ
അക്രമങ്ങൾ
പശ്ചിമ ബംഗാളിൽ പലയിടത്തും അക്രമങ്ങൾ നടന്നു. കിർനഹറിൽ സമരക്കാരും തൃണമൂൽ കോൺഗ്രസുകാരും ഏറ്റുമുട്ടി. സൗത്ത് കൊൽക്കത്തയിലെ ഗാംഗുലി ബാഗൻ മേഖലയിൽ ഡി.വൈ.എഫ്.ഐ - സി.പി.എം പ്രവർത്തകരും പൊലീസുമായുമായി വാക്കുതർക്കമുണ്ടായി. വഴിതടയാനും, കടകൾ അടപ്പിക്കാനുമുള്ള ശ്രമം പൊലീസ് തടഞ്ഞപ്പോഴാണിത്.ദോംജൂറിൽ സമരാനുകൂലികൾക്ക് നേരെ പൊലീസ് ലാത്തി വീശി. ബരാക്പോരെ, കോൺനഗർ, ദുർഗാപൂർ തുടങ്ങിയ ഇടങ്ങളിൽ ട്രെയിൻ തടഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |