കൊച്ചി: മുളപ്പിച്ച് പുഴുങ്ങി കുത്തിയെടുത്ത പൊക്കാളി അരിയുടെ കഞ്ഞിയും ചോറും പ്രമേഹ രോഗികൾക്ക് യോജിച്ചതെന്ന് കേരള യൂണിവേഴ്സിറ്റി ഒഫ് ഫിഷറീസ് ആൻഡ് ഓഷൻ സയൻസിലെ (കുഫോസ്) ഗവേഷകരുടെ കണ്ടുപിടിത്തം.
രക്തത്തിലെ ഗ്ളൂക്കോസിന്റെ അളവിനെ ഭക്ഷണത്തിലെ കാർബോ ഹൈഡ്രേറ്റ് എത്ര വേഗം ഉയർത്തുന്നുവെന്ന് കണക്കാക്കുന്ന ഗ്ളൈസീമിക് ഇൻഡെക്സ് പൊക്കാളി അരിയുടെ കാര്യത്തിൽ വളരെ കുറവാണ്. കാട്ടുയാനം, കുറുവ, ഹൈബ്രിഡ് ഇനങ്ങളായ ജ്യോതി, ഉമ എന്നിവയും ഗ്ളൈസീമിക് ഇൻഡെക്സ് കുറഞ്ഞവയാണെന്ന് പഠനത്തിൽ കണ്ടെത്തി. 25ഓളം ഇനങ്ങളിൽ നിന്നാണ് ഇവയെ തിരഞ്ഞെടുത്തത്.
48 മണിക്കൂർ കൊണ്ട് മുളപ്പിച്ച ശേഷം പുഴുങ്ങി കുത്തിയെടുത്തപ്പോൾ ഇവ കൂടുതൽ രുചികരവുമായി. കാട്ടുയാനവും കുറുവയും വിളവ് കുറഞ്ഞ നാടൻ ഇനങ്ങളാണ്. കാട്ടുയാനം തമിഴ്‌നാട്ടിൽ പ്രചാരത്തിലുള്ളതാണ്. ജ്യോതിയും ഉമയും വ്യാപകമായി കൃഷി ചെയ്യുന്നുണ്ട്. കുട്ടനാടൻ കർഷകരുടെ പ്രിയങ്കരിയാണ് ഉമ.
എം.സബീനയുടെ ഡോക്ടറേറ്റ് ഗവേഷണത്തിന്റെ ഭാഗമായി കുഫോസിലെ ഫുഡ് ടെക്നോളജി വകുപ്പ് അസോസിയേറ്റ് പ്രൊഫസറായ ഡോ. മായാരാമന്റെ നേതൃത്വത്തിലായിരുന്നു പഠനം. എറണാകുളം മേഖലയിൽ നിന്നുതന്നെയാണ് നെല്ലുകളുടെ സാമ്പിളുകളും ശേഖരിച്ചത്. എറണാകുളത്തെ പ്രമേഹ ചികിത്സാകേന്ദ്രത്തിൽ വോളന്റിയർമാരിലൂടെ പരിശോധനകളും നടത്തി. പശിമ കൂടുതലായതിനാൽ കാട്ടുയാനത്തിന്റെ കഞ്ഞിയും ചോറും കൂടുതൽ പേർക്കും ഇഷ്ടപ്പെട്ടില്ല.
പൊക്കാളി
എറണാകുളം, ആലപ്പുഴ തീരപ്രദേശത്ത് ഉപ്പുജലത്തിൽ വളരുന്ന നെല്ലിനമാണ് പൊക്കാളി. ലോകത്ത് തന്നെ അപൂർവമായാണ് നെല്ല് ഓരുജലത്തിൽ കൃഷി ചെയ്യുന്നത്. വള, കീടനാശിനി പ്രയോഗം ആവശ്യമില്ല. പൊക്കാളിക്ക് ഭൗമസൂചികാ പദവിയുണ്ട്. പൊക്കാളി നിലങ്ങളിൽ ആറുമാസം വീതം നെല്ലും മീനും മാറിമാറിയാണ് കൃഷി ചെയ്യുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |