SignIn
Kerala Kaumudi Online
Sunday, 13 July 2025 6.35 PM IST

മുദ്രവില, രജിസ്ട്രേഷന്‍ ഫീസ് ഇളവ്, വയനാട് ടൗണ്‍ഷിപ്പ് ത്രികക്ഷി കരാര്‍ അംഗീകരിച്ചു: അറിയാം മന്ത്രിസഭാ തീരുമാനങ്ങൾ

Increase Font Size Decrease Font Size Print Page
cabinet

തിരുവനന്തപുരം: ലൈഫ് മിഷന്‍ പദ്ധതിയില്‍പ്പെട്ട ഗുണഭോക്താക്കള്‍ക്ക് വീട് നിര്‍മ്മിക്കുന്നതിനായി ദാനമായോ വിലയ്ക്കു വാങ്ങിയോ ധനനിശ്ചയം മുഖേനയോ മറ്റ് ഏതുവിധേനയോ ലഭ്യമാകുന്ന ഭൂമിയുടെ രജിസ്ട്രേഷനാവശ്യമായ മുദ്രവില, രജിസ്ട്രേഷന്‍ ഫീസ് എന്നിവയില്‍ ഇളവ് അനുവദിക്കും. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.

ഭൂമി സ്വീകരിക്കുന്നയാൾ ലൈഫ് മിഷൻ പദ്ധതി ഗുണഭോക്താവാണെന്നും ഭൂമി ലൈഫ് പദ്ധതി പ്രകാരം വീട് നിർമ്മിക്കാൻ വേണ്ടിയുള്ളതാണെന്നും ജില്ലാ കളക്ടറോ കളക്ടർ അധികാരപ്പെടുത്തുന്ന തഹസിൽദാറിൽ കുറയാത്ത റാങ്കിലുള്ള ഉദ്യോഗസ്ഥനോ നൽകുന്ന സാക്ഷ്യപത്രം കൂടി രജിസ്ട്രേഷൻ രേഖകളോടൊപ്പം ഹാജരാക്കണം. ഉത്തരവ് തീയതി മുതൽ രണ്ട് വർഷ കാലയളവിലേക്കാണ്, ഒഴിവാക്കി നൽകുക.

പ്രളയത്തില്‍ തകര്‍ന്ന വീടുകള്‍ക്ക് പകരം മുത്തുറ്റ് പാപ്പച്ചന്‍ ഫൗണ്ടേഷന്‍ പത്തനംതിട്ട ചിറ്റാര്‍ വില്ലേജില്‍ 12.31 ആര്‍ സ്ഥലത്ത് 9 പേര്‍ക്ക് നിര്‍മ്മിച്ച വീടുകള്‍ കൈമാറ്റം ചെയ്യുന്നതിനുള്ള ആധാര രജിസ്ട്രേഷന് ആവശ്യമായ മുദ്രവിലയും രജിസ്ട്രേഷന്‍ ഫീസും ഒഴിവാക്കി നല്‍കും.

മന്ത്രിസഭ തീരുമാനങ്ങൾ അറിയാം

ബിന്ദുവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം,മകന് ജോലി

കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടത്തിലെ ഒരു ഭാഗം ഇടിഞ്ഞുവീണ് മരണപ്പെട്ട വൈക്കം സ്വദേശിനി ബിന്ദു വിശ്രുതന്റെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് 10 ലക്ഷം രൂപ ധനസഹായം അനുവദിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.

ബിന്ദുവിന്റെ മകൻ നവനീതിന് ഉചിതമായ ജോലി നൽകാൻ തിരുവിതാംകൂർ ദേവസ്വം ബോർഡിനോട് ശുപാർശ ചെയ്യുവാനും തീരുമാനിച്ചു.

വയനാട് ടൗണ്‍ഷിപ്പ് പദ്ധതി;ത്രികക്ഷി കരാര്‍ അംഗീകരിച്ചു

വയനാട് ടൗണ്‍ഷിപ്പ് പദ്ധതിയുടെ നടത്തിപ്പിനായുള്ള ത്രികക്ഷി കരാര്‍ അംഗീകരിച്ചു. കരാര്‍ നടപ്പാക്കുന്നതിന് സ്പെഷ്യല്‍ ഓഫീസര്‍ എസ് സുഹാസ് ഐഎഎസിനെ ചുമതലപ്പെടുത്തി.

അട്ടപ്പാടിയില്‍ ട്രൈബൽ താലൂക്ക് സപ്ലൈ ഓഫീസ്

പാലക്കാട് ജില്ലയിലെ അട്ടപ്പാടി ആസ്ഥാനമാക്കി ഒരു ട്രൈബൽ താലൂക്ക് സപ്ലൈ ഓഫീസ് രൂപീകരിക്കും. താലൂക്ക് സപ്ലൈ ഓഫീസർ, അസിസ്റ്റന്റ് താലൂക്ക് സപ്ലൈ ഓഫീസർ, റേഷനിംഗ് ഇൻസ്പെക്ടർ എന്നിവയുടെ ഓരോ തസ്തികൾ സൃഷ്ടിക്കും. മറ്റ് ജീവനക്കാരെ പൊതുവിതരണ വകുപ്പിൽ നിന്ന് പൂനർവിന്യസിക്കും.

പ്രകൃതി ദുരന്തം; ധനസഹായം

പത്തനംതിട്ട ജില്ലയിൽ 2023 ജനുവരി മുതലുള്ള പ്രകൃതി ദുരന്തത്തിൽ പൂർണമായോ/ഭാഗികമായോ വീടുകൾക്ക് നാശനഷ്ടം സംഭവിച്ച 473 ദുരന്തബാധിതർക്ക് വിതരണം ചെയ്യുന്നതിനുളള CMDRF വിഹിതമായ 95,32,500 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും അനുവദിക്കും.

ടെലികമ്മ്യൂണിക്കേഷന്‍ ചട്ടങ്ങള്‍ നടപ്പാക്കും

2024ലെ ടെലികമ്മ്യൂണിക്കേഷന്‍ (റൈറ്റ് ഓഫ് വേ) ചട്ടങ്ങള്‍ സംസ്ഥാനത്ത് നടപ്പാക്കാന്‍ തീരുമാനിച്ചു.

സർക്കാർ ഗ്യാരണ്ടി അനുവദിക്കും

കേരള സംസ്ഥാന പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപ്പറേഷന് നാഷണൽ സഫായി കർമചാരീസ് ഫിനാൻസ് & ഡെവലപ്മെന്റ് കോർപ്പറേഷനിൽ (NSKFDC) നിന്നും വായ്പ എടുക്കുന്നതിനു 5 വർഷത്തേക്ക് 50 കോടി രൂപയുടെ സർക്കാർ ഗ്യാരണ്ടി വ്യവസ്ഥകൾക്ക് വിധേയമായി അനുവദിക്കും.

പുനര്‍നിയമനം

കേരള ലോക് ആയുക്ത രജിസ്ട്രാറായി റിട്ട. ജില്ലാ ജഡ്ജ് ഇ. ബൈജുവിന് രണ്ടു വര്‍ഷത്തേക്ക് പുനര്‍നിയമനം നല്‍കും. തിരുവനന്തപുരം തിരുമല സ്വദേശിയാണ്.

ഭേദഗതി ഓര്‍ഡിനന്‍സിന്‍റെ കരട് അംഗീകരിച്ചു

കേരള പബ്ലിക്ക് സര്‍വ്വീസ് കമ്മീഷന്‍ (സര്‍വ്വകലാശാലകളുടെ കീഴിലുള്ള സര്‍വ്വീസുകളെ സംബന്ധിച്ച കൂടുതല്‍ ചുമതലകള്‍) ആക്ടിന്‍റെ പരിധിയില്‍ ഉള്‍പ്പെട്ടിരുന്ന NUALSനെ ആക്ടിന്‍റെ പരിധിയില്‍ നിന്നും ഒഴിവാക്കുന്നതിനുള്ള ഭേദഗതി ഓര്‍ഡിനന്‍സിന്‍റെ കരട് അംഗീകരിച്ചു. ഓര്‍ഡിനന്‍സ് വിളംബരപ്പെടുത്തുവാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യുവാനും തീരുമാനിച്ചു.

60 വയസ്സാക്കി ഉയർത്തും

ഇ.പി.എഫ്. പെൻഷൻ പരിധിയിൽ വരുന്ന മൃഗസംരക്ഷണ വകുപ്പിന്റെ കീഴിലെ പൊതുമേഖലാ സ്ഥാപനമായ കേരള ഫീഡ്‌സ് ലിമിറ്റഡിലെ ജീവനക്കാരുടെ പെൻഷൻ പ്രായം 58 വയസ്സിൽ നിന്ന് 60 വയസ്സാക്കി ഉയർത്തും.

പാട്ടത്തുക പുതുക്കി

സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന് പാട്ടത്തിന് അനുവദിച്ച എറണാകുളം വാഴക്കാല വില്ലേജില്‍പ്പെട്ട 40.47 ആര്‍ സര്‍ക്കാര്‍ ഭൂമിക്ക് പാട്ടത്തുക പുതുക്കി നിശ്ചയിച്ചു.

തുടർച്ചാനുമതി

തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ ഭൂസംരക്ഷണ വിഭാഗം സ്പെഷ്യൽ തഹസീൽദാരുടെ കാര്യാലയത്തിലെ 6 തസ്തികകൾ ഉൾക്കൊള്ളുന്ന ലാൻഡ് കൺസർവൻസി യൂണിറ്റിന് 01.04.2025 മുതൽ 31.03.2026 വരെ ഒരു വർഷത്തേയ്ക്ക് തുടർച്ചാനുമതി നൽകും.

കെ.വി.റാബിയയുടെ ചികിത്സാ ചിലവ് വഹിക്കും

അന്തരിച്ച സാക്ഷരത പ്രവർത്തകയും പത്മശ്രീ അവാർഡ് ജേതാവുമായ കെ.വി.റാബിയയുടെ ചികിത്സയ്ക്ക് ചിലവായ 2,86,293 രൂപ അനന്തരാവകാശികളായ മൂന്ന് സഹോദരിമാരിൽ ഒരാളായ ആരിഫയുടെ പേരിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും അനുവദിക്കും.

സർക്കാർ ഗ്യാരന്റി

കേരള സോഷ്യൽ സെക്യൂരിറ്റി പെൻഷൻ ലിമിറ്റഡിനുള്ള സർക്കാർ ഗ്യാരന്റി, നിലവിലെ 6,000 കോടി രൂപയിൽ നിന്നും, 14,000 കോടി രൂപയായി ഉയർത്തും.

ജോലി നല്‍കും

വനം വന്യജീവി വകുപ്പിൽ സൂപ്പർന്യൂമററി തസ്തികയിൽ ഫോറസ്റ്റ് വാച്ചറായി സേവനത്തിലിരിക്കേ 03.09.2015-ൽ അന്തരിച്ച എൻ. ശിവരാമ പിള്ളയുടെ മകളായ കാർത്തിക.എസ്.പിള്ളയ്ക്ക് സമാശ്വാസ തൊഴിൽദാന പദ്ധതി പ്രകാരം വനം വന്യജീവി വകുപ്പിൽ കൊല്ലം ജില്ലയിൽ ക്ലർക്കായി ജോലി നൽകും.

ദർഘാസ് അനുവദിക്കും

"കുട്ടനാട് സമഗ്ര കുടിവെള്ള പദ്ധതി ഘട്ടം - II പാക്കേജ് V- മുട്ടാർ, വെളിയനാട്, നീലംപേരൂർ എന്നീ പഞ്ചായത്തുകളിൽ ഉന്നതതല ജലസംഭരണികളുടെ നിർമ്മാണവും, വിതരണ ശൃംഖല സ്ഥാപിക്കലും, നിലവിലുള്ള ഉന്നതതല ജലസംഭരണികളുടെ പുനരുദ്ധാരണവും" എന്ന പ്രവൃത്തിയ്ക്ക് 52,92,84,964 രൂപയുടെ ദർഘാസ് അനുവദിക്കും.

"കുട്ടനാട് സമഗ്ര കുടിവെള്ള പദ്ധതി ഘട്ടം - II പാക്കേജ് VII - രാമങ്കരി, ചമ്പക്കുളം എന്നിവിടങ്ങളിൽ OHSR ന്റെയും വിതരണ ശൃംഖലയുടെയും നിർമ്മാണം, രാമങ്കരി OH ടാങ്ക് സൈറ്റിൽ ഓൺലൈൻ ക്ലോറിൻ ബൂസ്റ്റർ, രാമങ്കരിയിൽ നിലവിലുള്ള OHSR ന്റെ പുനരുദ്ധാരണം - പൈപ്പ്‌ലൈൻ ജോലി" എന്ന പ്രവൃത്തിയ്ക്ക് 39,33,24,091രൂപയുടെ ദർഘാസ് അനുവദിക്കും.

കുട്ടനാട് സമഗ്ര കുടിവെള്ള പദ്ധതി ഘട്ടം- II പാക്കേജ്- IX - വീയപുരം പഞ്ചായത്തിലെ 4,75 LL. ഉന്നതതല ജലസംഭരണിയുടെ നിർമ്മാണവും, സ്റ്റാഫ് ക്വാർട്ടേഴ്സ്, എടത്വയിൽ ഓഫീസ് കെട്ടിടം എന്നിവയുടെ നിർമ്മാണവും- പൈപ്പ് ലൈൻ ജോലി' എന്ന പ്രവൃത്തിയ്ക്ക് 5,90,70,537 രൂപയുടെ ദാർഘാസ് അനുവദിക്കും.

TAGS: KERALA, LATEST NEWS IN MALAYALAM, CABINET
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.