തിരുവനന്തപുരം: തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകൾ നടക്കാനിരിക്കെ സംസ്ഥാന ബി.ജെ.പിയിൽ ഉടലെടുത്ത ഭിന്നത പരിഹരിക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രിയും മുൻ ദേശീയ അദ്ധ്യക്ഷനുമായ അമിത് ഷായുടെ ഇടപെടൽ. ഇന്ന് സംസ്ഥാനത്തെത്തുന്ന അദ്ദേഹം നാളെ ഉച്ചയ്ക്ക് സംസ്ഥാന നേതാക്കളുടെ യോഗം വിളിച്ചിരിക്കുകയാണ് . ഭിന്നസ്വരമുയർത്തുന്ന നേതാക്കൾക്ക് ശക്തമായ താക്കീതുണ്ടാകുമെന്നാണ് സൂചന.
തൃശ്ശൂരിൽ ജൂൺ 26ന് നടത്തിയ സംസ്ഥാന നേതൃയോഗത്തിലും കോർ കമ്മിറ്റിയോഗത്തിലും മുൻ അദ്ധ്യക്ഷൻമാരായ അംഗങ്ങളെ ഒഴിവാക്കിയതും നേതൃയോഗത്തെ കുറിച്ച് മുതിർന്ന നേതാക്കളായ വി.മുരളീധരനേയും കെ.സുരേന്ദ്രനേയും അറിയിക്കാതെയിരുന്നതുമാണ് പ്രശ്നമായത്. ആ യോഗത്തിൽ തന്നെ ചില നേതാക്കൾ ഇതിനെതിരെ പ്രതികരിച്ചിരുന്നു. സംഭവം വാർത്തയായതോടെ സംസ്ഥാന പ്രസിഡന്റ് 30ന് തിരുവനന്തപുരത്ത് കെ.സുരേന്ദ്രനേയും വി.മുരളീധരനേയും പങ്കെടുപ്പിച്ച് കോർ കമ്മിറ്റി നടത്തുകയും യോഗ തീരുമാനങ്ങൾ വാർത്താസമ്മേളനത്തിൽ വിശദീകരിക്കാൻ കെ.സുരേന്ദ്രനെ ചുമതലപ്പെടുത്തുകയും ചെയ്തു. എന്നാൽ പാർട്ടിക്കകത്തെ ഭിന്നത പൂർണ്ണമായും പരിഹരിക്കപ്പെട്ടില്ലെന്നാണ് സൂചന.
രാജീവ് ചന്ദ്രശേഖറെ സംസ്ഥാന അദ്ധ്യക്ഷനായി നിയമിച്ചുവെങ്കിലും സംസ്ഥാന ഭാരവാഹികളെ തീരുമാനിച്ചിട്ടില്ല. ദേശീയ അദ്ധ്യക്ഷനെ നിയമിച്ചതിന് ശേഷമാണ് സാധാരണ സംസ്ഥാന നേതാക്കളെ തീരുമാനിക്കുക. അതിനായി കാത്തരിക്കുകയാണെങ്കിലും തയ്യാറാക്കിയ പട്ടികയിൽ ഒരുവിഭാഗം നേതാക്കളെ തഴഞ്ഞെന്ന് ആരോപണമുണ്ട്. പുതിയ സംസ്ഥാന അദ്ധ്യക്ഷൻ രാഷ്ട്രീയേതര വിഷയങ്ങളിൽ കൂടുതൽ ശ്രദ്ധയൂന്നുന്നതിനോടും ചില നേതാക്കൾക്ക് യോജിപ്പില്ല. ക്രിസ്ത്യൻ വിഭാഗത്തെ അമിതമായി പ്രീണിപ്പിക്കാൻ ശ്രമിക്കുന്നുവെന്നും ആരോപണമുണ്ട്. ഇതെല്ലാം തദ്ദേശ തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ സാധ്യത കുറയ്ക്കുമെന്ന ആശങ്ക കേന്ദ്രനേതൃത്വത്തിനുമുണ്ട് . കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ 1400 വാർഡുകളോളം നേടിയിരുന്നു.ഇത്തവണ 6000 വാർഡുകളാണ് ലക്ഷ്യം.
ഇന്ന് രാത്രി തിരുവനന്തപുരത്തെത്തുന്ന അമിത് ഷാ നാളെ പാർട്ടി ആസ്ഥാന ഓഫീസിന്റെ ഉദ്ഘാടനം നിർവഹിക്കും. തദ്ദേശതിരഞ്ഞെടുപ്പിന്റെ പ്രചരണ പരിപാടികൾക്ക് പുത്തരിക്കണ്ടത്തെ പൊതുയോഗത്തിൽ തുടക്കം കുറിക്കും. തുടർന്ന് വൈകിട്ടാണ് കണ്ണൂർ വഴി ഡൽഹിക്ക് മടങ്ങുക.അതിനിടയിലാണ് പ്രധാന നേതാക്കളുടെ യോഗം.
അമിത്ഷാ ഇന്നെത്തും
തിരുവനന്തപുരം:ഒരുദിവസത്തെ സന്ദർശനത്തിനായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ ഇന്ന് രാത്രി പത്തുമണിയോടെ സംസ്ഥാനത്തെത്തും.നാളെ രാവിലെ 11ന് അരിസ്റ്റോ ജംഗ്ഷനിലെ ബി.ജെ.പി സംസ്ഥാന ഓഫീസ് ആയ മാരാർജി ഭവന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിക്കും. തുടർന്ന് 12.30ന് പുത്തരിക്കണ്ടം മൈതാനത്തെ പൊതുപരിപാടിയിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ മുപ്പതിനായിരത്തിലധികം വരുന്ന ബൂത്ത്തല നേതാക്കളെ അമിത് ഷാ അഭിസംബോധന ചെയ്യും.തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തുടക്കം കൂടിയാണ് പുത്തരിക്കണ്ടത്തെ സമ്മേളനം.ബി.ജെ.പി സംസ്ഥാന നേതൃയോഗത്തിലും പങ്കെടുക്കും. വൈകിട്ട് നാല് മണിയോടെ മടങ്ങും വഴി കണ്ണൂരിൽ ഇറങ്ങി തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്ര ദർശനം നടത്തും. രാത്രിയോടെ ഡൽഹിക്ക് പോകും.
.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |