തിരുവനന്തപുരം: ഹയർ സെക്കൻഡറി വിഭാഗം നാഷണൽ സർവീസ് സ്‌കീം നടത്തുന്ന പിരിവിലെ അഴിമതി വിജിലൻസ് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി. ഇടുക്കി ജില്ലയിൽ നിന്നുള്ള കുട്ടിയുടെ രക്ഷിതാവാണ് ഡയറി, ബാഡ്ജ്, ട്രെയിനിങ് ക്യാമ്പിനുള്ള ഫീസ് എന്നിവയിലെ ക്രമക്കേടുകളിൽ അന്വേഷണം ആവശ്യപ്പെട്ടത്.
വിഷയത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ് അന്വേഷണം ആരംഭിച്ചു. പരാതിയുടെ അടിസ്ഥാനത്തിൽ വരും വർഷങ്ങളിൽ സർക്കാർ മേൽനോട്ടത്തിൽ ഡയറിയും ബാഡ്ജും പ്രിന്റ് ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്.
ടെൻഡറില്ലാതെ ഡയറിയും ബാഡ്ജും പ്രിന്റ് ചെയ്തതിലും, ട്രെയിനിംഗ് ക്യാമ്പിന് അനധികൃത പണപ്പിരിവ് നടത്തിയതിലും 2018 മുതൽ 2024 വരെ വൻ അഴിമതി നടന്നതായാണ് പരാതി. ഡയറി, ബാഡ്ജ് എന്നിവയുടെ പ്രിന്റിംഗ് സ്വകാര്യ സ്ഥാപനത്തിന് നൽകിയതിൽ അഴിമതിയുണ്ട്. സംസ്ഥാനത്ത് കുറഞ്ഞ ചെലവിൽ പ്രിന്റ് ചെയ്യാമെന്നിരിക്കെ മുൻ സംസ്ഥാന കോ-ഓർഡിനേറ്റർ പ്രിന്റിംഗ് ശിവകാശിയിലെ പ്രസിനെ ഏൽപ്പിച്ചു. പ്രിന്റ് ചെയ്തത് ഗുണനിലവാരമില്ലാത്ത ഡയറിയും ബാഡ്ജും. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർമാർക്കും വോളണ്ടിയർമാർക്കും ട്രെയിനിംഗിനായി പിരിക്കുന്ന തുകയിലും ക്രമക്കേടുകളുണ്ട്. രണ്ട് വോളണ്ടിയർമാർക്ക് (ഒരാൺകുട്ടി, ഒരു പെൺകുട്ടി) 1650 രൂപയും ഒരു പ്രോഗ്രാം ഓഫീസർക്ക് 1850 രൂപയുമാണ് രജിസ്ട്രേഷൻ ഫീസ്.
ഡയറിക്കും ബാഡ്ജിനുമുള്ള സാമ്പത്തിക ഇടപാട് ബാങ്ക് വഴിയല്ല, ഓഡിറ്റിംഗുമില്ല.
പ്ളസ് വണിന് എൻ.എസ്.എസ് വോളണ്ടിയറായി എൻറോൾ ചെയ്യുമ്പോഴാണ് വിദ്യാർത്ഥിക്ക് ഡയറിയും ബാഡ്ജും കിട്ടുന്നത്. ഒരു വർഷം എഴുപത്തി അയ്യായിരം വോളണ്ടിയർമാർ എൻറോൾ ചെയ്യുന്നുണ്ട്. ഇങ്ങനെ 37,50,000 രൂപ എൻ.എസ്.എസ് പ്രോഗ്രാം കോ-ഓർഡിനേറ്റർ കൈപ്പറ്റുന്നു.2023 വരെ ഒരു വോളണ്ടിയറിൽ നിന്ന് ഡയറി, ബാഡ്ജ് ഇനത്തിൽ 50 രൂപയാണ് കൈപ്പറ്റിയിരുന്നത്. കഴിഞ്ഞ വർഷം ഇത് 70 രൂപയാക്കി. പരാതി ഉയർന്നതോടെ ചില ജില്ലകളിൽ കുട്ടിയൊന്നിന് 20 രൂപ ജില്ലാ കോ-ഓർഡിനേറ്റർമാർക്ക് തിരികെ നൽകിയെന്നും ആക്ഷേപമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |