കല്ലമ്പലം (തിരുവനന്തപുരം): ഈന്തപ്പഴം നിറച്ച പെട്ടിയിൽ ഒളിപ്പിച്ച് ഒമാനിൽ നിന്ന് വിമാനത്തിൽ കടത്തിക്കൊണ്ടുവന്ന 1.26 കിലോ എം.ഡി.എം.എയുമായി നാലുപേർ കല്ലമ്പലത്ത് അറസ്റ്റിൽ. ഇതിന് മൂന്നു കോടിരൂപ വിലവരും. 17 ലിറ്റർ വിദേശ മദ്യവും പിടിച്ചെടുത്തു. കസ്റ്റംസിന്റെ പിടിയിൽപെടാതെ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന് പുറത്തെത്തിയത് എങ്ങനെ എന്നതിനെക്കുറിച്ചും പൊലീസ് അന്വേഷിക്കുന്നു. വിമാനത്താവളത്തിന് പുറത്തുവച്ച് മയക്കുമരുന്ന് നിറച്ച ബാഗേജുകൾ പിക്ക് അപ്പ് വാനിലാക്കി കൊണ്ടുവരുമ്പോഴാണ് പിടികൂടിയത്.
നിരവധി മയക്കുമരുന്ന് കേസുകളിൽ പ്രതിയായ വർക്കല സ്വദേശി സഞ്ജു എന്ന സൈജു (42), ഞെക്കാട് വലിയവിള സ്വദേശി നന്ദു (32), ഉണ്ണിക്കണ്ണൻ (39), പ്രവീൺ (35) എന്നിവരാണ് അറസ്റ്റിലായത്. ഇവരെ റിമാൻഡ് ചെയ്തു. ജില്ലയിൽ വിതരണത്തിനാണ് എം.ഡി.എം.എ എത്തിച്ചത്. റൂറൽ എസ്.പി സുദർശന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ബുധനാഴ്ച രാത്രി 11നാണ് പിടികൂടിയത്.
ഈന്തപ്പഴം നിറച്ച പെട്ടികൾക്കുള്ളിൽ കറുത്ത കവറിലാണ് എം.ഡി.എം.എ സൂക്ഷിച്ചിരുന്നത്. മയക്കുമരുന്ന് മാഫിയയുടെ പ്രധാന കണ്ണിയാണ് സഞ്ജു. ഇയാളുടെ നേതൃത്വത്തിൽ രാസലഹരി വിതരണം നടത്തുന്ന സംഘത്തെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചിരുന്നു. റൂറൽ നർക്കോട്ടിക് ഡിവൈ.എസ്.പി പ്രദീപിന്റെ നേതൃത്വത്തിൽ ഡാൻസാഫ് എസ്.ഐമാരായ സാഹിൽ, ബിജുകുമാർ, എസ്.സി.പി.ഒമാരായ വിനീഷ്, അനൂപ്, സി.പി.ഒ ഫറൂക്ക് എന്നിവരും വർക്കല ഡിവൈ.എസ്.പി ഗോപകുമാർ, കല്ലമ്പലം എസ്.എച്ച്.ഒ പ്രൈജു, എസ്.ഐ ഷമീർ എന്നിവരുടെ നേതൃത്വത്തിലുമാണ് പ്രതികളെ പിടികൂടിയത്.
കടത്തിയത് പിക്ക് അപ്പ്
വാനിൽ, മുന്നിൽ ഇന്നോവ
ഒമാനിൽ നിന്ന് മയക്കുമരുന്ന് കൊണ്ടുവന്നത് സഞ്ജുവും നന്ദുവുമാണ്. ഭാര്യയ്ക്കും രണ്ട് മക്കൾക്കുമൊപ്പമായിരുന്നു സഞ്ജു. വിമാനത്താവളത്തിൽ ഇവരെ സ്വീകരിക്കാൻ ഇന്നോവ കാറുമായി ഉണ്ണിക്കണ്ണനും പ്രവീണും എത്തി. ഒപ്പം വാടകയ്ക്കെടുത്ത പിക്ക്അപ്പ് വാനും. വിമാനത്താവളത്തിന് പുറത്ത് ബാഗേജുകൾ പിക്ക്അപ്പിലേക്ക് മാറ്റിയശേഷം എല്ലാവരും ഇന്നോവയിൽ കയറി. ഇന്നോവ മുന്നിലും പിക്ക്അപ്പ് വാൻ പിന്നിലുമായി സഞ്ചരിക്കുമ്പോഴാണ് പിടിയിലായത്. മയക്കുമരുന്ന് കടത്തിനായാണ് ഇവർ ഒമാനിൽ പോയതെന്നാണ് സൂചന. സഞ്ജുവിന്റെ കുടുംബത്തെ തത്കാലം വിട്ടയച്ചു. ഇവർക്ക് കടത്തിൽ പങ്കുണ്ടെന്ന് തെളിഞ്ഞാൽ അറസ്റ്റുചെയ്യുമെന്ന് പൊലീസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |