കൊച്ചി: ഒമ്പത് വർഷത്തിനിടെ സംസ്ഥാനത്ത് പിടികൂടിയത് 631.78 കോടിയുടെ ലഹരി മരുന്ന്. 57,855 പേർ അറസ്റ്റിലായി. 2016 മുതൽ മയക്കുമരുന്നിനെതിരെ സർക്കാർ നിലപാട് കടുപ്പിച്ചതോടെയാണ് കേസുകൾ കൂടിയതെന്ന് വിവരാവകാശ രേഖ വ്യക്തമാക്കുന്നു. 2011-16ൽ 3,809 കിലോ കഞ്ചാവും 30 കിലോ ഹാഷിഷും മാത്രമാണ് പിടികൂടിയത്. ഇക്കാലത്ത് എം.ഡി.എം.എ കേസുകളില്ല. 4,578 പേരാണ് അറസ്റ്റിലായത്.
വിവരാവകാശ പ്രവർത്തകനായ എറണാകുളം കാക്കനാട് സ്വദേശി രാജു വാഴക്കാലയ്ക്ക് ലഭിച്ച മറുപടിയിലാണ് ഈ കണക്ക്. 2016 ജൂൺ മുതൽ 2021 മേയ് വരെയുള്ള ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് 73.75 കോടിയുടെ 12,291.864 കിലോ കഞ്ചാവും 172.34 കോടിയുടെ 1,72,342.66 ഗ്രാം ഹാഷിഷും, 131.19 കോടിയുടെ 32,798.77 ഗ്രാം എം.ഡി.എം.എയും പിടിച്ചെടുത്തു.
2021 മേയ് മുതൽ 2025 ഏപ്രിൽ വരെ 89.49 കോടിയുടെ 14,916 കിലോ കഞ്ചാവും, 62.83 കോടിയുടെ 62,832 ഗ്രാം ഹാഷിഷും 102.17 കോടിയുടെ 25,544 ഗ്രാം ഹാഷിഷും പിടികൂടി.
എം.ഡി.എം.എയിൽ മുന്നിൽ എറണാകുളം
2021 മേയ് മുതൽ 2025 ഏപ്രിൽ വരെ എറണാകുളത്താണ് ഏറ്റവുമധികം എം.ഡി.എം.എ പിടിച്ചെടുത്തത്- 9,715ഗ്രാം. ഹാഷിഷ് പിടിത്തത്തിൽ മുന്നിൽ പാലക്കാടാണ്- 21,238 ഗ്രാം. കഞ്ചാവ് കേസിൽ പാലക്കാടും (4,900കിലോ) മലപ്പുറവുമാണ് (2,141 കിലോ) മുന്നിൽ.
പിടിച്ചെടുത്ത ലഹരിയും മൂല്യവും (രൂപയിൽ)
(2016 ജൂൺ.............2021 മേയ്)
കഞ്ചാവ്..............73,75,11,840
ഹാഷിഷ്..............172,34,26,600
എം.ഡി.എം.എ...131,19,350,80
ആകെ..................377,28,73,520
(2021 മേയ് ........2025 ഏപ്രിൽ)
കഞ്ചാവ്................ 89,49,36,513
ഹാഷിഷ്..................62,83,21,834
എം.ഡി.എം.എ.....102,17,60,761
ആകെ....................254,50,19,108
ഹാഷിഷ് ഓയിൽ കടത്താൻ ശ്രമിച്ചയാൾക്ക് കഠിന തടവും പിഴയും
തിരുവനന്തപുരം: വൻതോതിൽ ഹാഷിഷ് ഓയിൽ കടത്താൻ ശ്രമിച്ച കേസിൽ ഇടുക്കി കൊന്നത്തറ കൂനംമാക്കൽ വീട്ടിൽ അജി ശ്രീധരന് കോടതി 12 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷിച്ചു. പിഴ ഒടുക്കിയില്ലെങ്കിൽ ആറ് മാസം അധിക തടവ് അനുഭവിക്കണം. രണ്ടാം അഡിഷണൽ സെഷൻസ് ജഡ്ജി ആർ. രാജേഷാണ് ശിക്ഷിച്ചത്.
പേട്ട റെയിൽവേ സ്റ്റേഷൻ ഒന്നാം പ്ലാറ്റ്ഫോമിൽ നിന്നാണ് ട്രോളി ബാഗിൽ കടത്താൻ ശ്രമിച്ച 29.75 കിലോ ഹാഷിഷ് ഓയിൽ പേട്ട പൊലീസ് പിടികൂടിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. പ്രോസിക്യൂഷന് വേണ്ടി അഡിഷണൽ പബ്ലിക് പ്രോസിക്യൂട്ടർ കെ. എൽ. ഹാരീഷ് കുമാർ ഹാജരായി.
ഷീലയുടെ ബാഗിൽ വ്യാജസ്റ്റാമ്പ് വച്ചത് താനെന്ന് ലിവിയ
തൃശൂർ: ചാലക്കുടിയിലെ ബ്യൂട്ടി പാർലർ ഉടമ ഷീല സണ്ണിയുടെ ബാഗിൽ വ്യാജ ലഹരി സ്റ്റാമ്പ് വച്ച് കുടുക്കിയ കേസിലെ മുഖ്യപ്രതി ലിവിയ ജോസിനെ ചോദ്യം ചെയ്തതിൽ നിന്നും പൊലീസിന് ലഭിച്ചത് നിർണായക വിവരങ്ങൾ. ഷീലയോടുള്ള വൈരാഗ്യം മൂലം താനാണ് ലഹരി സ്റ്റാമ്പ് വച്ചതെന്ന് ലിവിയ സമ്മതിച്ചിട്ടുണ്ട്. കുടുംബ തർക്കവും സാമ്പത്തിക തർക്കവുമാണത്രേ പ്രേരണയായത്. ഷീല സണ്ണിയുടെ മകന്റെ ഭാര്യയുടെ സഹോദരിയാണ് ലിവിയ ജോസ്.
യഥാർത്ഥ എൽ.എസ്.ഡി സ്റ്റാമ്പെന്ന ധാരണയിലാണ് ഷീലയുടെ ബാഗിൽ വ്യാജ സ്റ്റാമ്പ് വച്ചതെന്നാണ് ലിവിയ പറഞ്ഞത്. ഇതിന്റെവ്യക്തതയ്ക്കായി വിയ്യൂർ ജയിലിൽ കഴിയുന്ന മറ്റൊരു പ്രതി നാരായണദാസിൽ നിന്നും അന്വേഷണ സംഘം മൊഴിയെടുക്കും. നാരായണദാസിനെ കസ്റ്റഡിയിൽ കിട്ടാൻ ഹൈക്കോടതിയിൽ അപേക്ഷ സമർപ്പിക്കുമെന്നും അറിയുന്നു. ലിവിയയെ രണ്ടുദിവസം പൊലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്യലിനായി കിട്ടിയെങ്കിലും നാരായണദാസിന്റെ കസ്റ്റഡി അപേക്ഷ കോടതി നിരസിച്ചിരുന്നു. ഇതേത്തുടർന്നാണ് ഹൈക്കോടതിയിൽ പൊലീസ് അപേക്ഷ നൽകാനിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |