ദുബായ്: ശിവഗിരി മഠത്തിന്റെ ആഭിമുഖ്യത്തിൽ ആഗസ്റ്റിൽ ദുബായിൽ ആലുവ സർവമത സമ്മേളന ശതാബ്‌ദി ആഘോഷം സംഘടിപ്പിക്കും. ശ്രീനാരായണ ഗുരുദേവന്റെ ഏകലോക ദർശനം ലോകമെമ്പാടും എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ആദ്യഘട്ടമെന്ന നിലയിൽ കഴിഞ്ഞവർഷം നവംബറിൽ വത്തിക്കാനിൽ ലോകമത പാർലമെന്റും ഇക്കഴിഞ്ഞ മേയിൽ യു.കെയിൽ ശ്രീനാരായണഗുരു ഹാർമണിയും സംഘടിപ്പിച്ചിരുന്നു. ഇതിന്റെ തുടർച്ചയാണ് ദുബായിലെ പരിപാടി.
സർവമത സമ്മേളന ശതാബ്‌ദി ആഘോഷത്തിന്റെ ബ്രോഷർ പ്രകാശനം പ്രോഗ്രാം ഓർഗനൈസിംഗ് കമ്മിറ്റി സെക്രട്ടറി സ്വാമി വീരേശ്വരാനന്ദ ദുബായ് പൊലീസ് മേധാവി മേജർ ഡോ.ഒമർ അൽ മസ്റൂക്കിക്ക് നൽകി നിർവഹിച്ചു. തുടർന്ന് ഗുരുദേവന്റെ ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്, മതമേതായാലും മനുഷ്യൻ നന്നായാൽ മതി എന്ന സന്ദേശം ഉൾക്കൊള്ളുന്ന ദർശനത്തെക്കുറിച്ചും ആലുവ സർവമത സമ്മേളനത്തെക്കുറിച്ചും ചർച്ചകൾ നടന്നു. അഹമ്മദ് മുഹമ്മദ് സലേ, ജാഫർ അബൂബക്കർ അഹ്‌മദി തുടങ്ങിയവർ പങ്കെടുത്തു.
നാനാജാതി മതസ്ഥരായ ജനസമൂഹത്തെയും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മതമേലദ്ധ്യക്ഷന്മാർ, രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ തുടങ്ങിയവരെയും പങ്കെടുപ്പിച്ച് ഗുരുദർശനം ആഗോള തലത്തിൽ ശക്തിപ്പെടുത്തുന്നതിന് ദുബായിൽ നടക്കുന്ന ശതാബ്‌ദി ആഘോഷം സഹായകമാകുമെന്ന് സ്വാമി വീരേശ്വരാനന്ദ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |