കോഴിക്കോട്; നവകേരള സദസിനുപിന്നാലെ ഒട്ടേറെ വിവാദങ്ങളിൽപ്പെട്ടതാണ് നവകേരള ബസ്. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ഈ ബസിലാണ് നവകേരള സദസുകളിൽ പങ്കെടുക്കാൻ സഞ്ചരിച്ചത്. നവകേരള യാത്രയ്ക്കുശേഷം ബസ് പ്രീമിയം സർവീസിനായി കെഎസ്ആര്‍ടിസിക്ക് കൈമാറിയിരുന്നു. കോഴിക്കോട് നിന്ന് ബംഗളൂരുവിലേക്ക് പ്രീമിയം ഗരുഡ സർവീസായാണ് ഇപ്പോള്‍ ബസിന്‍റെ യാത്ര.
സീറ്റുകളുടെ എണ്ണം കൂട്ടുന്നതിന് വേണ്ടി ബസിന്റെ ഹൈഡ്രോളിക് ലിഫ്റ്റും വാഷിംഗ് ഏരിയയും ഒഴിവാക്കിയിരുന്നു. എന്നിട്ടും ബസിലെ ശുചിമുറി നിലനിർത്തിയിരുന്നു. ശുചിമുറി ഉള്‍പ്പെടെയുള്ള സൗകര്യങ്ങളായിരുന്നു നവകേരള ബസിന്റെ പ്രധാന ആകര്‍ഷണം. എന്നാൽ കഴിഞ്ഞ ദിവസം ബംഗളൂരുവിലേക്ക് പോയ യാത്രക്കാർ കണ്ടത് ബസിന്റെ ശുചിമുറി പൂട്ടി ഇട്ടിരിക്കുന്നതാണ്. എന്താണ് തകരാറെന്ന് ചോദിച്ചിട്ട് ആർക്കും ഉത്തരമില്ലായിരുന്നു.
ബസിന്റെ വൈപ്പറും ഒടിഞ്ഞ് തൂങ്ങിയ നിലയിലായിരുന്നു. പിന്നീട് കോഴിക്കോട് നിന്ന് ബത്തേരി എത്തിയ ശേഷമാണ് വൈപ്പർ ശരിയാക്കി യാത്ര തുടര്‍ന്നത്. ബസിലെ ഒരു യാത്രക്കാരനാണ് ഈ ദൃശ്യങ്ങൾ പകർത്തി സോഷ്യൽ മീഡിയയിൽ പങ്കുവച്ചത് ശ്രദ്ധ നേടിയിരുന്നു. പ്രീമിയം എ സി സര്‍വീസായി ദീര്‍ഘദൂര യാത്ര പോകുന്ന നവകേരള ബസിനോട് യാത്രക്കാര്‍ മതിപ്പുണ്ട്. എന്നാല്‍ അതിലെ സൗകര്യങ്ങള്‍ ഒന്നുകൂടി ഉറപ്പാക്കണം എന്നാണ് യാത്രക്കാരുടെ പ്രതികരണം.
നവകേരള യാത്രയ്ക്കായി 1.16 കോടി രൂപ ചെലവഴിച്ചാണ് ബസ് വാങ്ങിയത്. ഇതിന് വീണ്ടും മാറ്റം വരുത്താനായി ഏകദേശം പത്ത് ലക്ഷം രൂപയും ചെലവായിരുന്നു. രാവിലെ 8.30 ന് കോഴിക്കോട് ഡിപ്പോയിൽ നിന്ന് പുറപ്പെട്ട് വെെകിട്ട് നാലരയോടെ ബസ് ബംഗളൂരുവിലെത്തും. രാത്രി 10.30 ന് ബംഗളൂരുവിൽ നിന്ന് പുറപ്പെട്ട് ആറരയോടെ കോഴിക്കോടെത്തും. നേരത്തെ പുലർച്ചെ 4ന് കോഴിക്കോട് നിന്ന് പുറപ്പെട്ട് 11.30ന് ബംഗളൂരുവിലെത്തി 2.30ന് ബംഗളൂരുവിൽ നിന്ന് പുറപ്പെട്ട് രാത്രി 10നു കോഴിക്കോടെത്തുന്ന രീതിയിലായിരുന്നു ബസിന്റെ സമയക്രമം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |