ആലപ്പുഴ: പി.എം ശ്രീ പദ്ധതി നിസഹകരണത്തിന്റെ പേരിൽ കേന്ദ്ര സഹായം നിഷേധിക്കപ്പെട്ട, സമഗ്ര ശിക്ഷാകേരളയെ (എസ്.എസ്.കെ) നിലനിറുത്താൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വിഹിതം തേടി പൊതുവിദ്യാഭ്യാസ വകുപ്പ്.
തദ്ദേശ സ്വയംഭരണവകുപ്പ് 2025-26ൽ വകയിരുത്തിയ 216.22 കോടി ഉടൻ നേടുകയാണ് ലക്ഷ്യം. എസ്.എസ്.കെയുടെ പ്രവർത്തനം തടസപ്പെടാതിരിക്കാൻ വികസന ഫണ്ടിൽ നിന്ന് ആനുപാതികമായ തുക എത്രയും വേഗം അനുവദിക്കാൻ തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് സെക്രട്ടറി ഉത്തരവിട്ടിട്ടുണ്ട്.
തദ്ദേശസ്ഥാപനങ്ങളിൽ നിന്ന് 2023-24ൽ 82.68 കോടിയും 2024-25 ൽ 88.83 കോടിയുമാണ് എസ്.എസ്.കെയ്ക്ക് ലഭിച്ചത്. എന്നാൽ, ഇപ്പോഴത്തെ സവിശേഷ സാഹചര്യത്തിൽ രണ്ടര ഇരട്ടിയിലധികം പണം തദ്ദേശ സ്ഥാപനങ്ങളിൽ നിന്ന് സമാഹരിക്കാനാണ് നീക്കമെങ്കിലും തനത് വിഹിതം കുറവായ സ്ഥാപനങ്ങളിൽ നിന്ന് ഇത്രത്തോളം തുക എങ്ങനെ സമാഹരിക്കുമെന്ന് വ്യക്തമല്ല. പരമാവധി പണം കണ്ടെത്താൻ തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
എൻ.ഇ.പിയുടെ നിർവഹണ ചുമതല എസ്.എസ്.കെയ്ക്കാണെന്നും പി.എം ശ്രീ നടപ്പാക്കാത്തതിനാൽ തുക തരാനാവില്ലെന്നുമാണ് കേന്ദ്ര നിലപാട്. തമിഴ്നാട് മാതൃകയിൽ ഇതിനെതിരെ നിയമ നടപടികളുമായി മുന്നോട്ട് പോകാനും ബദൽ തേടാനുമാണ് കേരളത്തിന്റെ ആലോചന.
രണ്ട് മാസമായി ശമ്പളമില്ല
എസ്.എസ്.കെയ്ക്കായി സംസ്ഥാന സർക്കാർ മുൻകൂറായി കഴിഞ്ഞ മാസം 19.77 കോടി നൽകിയെങ്കിലും മതിയാകാത്ത സാഹചര്യത്തിലാണ് തദ്ദേശ സ്ഥാപനങ്ങളുടെ വിഹിതം തേടുന്നത്. എസ്.എസ്.കെ ഫണ്ടിന്റെ 60ശതമാനം കേന്ദ്രവും 40ശതമാനം സംസ്ഥാനവുമാണ് വഹിക്കുന്നത്. കേന്ദ്രഫണ്ട് ലഭിക്കാത്തതിനാൽ ഏപ്രിൽ മുതൽ ജീവനക്കാർക്ക് ശമ്പളം ലഭിക്കാതായി. ഈവർഷത്തെ 513 കോടിയും കഴിഞ്ഞ വർഷത്തെ 153 കോടിയും കുടിശികയുണ്ട്. തദ്ദേശ വിഹിതം ലഭിച്ചാൽ രണ്ടുമാസത്തെ ശമ്പള കുടിശികയുൾപ്പെടെ നൽകി പിടിച്ചുനിൽക്കാനാണ് നീക്കം.
എസ്.എസ്.കെ കേരളം
അദ്ധ്യാപകർ...................................869
സ്‌പെഷ്യലിസ്റ്റ് അദ്ധ്യാപകർ........1255
റിസോഴ്സ് അദ്ധ്യാപകർ.............2784
ക്ലസ്റ്റർ കോർഡിനേറ്റർമാർ........1031
മറ്റ് ജീവനക്കാർ..............................861
ആകെ ....................6800
..............................................
കേന്ദ്ര കുടിശിക
2023-24.....188 കോടി
2024-25.... 420 കോടി
ആകെ ....608 കോടി
.....................................
തദ്ദേശ സ്ഥാപനങ്ങളിൽ നിന്നുള്ള വിഹിതം പൊതുവിദ്യാഭ്യാസ വകുപ്പ് ആവശ്യപ്പെട്ട സാഹചര്യത്തിൽ കണ്ടെത്തി നൽകാൻ ഉത്തരവായിട്ടുണ്ട്. പ്രിൻസിപ്പൽ ഡയറക്ടർക്കാണ് മേൽനോട്ടച്ചുമതല
- ഡയറക്ടറേറ്റ്, തദ്ദേശ സ്വയം ഭരണ വകുപ്പ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |