തിരുവനന്തപുരം: പരിഷ്കരണം ഇക്കൊല്ലം തന്നെ വേണോയെന്ന് മന്ത്രിസഭായോഗത്തിൽ മൂന്ന് മന്ത്രിമാർ ആശങ്കപ്പെട്ടതാണ്. എന്നിട്ടും തിടുക്കപ്പെട്ട് പുതിയ മാർക്ക്സമീകരണ ഫോർമുല നടപ്പാക്കി. എൻജിനിയറിംഗ് എൻട്രൻസ് റാങ്ക്ലിസ്റ്റു തന്നെ കോടതി റദ്ദാക്കി. സംസ്ഥാന സിലബസുകാരെ സഹായിക്കാനുള്ള നീക്കം ഫലത്തിൽ അവരെ അപമാനിക്കുന്നതായി.
റാങ്ക്ലിസ്റ്റ് മാറ്റം ചോദ്യംചെയ്ത് കേരള സിലബസുകാർ കോടതിയിലെത്തിയാൽ അലോട്ട്മെന്റ് നീളും. വിദ്യാർത്ഥികളും രക്ഷിതാക്കളും കടുത്ത മാനസിക സമ്മർദ്ദത്തിലാണ്.
സംസ്ഥാന സിലബസുകാർക്ക് നീതി ഉറപ്പാക്കണമെന്ന ഉറച്ചനിലപാടാണ് മന്ത്രി ആർ.ബിന്ദു സ്വീകരിച്ചത്. പ്രോസ്പെക്ടസ് പുറപ്പെടുവിച്ച ശേഷം ഏതുഘട്ടത്തിലും മാറ്റംവരുത്താമെന്ന വകുപ്പും ചൂണ്ടിക്കാട്ടി. എന്നാൽ പ്രോസ്പെക്ടസ് ഭേദഗതി ഒരു വിദ്യാർത്ഥിക്കുപോലും ദോഷകരമാകരുതെന്ന് സുപ്രീംകോടതി ഉത്തരവുണ്ട്. ഇതു സർക്കാർ മറന്നതാണ് തിരിച്ചടിയായത്.
അതേസമയം, എല്ലാവർക്കും ഒരുപോലെ ആനുകൂല്യങ്ങൾ നൽകുന്ന ഭേദഗതിക്ക് തടസവുമില്ല. ഇക്കൊല്ലം തിടുക്കത്തിൽ പുതിയ രീതി നടപ്പാക്കേണ്ടതില്ലെന്ന വിദഗ്ദ്ധസമിതിയുടെ ശുപാർശയും അവഗണിച്ചാണ് മുന്നോട്ടുപോയത്. സുപ്രീംകോടതിയിലും തിരിച്ചടി ഭയന്നാണ് അപ്പീൽ പോകാതെ സർക്കാർ പിൻവാങ്ങിയത്.
പലർക്കും പ്രതീക്ഷിച്ച
കോഴ്സ് കിട്ടില്ല
റാങ്ക്പട്ടിക അപ്പാടെ മാറിയത് കേരള സിലബസുകാർക്ക് വൻ തിരിച്ചടിയായി. 1000 റാങ്കുവരെ പിന്നോട്ടുപോയവരുണ്ട്. ആദ്യ പട്ടികയിലെ എട്ടാം റാങ്കുകാരൻ 185-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. പുതിയ 5,6,9,10 റാങ്കുകാർ നേരത്തേ ആദ്യ പത്തിലുണ്ടായിരുന്നില്ല. മുൻപട്ടികയിലെ 7,8,9,10 റാങ്കുകാർ പുതിയ ലിസ്റ്റിലെത്തിയില്ല. പലർക്കും പ്രതീക്ഷിച്ച കോളേജുകളിലും കോഴ്സുകളിലും പ്രവേശനം ലഭിക്കില്ല. സർക്കാർ കോളേജുകളിൽ പ്രവേശനം ലഭിക്കാത്തവർക്ക് ഇരട്ടിയിലേറെ ഫീസ് നൽകി സ്വാശ്രയത്തിൽ ചേരേണ്ടിവരും.
ഓഗസ്റ്റ് 14നകം പ്രവേശനം പൂർത്തിയാക്കണമെന്നാണ് എ.ഐ.സി.ടി.ഇ നിർദ്ദേശം. ഒരുമാസം നീട്ടണമെന്ന് എൻട്രൻസ് കമ്മിഷണർ ആവശ്യപ്പെട്ടിട്ടുണ്ട്.
എൻജി. സീറ്റുകൾ
ആകെ സീറ്റ്- 54070
എൻട്രൻസ് കമ്മിഷണറുടെ അലോട്ട്മെന്റ്------35353
ആകെ കോളേജുകൾ------141
ആകെ ഗവ.സീറ്റുകൾ---------7136
അടുത്ത അദ്ധ്യയനവർഷം പുതിയ ഫോർമുല നടപ്പാക്കും. എല്ലാ കുട്ടികൾക്കും നീതി ഉറപ്പാക്കണം
-ഡോ.ആർ.ബിന്ദു,
ഉന്നതവിദ്യാഭ്യാസ മന്ത്രി
കീമിൽ ആശങ്കയുണ്ടാക്കിയത് സർക്കാർ : കുഞ്ഞാലിക്കുട്ടി
മലപ്പുറം: കീം വിഷയം സർക്കാർ കൈകാര്യം ചെയ്ത രീതി മോശമായിപ്പോയെന്ന് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി.ഇതിന്റെ ദുരിതം അനുഭവിക്കുന്നത് വിദ്യാർത്ഥികളാണ്. ഉന്നത വിദ്യാഭ്യാസ മേഖലയാകെ പ്രശ്നമാണ്. സ്കൂൾ സമയമാറ്റവുമായി ബന്ധപ്പെട്ട് ജനാധിപത്യപത്യ വിരുദ്ധ നിലപാട് എടുത്തത് സർക്കാരാണ്. സമസ്ത ഉയർത്തിയത് ന്യായമായ ആവശ്യമാണ്. വിദ്യാഭ്യാസ രംഗത്ത് ഒന്നും ഏകപക്ഷീയമാകരുതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
സർക്കാരിന്ദുർവാശി : സണ്ണി ജോസഫ്
പത്തനംതിട്ട: സംസ്ഥാന സർക്കാരിന്റെ ദുർവാശിയും ഗുരുതരവീഴ്ചയുമാണ് കേരള എൻജിനിയറിംഗ് പ്രവേശനം അനിശ്ചിതത്വത്തിലാക്കിയതെന്ന് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞു. അതിന്റെ ഫലം അനുഭവിക്കുന്നത് വിദ്യാർത്ഥികളും രക്ഷാകർത്താക്കളുമാണ്. ഉത്തരവാദിത്വം ഏറ്റെടുത്ത് സർക്കാർ നടപടി സ്വീകരിക്കണം. ന്യായീകരണവും ദുരഭിമാനവും ഉപേക്ഷിച്ച് യാഥാർത്ഥ്യം അംഗീകരിക്കാൻ ഉന്നതവിദ്യാഭ്യാസ മന്ത്രി തയ്യാറാകണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |