തിരുവനന്തപുരം: കിഫ്ബിയിലും കണ്ണൂർ എയർപോർട്ട് അതോറിട്ടിയിലും (കിയാൽ) സി ആൻഡ് എ.ജിയുടെ ആഡിറ്റിംഗ് തടയുന്ന സർക്കാർ നിലപാട് ഭരണഘടനയോടും ജനങ്ങളോടുമുള്ള വെല്ലുവിളിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. സർക്കാർ നിലപാട് തിരുത്താൻ ഇടപെടണമെന്നാവശ്യപ്പെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാന് നിവേദനം നൽകിയെന്നും തിരുവനന്തപുരം പ്രസ് ക്ലബിന്റെ മീറ്റ് ദ പ്രസ് പരിപാടിയിൽ അദ്ദേഹം പറഞ്ഞു. പ്രസ് ക്ളബ് സെക്രട്ടറി എം. രാധാകൃഷ്ണൻ അദ്ധ്യക്ഷനായിരുന്നു.
കിഫ്ബിയിലും കിയാലിലും നടന്ന അഴിമതികൾ പുറത്തറിയാതിരിക്കാനാണ് ആഡിറ്റിംഗ് നടത്താത്തത്. കിയാൽ സി.പി.എമ്മിനെ വഴിവിട്ട് സഹായിച്ചിട്ടുണ്ട്. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രഖ്യാപനത്തിനു ശേഷം അന്നത്തെ കിയാൽ എം.ഡി സ്ഥലം എം.എൽ.എയായ ഇ.പി. ജയരാജന്റെ തിരഞ്ഞെടുപ്പു പരസ്യത്തിന് 25,000 രൂപയും, പിണറായി വിജയന്റെ നവകേരള യാത്രയുടെ പരസ്യത്തിന് 25,000 രൂപയും നൽകിയെന്ന് സി.എ.ജി റിപ്പോർട്ടിലുണ്ട്. കിയാലിന്റെ കാര്യം പറയുമ്പോൾ സിയാലിൽ എന്തുകൊണ്ട് ആഡിറ്റിംഗില്ലെന്ന മുഖ്യമന്ത്രിയുടെ മറുചോദ്യം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ്.
യു.ഡി.എഫ് സർക്കാരാണ് കിഫ്ബി രൂപീകരിച്ചത്. അന്ന് സി.എ.ജിക്ക് ആഡിറ്റിംഗിനുള്ള അവകാശമുണ്ടായിരുന്നു.
എന്നാൽ എൽ.ഡി.എഫ് കൊണ്ടുവന്ന ഭേദഗതികളിലൂടെ ആഡിറ്റിംഗിനുള്ള അവകാശം നീക്കി. ദുരൂഹമായ കാര്യങ്ങളാണ് കിഫ്ബിയിൽ നടക്കുന്നത്. ഒരു ജോലിയുമില്ലാത്ത കിഫ്ബി മീഡിയാ മാനേജ് ഗ്രൂപ്പിന്റെ കോ ഓർഡിനേറ്റർക്ക് ശമ്പളം 80,000 രൂപയാണ്. കിഫ്ബിയിലെ പ്രോജക്ടുകൾ പരിശോധിക്കാൻ ചീഫ് പ്രോജക്ട് എക്‌സാമിനർ തലവനായ അപ്രൈസൽ ഡിവിഷനുണ്ട്. അദ്ദേഹത്തിന്റെ കീഴിൽ വിദഗ്‌ദ്ധ സമിതിയുമുണ്ട്. എന്നിട്ടും പ്രോജക്ടുകൾ പരിശോധിക്കാൻ പുറത്തുള്ള ടെറാനസ് എന്ന കടലാസ് കമ്പനിയെ ചുമതലപ്പെടുത്തി. 10 കോടി രൂപ ഇതിനകം അവർക്ക് നൽകിയിട്ടുണ്ട്. ഇങ്ങനെയുള്ള ധൂർത്തുകൾ പുറത്തുവരാതിരിക്കാനാണ് ആഡിറ്റിംഗ് വേണ്ടെന്ന് പറയുന്നത്.
അന്വേഷണത്തെ സ്വാഗതം ചെയ്യുന്നു
പാലാരിവട്ടം പാലത്തിലെ ഏത് അന്വേഷണത്തെയും യു.ഡി.എഫ് സ്വാഗതം ചെയ്യുന്നുവെന്ന് ചെന്നിത്തല പറഞ്ഞു. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് 245 പാലങ്ങളാണ് പണിതത്. പാലാരിവട്ടം പാലം നിർമ്മാണത്തിനു പിന്നിലെ ക്രമക്കേട് പൂർണമായും പുറത്തുകൊണ്ടുവരണം. ഇക്കാര്യത്തിൽ യു.ഡി.എഫിന് ഒരു ഭയവുമില്ല. പാലാ ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ് വൻഭൂരിപക്ഷത്തോടെ വിജയിക്കുമെന്നും ചെന്നിത്തല പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |