
തിരുവനന്തപുരം: പാച്ചല്ലൂർ സുകുമാരൻ സ്മാരക ട്രസ്റ്റ് ഏർപ്പെടുത്തിയ സമഗ്ര സംഭാവനയ്ക്കുള്ള 2025 ലെ പാച്ചല്ലൂർ സുകുമാരൻ സ്മാരക അവാർഡ് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയ്ക്ക് സമ്മാനിക്കും. 25000 രൂപയും ശില്പവും പ്രശസ്തിപത്രവും പൊന്നാടയും അടങ്ങുന്നതാണ് അവാർഡെന്ന് കവിയും പത്രപ്രവർത്തകനുമായ ജൂറി ചെയർമാൻ ഡോ. ഇന്ദ്ര ബാബു പ്രസ് ക്ളബിൽ നടന്ന വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ദൂരദർശൻ മുൻ അസിസ്റ്റന്റ് ഡയറക്ടറും, സംസ്ഥാന വനിതാഹോക്കി ടീം ക്യാപ്റ്റനുമായിരുന്ന പി. ആർ.ശാരദ, പ്രമുഖ രാഷ്ട്രീയ നിരീക്ഷകനും, മലയാള മനോരമ ബ്യൂറോ ചീഫുമായ സുജിത് നായർ എന്നിവരാണ് ജൂറി അംഗങ്ങൾ. കല, സാഹിത്യം, രാഷ്ട്രീയം, ശാസ്ത്രം, സാംസ്കാരികം എന്നീ മേഖലകളിൽ വ്യക്തി മുദ്ര പതിപ്പിച്ച വ്യക്തികൾക്ക് നൽകുന്ന ആദരവാണ് പാച്ചല്ലൂർ സുകുമാരൻ സ്മാരക സമഗ്ര സംഭാവന അവാർഡ്.
രാഷ്ട്രീയ മേഖലയിൽ വളർന്നു വരുന്നവർക്ക് ഒരു പാഠപുസ്തകമാണ് രമേശ് ചെന്നിത്തലയുടെ ജീവിതമെന്ന് ജൂറി വിലയിരുത്തി. യൂത്ത് കോൺഗ്രസ് അഖിലേന്ത്യ പ്രസിഡന്റ്, കെ.പി.സി.സി അദ്ധ്യക്ഷൻ,ആഭ്യന്തര മന്ത്രി, പ്രതിപക്ഷ നേതാവ്, എഴുത്തുകാരൻ എന്നീ നിലകളിൽ രമേശ് ചെന്നിത്തല കാഴ്ചവച്ച പ്രവർത്തനങ്ങൾ നിസ്തുലവും മാതൃകാപരവുമാണ്. പരന്ന വായനയും കലാ സാംസ്കാരിക സംഗീത രംഗങ്ങളോടുള്ള താൽപര്യവും അധ:സ്ഥിത ജനവിഭാഗങ്ങളോടുള്ളകൂറും ജീവകാരുണ്യ പ്രവർത്തനങ്ങളുമെല്ലാം ജൂറി ചൂണ്ടിക്കാട്ടി.
കഴിഞ്ഞ വർഷത്തെ അവാർഡ് കവിയും, മുൻ ചീഫ് സെക്രട്ടറിയുമായ കെ.ജയകുമാറിനാണ് സമ്മാനിച്ചത്.
35ന് താഴെ പ്രായമുള്ള എഴുത്തുകാർക്കായി ഏർപ്പെടുത്തിയ സാഹിത്യ പുരസ്കാരങ്ങൾക്ക് ആതിര. ആർ (കോഴിക്കോട്), സിനാഷ (കാസർകോഡ്), ലയ ചന്ദ്രലേഖ (ചെന്നൈ) എന്നിവർ അർഹരായി. ജനുവരി രണ്ടാം വാരത്തിൽ തിരുവനന്തപുരത്തു നടക്കുന്ന പാച്ചല്ലൂർ സുകുമാരൻ അനുസ്മരണ സമ്മേളനത്തിൽ വച്ച് സമഗ്ര സംഭാവനയ്ക്കുള്ള അവാർഡും മറ്റു പുരസ്കാരങ്ങളും സമ്മാനിക്കും. വാർത്താ സമ്മേളനത്തിൽ ജൂറി അംഗം പി.ആർ. ശാരദ, സെക്രട്ടറി അജിത് പാവം കോട്, ഖജാൻജി സുനിൽ പാച്ചല്ലൂർ എന്നിവരും പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |