കൊല്ലം: എയർപോർട്ട് മോഡൽ നവീകരണം നടക്കുന്ന കൊല്ലം റെയിൽവേ സ്റ്റേഷനിൽ നിർമ്മാണം നടക്കുന്ന കെട്ടിടത്തിൽ നിന്ന് ജി.ഐ പൈപ്പുകൾ വീണ് പ്ളാറ്റ് ഫോമിൽ നിന്ന രണ്ട് യാത്രക്കാർക്ക് തലയ്ക്ക് പരിക്കേറ്റു. മൈനാഗപ്പള്ളി കടപ്പ സ്‌കൂളിലെ അദ്ധ്യാപിക തിരുവനന്തപുരം വട്ടിയൂർക്കാവ് മേത്തര ആശാലത (52), സെക്രട്ടേറിയറ്റ് ജീവനക്കാരനായ പെരിനാട് നീരാവിൽ മേലേപുത്തൻവീട്ടിൽ സുധീഷ് (40) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ രാവിലെ 9.35 ഓടെ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിലേക്ക് വരാനും പോകാനും താത്കാലികമായി ഒരുക്കിയ വഴിയിലായിരുന്നു അപകടം. സൗത്ത് ടെർമിനലിന്റെ അഞ്ചുനില കെട്ടിടത്തിന്റെ നാലാം നിലയിൽ കോൺക്രീറ്റ് തട്ടിന് തങ്ങായി ഉപയോഗിച്ചിരുന്ന ജി.ഐ പൈപ്പുകളാണ് വീണത്. തട്ട് ഇളക്കുന്നതിനിടെ തൊഴിലാളിക്ക് ബാലൻസ് നഷ്ടപ്പെട്ട് കൈയിലുണ്ടായിരുന്ന പൈപ്പ് വഴുതി താഴേക്ക് പതിച്ചു. തൊട്ടുപിന്നാലെ തട്ട് കുലുങ്ങി മറ്റ് പൈപ്പുകൾ കൂടി താഴേക്ക് പതിക്കുകയായിരുന്നു. ഇതിൽ രണ്ടെണ്ണമാണ് ഇരുമ്പ് തൂണിൽ തട്ടി പ്ളാറ്റ് ഫോമിലേയ്ക്ക് വീണത്. സേഫ്ടി ബെൽറ്റ് ധരിച്ചിരുന്നതിൽ തൊഴിലാളി രക്ഷപ്പെട്ടു. കോൺക്രീറ്റ് തട്ട് പൊളിക്കുന്നതിന്റെ ഭാഗമായി സുരക്ഷയ്ക്ക് വല കെട്ടിയിരുന്നെങ്കിലും ഫലപ്രദമായിരുന്നില്ല.
തിരുവനന്തപുരത്തേക്ക് പോകാൻ ട്രെയിൻ കാത്തുനിൽക്കുകയായിരുന്നു സുധീഷ്. കൊല്ലം ടി.ടി.ഐയിൽ അദ്ധ്യാപക പരിശീലനത്തിന് എറണാകുളം -കൊല്ലം മെമുവിൽ എത്തിയതാണ് ആശാലത. അഞ്ചാംപ്ലാറ്റ് ഫോമിൽ ഇറങ്ങി പുറത്തേക്ക് പോകാൻ ഒന്നാംപ്ലാറ്റ്ഫോമിലൂടെ നടക്കുമ്പോഴാണ് അപകടമുണ്ടായത്. റെയിൽവേ പൊലീസിന്റെ സഹായത്തോടെ ഇരുവരെയും ഉടൻ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശയുടെ തലയിൽ ആറ് തുന്നലുകളുണ്ട്. ഇവർ പിന്നീട് വട്ടിയൂർക്കാവിലെ വീട്ടിലേക്ക് മടങ്ങി. സുധീഷിന്റെ തലയിൽ നിന്ന് രക്തസ്രാവം നിലയ്ക്കാത്തതിനാൽ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
യാത്രക്കാരെ
ഭാഗ്യം തുണച്ചു
ചെന്നൈ മെയിൽ കടന്നുപോയശേഷമാണ് അപകടം. ട്രെയിൻ പ്ലാറ്റ്‌ഫോമിൽ എത്തിയ സമയത്തായിരുന്നുവെങ്കിൽ അപകടത്തിന്റെ വ്യാപ്തി വർദ്ധിക്കുമായിരുന്നു. ശബ്ദം കേട്ട് സ്ഥലത്തുണ്ടായിരുന്ന മറ്റ് യാത്രക്കാർ ഒഴിഞ്ഞുമാറിയതിനാലാണ് കൂടുതൽ അപകടം ഉണ്ടാകാതിരുന്നത്. ദീർഘദൂര ട്രെയിനുകളുടെ ജനറൽ കോച്ചുകൾ അപകടം ഉണ്ടായ ഭാഗത്താണ് വരുന്നത്. അതുകൊണ്ട് തന്നെ ഇവിടെ എപ്പോഴും തിരക്കാണ്. അകത്തേക്കും പുറത്തേക്കും പോകാനുള്ളവരും ഈ വഴിയാണ് ആശ്രയിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |