പത്തനംതിട്ട: കോന്നി പയ്യനാമണ്ണിൽ പാറമടയിലെ ദുരന്തത്തിൽ കാണാതായ ബിഹാർ സ്വദേശിയുടെ മൃതദേഹം കണ്ടെത്തി. വൈകിട്ട് വലിയ ജെസിബി എത്തിച്ച് നടത്തിയ തെരച്ചിലിലാണ് ഹിറ്റാച്ചി ഡ്രൈവർ അജയ് റായുടെ മൃതദേഹം ലഭിച്ചത്. ഹിറ്റാച്ചിയുടെ ക്യാബിനിനുള്ളിൽ കുടുങ്ങിയ നിലയിലായിരുന്നു മൃതദേഹം. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം രണ്ടായി. മൃതദേഹം പുറത്തെത്തിക്കാനുളള ശ്രമം ആരംഭിച്ചു. സംഭവസ്ഥലത്ത് ദൗത്യസംഘം ഇറങ്ങി.
പയ്യനാമൺ ചെങ്കളം ഗ്രാനൈറ്റിൽ പാറപൊട്ടിച്ച ശേഷം കല്ലുകൾ ഇളക്കിമാറ്റുന്നതിനിടെ ഹിറ്റാച്ചിക്ക് മുകളിലേക്ക് കല്ലും മണ്ണും വീഴുകയായിരുന്നു. കല്ലുകൾക്കിടയിൽ കുടുങ്ങിയ തൊഴിലാളികളിൽ ഒരാളുടെ മൃതദേഹം കഴിഞ്ഞ ദിവസം പുറത്തെടുത്തിരുന്നു. ഒഡീഷ സ്വദേശി മഹാദേവിന്റെ (51) മൃതദേഹമാണ് ഇന്നലെ പുറത്തെടുത്തത്. ഒപ്പമുണ്ടായിരുന്ന ബീഹാർ സ്വദേശി അജയ് റോയിയുടെ(38) മൃതദേഹമാണ് ആണ് കണ്ടെത്തിയത്. അപകടത്തിൽ ജില്ലാ കളക്ടർ റിപ്പോർട്ട് തേടിയിട്ടുണ്ട്. ക്വാറിയുടെ അനുമതിയടക്കം പരിശോധിച്ച് അടിയന്തര റിപ്പോർട്ട് നൽകാനാണ് ജിയോളജി വകുപ്പിന് കളക്ടർ നിർദേശം നൽകിയിരിക്കുന്നത്. റിപ്പോർട്ടിനുശേഷം തുടർനടപടിയുണ്ടാകുമെന്ന് കളക്ടർ വ്യക്തമാക്കി.
പയ്യനാമൺ അടുകാട് കാർമലശേരി ഭാഗത്തുള്ള പാറമടയിൽ ഇന്നലെ ഉച്ചയ്ക്ക് 2.30നാണ് അപകടമുണ്ടായത്. പാറക്കെട്ടുകളുടെ മദ്ധ്യഭാഗത്ത് ഹിറ്റാച്ചിയിലായിരുന്നു ഓപ്പറേറ്ററായ മഹാദേവും സഹായി അജയ് റോയിയും ഉണ്ടായിരുന്നത്. കല്ലുകൾ ഇളക്കിമാറ്റുന്നതിനിടെ 40 അടി മുകളിൽ നിന്ന് ഹിറ്റാച്ചിയുടെ മുകളിലേക്ക് വലിയ കല്ലുകളും മണ്ണും ഇളകിവീഴുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |