പഠിച്ചത് എൻജിനിയറിംഗ്. സ്വപ്നം കണ്ടത് സിനിമ. 27-ാമത് ഷാങ് ഹായ് രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ ഏഷ്യൻ ന്യൂ ടാലന്റ് വിഭാഗത്തിൽ മികച്ച നടിയായി മീനാക്ഷി ജയൻ. ആദ്യമായി അഭിനയിച്ച 'വിക്ടോറിയ"സിനിമയിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചതിന് അംഗീകാരപ്പെരുമ. ഷാങ് ഹായ് ചലച്ചിത്രോത്സവത്തിൽ മത്സര വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഒരേഒരു മലയാള സിനിമ കൂടിയാണ് ശിവരഞ്ജിനി രചനയും സംവിധാനവും നിർവഹിച്ച 'വിക്ടോറിയ". അങ്കമാലി പശ്ചാത്തലമാക്കി ബ്യൂട്ടിഷനായ വിക്ടോറിയ എന്ന പെൺകുട്ടിയുടെ ജീവിതവും ഒരു തൊഴിൽ ദിനത്തിൽ അവൾ കടന്നുപോകുന്ന സംഘർഷങ്ങളും അവതരിപ്പിച്ച ചിത്രം കേരള രാജ്യാന്തര ചലച്ചിത്രമേളയിലും മീനാക്ഷി ജയന്റെ അഭിനയത്തേയും സിനിമയേയും പ്രേക്ഷകർ പ്രശംസിച്ചിരുന്നതാണ്.പുരസ്കാര തിളക്കത്തിൽ മീനാക്ഷി ജയൻ സംസാരിക്കുന്നു.
ഷാങ്ഹായ് ചലച്ചിത്ര മേളയുടെ റെഡ് കാർപ്പറ്റിൽ നിൽക്കുമ്പോൾ എന്തു തോന്നി ?
സിനിമാനടിയാകണമെന്ന് സ്വപ്നം കാണുന്നവരെ പോലെ ഷാംപൂ ബോട്ടിലുമായി മുൻപ് ഞാനും ബാത്തുറൂമിൽ റിഹേഴ്സൽ ചെയ്തിട്ടുണ്ട്. നേടി എടുക്കേണ്ട കുറെ ആഗ്രഹങ്ങൾ എന്റെ ബക്കറ്റ് ലിസ്റ്റിലുണ്ട്. ആ ആഗ്രഹങ്ങൾ എഴുതിവച്ചിട്ടുണ്ട്.
റെഡ് കാർപ്പറ്റിൽ ഒരുദിവസം എത്തുന്നത് എത്രയോവട്ടം ഒരു കാഴ്ചപോലെ എന്റെ മുന്നിൽ തെളിഞ്ഞിട്ടുണ്ട്. അന്ന് കണ്ട കാഴ്ചകൾ എല്ലാം മുന്നിലേക്ക് തെളിയുന്നതായി ആ വലിയ ഓഡിറ്റോറിയത്തിലെ റെഡ് കാർപ്പറ്റിൽ നിൽക്കുമ്പോൾ തോന്നി. പല രാജ്യങ്ങളിലെ ചലച്ചിത്രപ്രവർത്തകരും സിനിമകളും . അവിടെ അവരോടൊപ്പം ഇരിക്കാൻ കഴിയുക എന്നത് പോലും ഞങ്ങൾക്ക് എല്ലാവർക്കും വലിയ അംഗീകാരം ആണ്. മികച്ച നടിയായി എന്റെ പേര് അനൗൺസ് ചെയ്തപ്പോൾ എനിക്ക് ആദ്യം മനസിലായില്ല.
പേര് വിളിച്ചുവെന്ന് ശിവരഞ്ജിനി പറഞ്ഞപ്പോഴാണ് ഞാൻ അറിയുന്നതു തന്നെ. കുറെ വർഷം കഷ്ടപ്പെട്ടാൽ അതിന്റെ സന്തോഷം ലഭിക്കുന്നത് ഇത്തരം നിമിഷത്തിലാണ്. പുരസ്കാരം വാങ്ങി സ്റ്റേജിൽ നിൽക്കുന്ന ആ പത്ത് സെക്കൻഡ് മാത്രം മതി,ഏത് കഷ്ടപ്പാടിന്റെയും സന്തോഷം ലഭിക്കാൻ. ആ പത്ത് സെക്കൻഡിന് വേണ്ടി വർഷങ്ങൾ പണിയെടുക്കേണ്ടിവന്നു. വലിയ വിജയങ്ങൾ നേടിയവർ ഇങ്ങനെയെല്ലാം പറയുന്നത് കേട്ടിട്ടുണ്ട്. അതിന്റെ ചെറിയ ഒരു രുചി ഞാനും അറിഞ്ഞു.
'പ്രാണ"യുടെ ഒൗട്ട് ഫിറ്റ് അണിഞ്ഞു പുരസ്കാരം വാങ്ങുമെന്ന് കരുതിയോ ?
മുൻപ് പ്രാണയുടെ വീഡിയോ ഷൂട്ടിൽ ക്യാമറ ടീമിന്റെ ഭാഗമായിട്ടുണ്ട്. എത്ര നല്ല ഒൗട്ട് ഫിറ്റ് എന്ന് തിരിച്ചറിയുകയും അത് കണ്ട് അന്ന് കൊതിക്കുകയും ചെയ്തു. ഇൗ ഒൗട്ട് ഫിറ്റ് എന്നെങ്കിലും ധരിക്കാൻ പറ്റുമോ എന്ന് ആഗ്രഹിച്ചു. പൂർണിമ ചേച്ചി ഡിസൈൻ ചെയ്ത പ്രാണയുടെ 'ഗോഡ്സ് ഓൺ കൺട്രി" ഒൗട്ട് ഫിറ്റ് അണിഞ്ഞപ്പോൾ അഭിമാനം തോന്നി. മോഡേൺ ലുക്ക് തന്നു ഒൗട്ട് ഫിറ്റ്. എന്റെ ഹൃദയത്തോട് ചേർന്നു നിൽക്കുന്നതാണ് പ്രാണ. പൂർണിമചേച്ചി എന്നെ ഏറെ സ്വാധീനിച്ച വ്യക്തിയാണ്. ഒപ്പം ജോലി ചെയ്യാൻ കഴിഞ്ഞു. വ്യക്തമായ കാഴ്ചപ്പാടും നിലപാടും പുലർത്തുന്ന വ്യക്തിയാണ് പൂർണിമ ചേച്ചി. മികച്ച സംരംഭകയും നടിയും.
വിക്ടോറിയ പരിചിതയാണോ ?
വിക്ടോറിയയെ അറിയാൻ ഏറ്റവും എളുപ്പവഴി സംവിധായിക ശിവരഞ്ജിനിയെ മനസിലാക്കുക എന്നതാണ്. സ്വന്തം അനുഭവത്തിൽ എന്ന പോലെയാണ് ശിവരഞ്ജിനി 'വിക്ടോറിയ "എഴുതിയത്. ഷൂട്ടിന്റെ സമയത്ത് ഒരുമിച്ചു താമസിച്ചു. ശിവരഞ്ജിനിയെ അടുത്തറിയുമ്പോൾ വിക്ടോറിയ കൂടുതൽ പരിചിതയാകുന്നതുപോലെ തോന്നി. വിക്ടോറിയെപ്പറ്റി ശക്തമായ ഭാഷയിൽ വിവരിച്ചു തന്നു. വ്യക്തമായ ധാരണ ശിവരഞ്ജിനിക്ക് ഉണ്ടായിരുന്നു. അത് ലൊക്കേഷനിലും പ്രതിഫലിച്ചു. ഇതെല്ലാം കഥാപാത്രമായി മാറിയപ്പോൾ സഹായിച്ചു എന്നാണ് വിശ്വാസം. ത്രെഡും ഹെന്നയും പെഡിക്യുറും ചെയ്യുന്ന രീതിയിലെല്ലാം വിക്ടോറിയയ്ക്ക് ഒരു പെർഫെക്ഷനുണ്ട്. ഇൗ ജോലി പഠിക്കുക എന്നതായിരുന്നു വലിയ വെല്ലുവിളി.
അഭിനയരംഗത്ത് എങ്ങനെ എത്തി ?
എൻജിനിയറിംഗിന് പഠിക്കുമ്പോൾ 'ആനന്ദം" സിനിമയിൽ സിദ്ധി മഹാജൻ ഖട്ടി അവതരിപ്പിച്ച ദിയ എന്ന കഥാപാത്രത്തിന് ഡബ് ചെയ്തു. അതിനുമുൻപേ സിനിമയിൽ അഭിനയിക്കാൻ ആഗ്രഹിച്ചു. എന്നാൽ സൗന്ദര്യമോ കഴിവോ ഉണ്ടോ എന്നു തോന്നി. ആനന്ദത്തിന്റെ ക്രെഡിറ്റ് ലിസ്റ്റിൽ പേര് കാണിച്ചപ്പോൾ ഡോൾബി 7.1 ശബ്ദ സംവിധാനത്തിൽ ഇത്രേം സന്തോഷം എനിക്ക് ലഭിക്കുന്നുവെങ്കിൽ സ്ക്രീനിൽ കൂടി കണ്ടാൽ എത്രമാത്രം ആയിരിക്കുമെന്ന് വിചാരിച്ചു.
ആ വിചാരവും ഞാൻ എടുത്ത തീരുമാനവും സിനിമയിൽ എത്തിച്ചു.
രണ്ടു വർഷം ഒരു സ്റ്റാർട്ടപ്പിൽ ജോലി ചെയ്തു. സിനിമ എന്ന എന്റെ സ്വപ്നം വിട്ടുകളയാൻ പറ്റാത്തതിനാൽ കുറെ പണം സ്വരൂപിക്കാനായിരുന്നു ആ ജോലി. അമ്മയുടെ കൈയിൽനിന്ന് പണം വാങ്ങാൻ പറ്റില്ല.ഞാൻ ലക്ഷ്യം കണ്ട ടാർജറ്റ് തുക എത്തിയപ്പോൾ ജോലി രാജിവച്ചു. അസിസ്റ്റന്റ് ഡയറക്ടറും സെലിബ്രിറ്റികളുടെ സോഷ്യൽ മീഡിയ മാനേജരുമായി. പരസ്യ ചിത്രങ്ങൾ സംവിധാനം ചെയ്തു.'രസാ" എന്ന തിയേറ്റർ ഗ്രൂപ്പിന്റെ ഭാഗമാകാൻ കഴിഞ്ഞു. അവിടെനിന്നാണ് അഭിനയം പഠിക്കുന്നത്. രസായുടെ 'ആരംഭം" എന്ന വർക് ഷോപ്പിൽ നിന്നാണ് എന്റെയും ആരംഭം. അഭിനയിക്കാൻ കഴിയുമെന്ന് നാടകം കാണിച്ചും പഠിപ്പിച്ചും തന്നു.തൃപ്പൂണിത്തുറ ആണ് നാട്.ഞാൻ പന്ത്രണ്ടാം ക്ളാസിൽ പഠിക്കുമ്പോൾ അച്ഛൻ മരിച്ചു. വീട്ടിൽ അമ്മയും അനുജത്തിയും അമ്മൂമ്മയും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |