വെളിച്ചെണ്ണവില പൊങ്ങിപ്പൊങ്ങി കൊന്നത്തെങ്ങിനോളം എത്തിയതോടെ അടുക്കളകളിലെ പൊരിച്ച മണത്തിന് പഴയ ഗുമ്മില്ല. അടുപ്പത്ത് 'ഗുളുഗുളു" ശബ്ദമുയരുന്ന കറിപ്പാത്രങ്ങളിൽ നിന്നുള്ള ആവിക്കും പഴയ ഉഷാറില്ല. വെളിച്ചെണ്ണയുടെ നറുമണത്തോടു കൂടിയ രസികൻ ആവി, മൂക്കുവിടർത്തി വലിച്ചുകയറ്റിയിരുന്നവർക്ക് അടുക്കളയിൽ കയറാൻ ഇഷ്ടമില്ലാതായി. കേരംതിങ്ങും കേരളനാട്ടിൽ കണികാണാൻ പോലും തേങ്ങയില്ലാത്ത സാഹചര്യം മുതലെടുക്കാൻ ആഗോള കുത്തക ഭീകരന്മാർ അവരുടെ നാട്ടിൽ കെട്ടിക്കിടന്ന എന്തൊക്കെയോ എണ്ണകൾ കയറ്റി അയയ്ക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. സ്വാതന്ത്ര്യം, ജനാധിപത്യം, സോഷ്യലിസം എന്നിവയിൽ വിശ്വസിക്കുന്ന, ദീർഘദൃഷ്ടിയുള്ള ഒരു സർക്കാരാണ് കേരളം ഭരിക്കുന്നതെന്ന് പാവം ഭീകരന്മാർ മറന്നുപോയി. വെളിച്ചെണ്ണ ഇല്ലെങ്കിൽ പകരം സംവിധാനമുണ്ടാക്കാൻ ഹൃദയപക്ഷത്തിനു കഴിയും. വെളിച്ചെണ്ണ, പാമോയിൽ, കടുകെണ്ണ, നല്ലെണ്ണ തുടങ്ങിയവയ്ക്ക് പകരം ഉപയോഗിക്കാവുന്ന സൊയമ്പൻ സാധനമാണ് മണ്ണെണ്ണ എന്ന് വൈകിയാണെങ്കിലും കണ്ടുപിടിക്കാൻ ഈ പ്രസ്ഥാനത്തിനു കഴിഞ്ഞു. മീൻ വറുക്കാനും ബെസ്റ്റാണ്. മൊരുമൊരാന്നിരിക്കും. മുളകിട്ടു വറ്റിച്ച മീൻ കറിയുടെ മുകളിൽ ലേശം തളിച്ചാൽ, അതുകൂട്ടി ഒരു പറ അരിയുടെ ചോറുണ്ണാം. അവിയലിലും എരിശേരിയിലുമൊക്കെ ബൂർഷ്വാവെളിച്ചെണ്ണയെ ഒഴിവാക്കാം. പാർട്ടി സമ്മേളനങ്ങളുടെ സദ്യയിൽ പപ്പടം കാച്ചുന്നതുൾപ്പെടെ മണ്ണെണ്ണയിലാണ്. എന്താ രുചി. അങ്ങനെ ബോദ്ധ്യപ്പെട്ട ഒരു സംഗതി സാധാരണക്കാരിലെത്തിക്കാൻ ചില സഖാക്കൾ നടത്തിയ ശ്രമം കശ്മലൻമാരായ 'മൽയാളീസ്" തെറ്റിദ്ധരിച്ചു. കേന്ദ്രസർക്കാരിന്റെ കുത്സിത നീക്കങ്ങൾക്കെതിരെ നേരും നെറിയുമുള്ള പാവങ്ങൾ നടത്തിയ ഹർത്താലിൽ മണ്ണെണ്ണയെക്കുറിച്ചുള്ള ബോധവത്കരണ പരിപാടിയാണ് ഗുലുമാലായത്.
കോഴിക്കോട്ടെ മുക്കത്ത് ഹർത്താലിൽ കട തുറന്ന മത്സ്യ വിൽപനക്കാരനോട്, 'അല്ലയോ ചങ്ങാതി, ഇതിൽ അൽപം മണ്ണെണ്ണയൊഴിച്ചാൽ കറിക്കും ഫ്രൈക്കും രുചി കൂടും" എന്ന സത്യം ഹൃദയപക്ഷത്തെ ജില്ലാ നേതാവ് സ്‌നേഹം കൊണ്ടങ്ങ് പറഞ്ഞുപോയി. മത്സ്യത്തിന്റെ വൃത്തികെട്ട നാറ്റവും മാറിക്കിട്ടുമായിരുന്നു. അതു വലിയ കേസായി. ഈ നാടും നാട്ടുകാരും ഇങ്ങനെയായിപ്പോയല്ലോ!
മീൻ ലേശം ചീഞ്ഞാലും മണ്ണെണ്ണയിൽ മുക്കിയെടുത്താൽ വേറെ ലെവലാകും. പരീക്ഷണാടിസ്ഥാനത്തിൽ മത്സ്യത്തിൽ തുടങ്ങി ക്രമേണ മറ്റു വിഭവങ്ങളിലേക്ക് വ്യാപിപ്പിക്കാനായിരുന്നു പദ്ധതി.
എന്തിനെയും പുച്ഛിക്കുന്ന 'മൽയാളീസ്" ചില വസ്തുതകൾ അറിഞ്ഞിരിക്കണം. ഉത്തരേന്ത്യയിൽ ജീവിക്കുന്ന മലയാളികൾ ആദ്യമൊക്കെ കടുകെണ്ണയുടെ മണമടിച്ചാൽ ഛർദിക്കുമായിരുന്നു. ഇപ്പോൾ കടുകെണ്ണയിലുണ്ടാക്കിയ പൂരിയും, ബജിയും, ദാലുകറിയും മതി. വെളിച്ചെണ്ണയുടെ മണമടിച്ചാൽ ഓടും. ആദ്യമായി പരിപ്പുകറിയും ഫ്രൈയും തട്ടി ഘോരഘോരം വിസ്‌ഫോടനം സൃഷ്ടിച്ചവർ ഇപ്പോൾ രാവും പകലും പരിപ്പുതിന്ന് ആസ്വദിച്ച് താളാത്മകമായി ഏമ്പക്കം വിടുന്നു. മണ്ണെണ്ണയുടെ കാര്യവും അത്രയേയുള്ളൂ. ഒളിവുജീവിതത്തിൽ ചക്കയും കപ്പയും കിട്ടാതെ ആഞ്ഞിലിച്ചക്ക പുഴുങ്ങി തിന്നിട്ടുള്ള പഴയകാല സമരസഖാക്കളുടെ പിൻമുറക്കാർക്ക് തെറ്റുപറ്റില്ല.
ഹർത്താൽ ദിനത്തിൽ കെ.എസ്.ആർ.ടി.സി സ്റ്റാന്റുകളിലെ ഭക്ഷണശാല പൂട്ടിച്ചതിലൂടെ മറ്റൊരു സന്ദേശവും താത്വികമായി നൽകി. ദിവസവും വാരിവലിച്ചു തിന്നാതെ ഒരു ദിവസം ഉപവസിക്കണം. ഒറ്റ ദിവസത്തെ ഉപവാസംകൊണ്ട് ഒരു മാസം ആയുസ് കൂടുതൽ കിട്ടുമെന്ന് കാറൽ മാർക്‌സ് അപ്പൂപ്പൻ പറഞ്ഞിട്ടുണ്ട്. ഉപദേശിച്ചാൽ ആരും അനുസരിക്കാത്തതിനാൽ ചിലപ്പോൾ കർക്കശ നിലപാട് സ്വീകരിക്കേണ്ടിവരും. അതാണ് നമ്മുടെ ലൈൻ.
പണിമുടക്കുകൾ
ആഘോഷമാക്കാം
ജനങ്ങൾ അവധിദിവസങ്ങൾ ആസ്വദിക്കണമെന്ന കാര്യത്തിൽ സർക്കാരിന് നിർബന്ധമുണ്ട്. അതിനുള്ള സംവിധാനങ്ങൾ നാടിന്റെ മുക്കിലും മൂലയിലുമുണ്ട്. തലേന്നു വാങ്ങി സ്റ്റോക്ക് ചെയ്യാൻ മനസുണ്ടാവണമെന്നു മാത്രം. മഴയെനോക്കി കപ്പപുഴുങ്ങിയതും മത്തിക്കറിയും കഴിക്കുന്നതിന്റെ സുഖം ഏതെങ്കിലും ആപ്പീസിൽ പോയാൽ കിട്ടുമോ? അതുകൊണ്ട് ഇടയ്ക്കിടെ ഹർത്താൽ വേണമെന്നാണ് നയം. ഇനിയുമുണ്ട് ഐഡിയകൾ. 2026 മുതൽ നടപ്പാക്കാനാണ് തീരുമാനം.
രാജ്യത്തെ സ്തംഭിപ്പിക്കാൻ വിശ്വമാനവിക മൂല്യങ്ങൾ പിന്തുടരുന്ന കക്ഷികൾ നടത്തിയ ഹർത്താൽ കേരളത്തിനു കൂച്ചുവിലങ്ങിട്ടത് നിസാര കാര്യമല്ല. സ്വാതന്ത്ര്യം കിട്ടിയത് സമരം ചെയ്തിട്ടാണെന്ന് സംഘികളും ഖദറുകാരും മനസിലാക്കണം. പണിമുടക്കിലൂടെ സംസ്ഥാനത്തിന് 2298 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് കണക്ക്. മദ്യ വിൽപനയിൽ 52 കോടിയുടെയും ലോട്ടറിയിൽ 30.2 കോടിയുടെയും നഷ്ടമുണ്ടായെങ്കിലും, നൽകിയ സന്ദേശത്തിന്റെ മൂല്യം അതുക്കും മേലെയാണ്. കമ്മ്യൂണിസ്റ്റ് ചൈനയും റഷ്യയും കൊച്ചുകേരളത്തിൽനിന്ന് പലതും പഠിക്കാനുണ്ട്. സർക്കാരാണ് തൊഴിലുടമ എന്ന മഹത്തായ ആശയം ചീനന്മാരും റഷ്യക്കാരും കൈവിട്ടു. അതിന്റെ ദോഷഫലങ്ങൾ അവിടെ ധാരാളമുണ്ട്. കൂടുതൽ സമയം ജോലി ചെയ്ത് ഒത്തിരി കാശുണ്ടാക്കുന്നതാണോ, ഒരു ദിവസം ജോലി ബഹിഷ്‌കരിച്ച് വിശ്രമിക്കുന്നതാണോ സുഖം എന്ന ചോദ്യത്തിന് ചീനന്മാർ മറുപടി തരുമെന്നാണ് പ്രതീക്ഷ.
നല്ല ഭക്ഷണം ദിവസവും കഴിച്ചാൽ എല്ലിൽ കുത്തും എന്നൊരു ചൊല്ലുണ്ട്. അതായത് ആവേശകുമാരന്മാരാകും. 1989ൽ ചൈനയിലെ പിള്ളേർക്ക് ഈ സൂക്കേടുണ്ടായി. ഒരുപാട് ലാളിച്ചുവളർത്തിയ സർക്കാരിനെ അട്ടിമറിക്കാൻ ചുള്ളന്മാരും ചുള്ളത്തിമാരും തെരുവിലിറങ്ങിയപ്പോൾ ശുദ്ധീകരണ പ്രക്രിയയുടെ ഭാഗമായി ടാങ്കുകളുമായി പട്ടാളക്കാർ ഒരു റൗണ്ടടിച്ചു. ട്രാഫിക്ക് നിയമങ്ങൾ അറിയാത്ത പിള്ളേർ അതിനടിയിൽപ്പെടുകയും വിപ്ലവ സ്വർഗത്തിലെത്തുകയും ചെയ്തു. ബൂർഷ്വാ ചിന്താഗതിയുള്ള നൂറുകണക്കിന് ചെള്ള് പിള്ളേർ പാറ്റൺടാങ്ക് കയറി ടിയാനൻമെൻ സ്‌ക്വയറിൽ അന്നു മരിച്ചതിൽ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ഒരുപാട് സങ്കടമുണ്ടെങ്കിലും കുറ്റബോധമില്ല. ഒരു ഇന്നോവയോ, 51 വെട്ടോ, ഇത്തിരി മണ്ണെണ്ണയോ ഇതിനു മുന്നിൽ എത്ര നിസാരം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |