ന്യൂഡൽഹി: അഹമ്മദാബാദ്- ലണ്ടൻ എയർ ഇന്ത്യ വിമാനം ടേക്ക് ഓഫ് ചെയ്ത് സെക്കൻറുകൾക്കുള്ളിൽ കൂപ്പുകുത്തിയത് എൻജിനിലേക്കുള്ള ഇന്ധന പ്രവാഹം വിഛേദിച്ചതുകൊണ്ടെന്ന് പ്രാഥമിക കണ്ടെത്തൽ.
മുഖ്യ പൈലറ്റ് സുമീത് സബർവാളിന്റെയും സഹപൈലറ്ര് ക്ലീവ് കുന്ദേറിന്റെയും പിരിമുറുക്കമുള്ള സംഭാഷണം തെളിവായി കോക്ക്പിറ്റ് വോയ്‌സ് റെക്കാഡറിൽ (സി.വി.ആർ) നിന്ന് ലഭിച്ചു. എന്തിനാണ് കട്ട് ഓഫ് ആക്കിയതെന്ന് ഒരാൾ ചോദിക്കുന്നതും, താൻ അങ്ങനെ ചെയ്‌തിട്ടില്ലെന്ന് മറ്റേ പൈലറ്റ് പ്രതികരിക്കുന്നതും സി.വി.ആറിൽ പതിഞ്ഞിട്ടുണ്ട്.
ഇന്ധന നിയന്ത്രണ സ്വിച്ചുകൾ 'റൺ' പൊസിഷനിൽ നിന്ന് 'കട്ട്ഓഫ്' പൊസിഷനിലേക്ക് മാറിയിരുന്നതിനാൽ രണ്ട് എൻജിനുകളും നിലയ്ക്കുകയായിരുന്നു. 10 സെക്കൻഡിനുള്ളിൽ 'റൺ' പൊസിഷനിലേക്ക് പൈലറ്റുമാർ മാറ്റിയതോടെ ആദ്യ എൻജിൻ പ്രവർത്തന ക്ഷമമായെങ്കിലും പറന്നുയരാനുള്ള ശേഷി രണ്ടാമത്തെ എൻജിന് ആർജ്ജിക്കാനായില്ല. ഇതാണ് 260 പേരുടെ മരണത്തിനിടയാക്കിയ ദുരന്തത്തിന് കാരണമെന്ന പ്രാഥമിക വിലയിരുത്തലിലാണ് സംഭവം അന്വേഷിക്കുന്ന എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറൊ (എ.എ.ഐ.ബി).
വ്യോമയാന മന്ത്രാലയത്തിന് സമർപ്പിച്ച 15 പേജുള്ള റിപ്പോർട്ട് ഇന്നലെ പുറത്തുവിട്ടു. ജൂൺ 12ന് എയർ ഇന്ത്യയുടെ അഹമ്മദാബാദ് - ലണ്ടൻ 171 ബോയിംഗ് 787-8 ഡ്രീംലൈനർ വിമാനമാണ് അപകടത്തിൽപ്പെട്ടത്. പറന്നുയർന്ന് 32-ാം സെക്കൻഡിൽ വിമാനം തകർന്നു.
അട്ടിമറിയോ, തകരാറോ
രണ്ട് എൻജിനുകൾക്കും വെവ്വേറെയാണ് സ്വിച്ചുകൾ. അവ കൈകൾകൊണ്ടു തന്നെ മാറ്റണം. ബോയിംഗിൽ മൾട്ടിപ്പിൾ പ്രൊട്ടക്ഷൻ സംവിധാനമുണ്ട്
2018ൽ യു.എസിലെ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ, ബോയിംഗ് 737 ശ്രേണിയിലെ ഇന്ധന നിയന്ത്രണ സ്വിച്ചുകളുടെ ലോക്കിംഗ് ഫീച്ചറിന്റെ അപാകത സംബന്ധിച്ച് മുന്നറിയിപ്പ് നൽകിയിരുന്നു.
അപകടത്തിൽപ്പെട്ട ബോയിംഗ് 787 വിമാനത്തിനും സമാന സ്വിച്ച് സംവിധാനമാണ്. സ്വിച്ചുകളുടെ പിഴവ് അന്തിമ റിപ്പോർട്ടിന് മുമ്പ് പരിശോധിക്കാനാണ് സാദ്ധ്യത.
ഡിജിറ്റൽ എൻജിൻ കൺട്രോൾ (എഫ്.എ.ഡി.ഇ.സി) സംവിധാനം സോഫ്റ്റ്‌വെയർ നിയന്ത്രണത്തിലുള്ളതാണ്. ഇന്റേണൽ നെറ്റ്‌വർക്കിൽ കടന്നുകയറി പ്രത്യേക കമാൻഡ് ഇൻജെക്റ്റ് ചെയ്തെങ്കിൽ അട്ടിമറിയാണ്
കോക്പിറ്റ്, എൻജിൻ, മെയിന്റനൻസ് പാനലുകൾ എന്നിവയിലേക്ക് പ്രവേശനമുള്ള മെയിന്റനൻസ്, ഗ്രൗണ്ട് സ്റ്റാഫുകളുൾ ഉൾപ്പെടെ ആരുടെയെങ്കിലും ഇടപെടലുണ്ടായോ?
വയറിംഗിൽ തിരിമറി നടത്തിയോ ? ഇന്ധം സ്വിച്ച് ചെയ്യുന്ന സംവിധാനത്തിൽ അട്ടിമറി നടത്തിയോ?
വിമാനത്തിന്റെ ലോജിക് ഫയൽസ്, മെയിന്റനൻസ് അപ്ഡേറ്റ് സ്ക്രിപ്റ്റ്സ് എന്നിവ ആരെങ്കിലും മോഡിഫൈ ചെയ്‌തോ?
അന്വേഷണത്തിന്റെ സ്വരവും ദിശയും പോകുന്നത് പൈലറ്റിന് തെറ്റു പറ്റിയെന്ന നിലയിലാണ്. ഈ നിഗമനം തള്ളിക്കളയുന്നു
-എയർലൈൻ പൈലറ്റ്സ്
അസോസിയേഷൻ ഒഫ് ഇന്ത്യ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |