തിരുവനന്തപുരം: സംസ്ഥാനത്തെ സോളാർ വൈദ്യുതി പ്ലാന്റുകളുമായി ബന്ധപ്പെട്ട പുനരുപയോഗ ഊർജ്ജ ചട്ടഭേദഗതി പിൻവലിക്കാൻ വൈദ്യുതി റെഗുലേറ്ററി കമ്മിഷനും സർക്കാരും തയാറാകണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മൂന്നു കിലോവാട്ട് ശേഷിയുള്ള സൗരോർജ്ജ പാളി സ്ഥാപിക്കുന്നതിന് ത്രീ ഫേസ് കണക്ഷൻ വേണമെന്നും അഞ്ച് കിലോവാട്ട് ഉത്പാദിപ്പിക്കുന്നവർ 30 ശതമാനം ബാറ്ററിയിൽ സംഭരിക്കണമെന്നുമാണ് കരട് ചട്ടഭേദഗതിയിലുള്ള നിർദ്ദേശം. ഉത്പാദിപ്പിക്കുന്ന ഓരോ യൂണിറ്റ് വൈദ്യുതിക്കും ഒരു രൂപ വീതം കെ.എസ്.ഇ.ബിക്ക് ചുങ്കം നൽകണമെന്നും മൂന്നു കിലോവാട്ടിന് മുകളിൽ ഉത്പാദിപ്പിക്കുന്നവർക്ക് നെറ്റ് മീറ്ററിംഗ് ഏർപ്പെടുത്തണമെന്നുമുള്ള നിർദ്ദേശം അംഗീകരിക്കാനാകില്ല. അങ്ങനെ വന്നാൽ സോളാർ പ്ലാന്റുകൾ പൂട്ടേണ്ടിവരും. വിപണിയിലില്ലാത്ത രണ്ടു കമ്പനികളുടെ ബാറ്ററികൾ ഉപയോഗിക്കണമെന്നുള്ള നിർദ്ദേശത്തിനു പിന്നിൽ അഴിമതിയുണ്ട്. വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ സ്വകാര്യ കമ്പനികളെ സഹായിച്ച് അഴിമതിക്ക് അവസരമുണ്ടാക്കരുത്. ജനവിരുദ്ധ തീരുമാനത്തിൽ നിന്ന് പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഡിജിറ്റൽ സർവകലാശാല അഴിമതി;
വിജിലൻസ് അന്വേഷിക്കണം
തിരുവനന്തപുരം: ഡിജിറ്റൽ സർവകലാശാലയിലെ സാമ്പത്തിക തട്ടിപ്പും അഴിമതിയും അന്വേഷിക്കാൻ വിജിലൻസ് സംഘത്തെ ചുമതലപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ മുഖ്യമന്ത്രിക്ക് കത്ത് നൽകി.
മുഖ്യമന്ത്രി അഭിമാനത്തോടെ പറഞ്ഞിരുന്ന ഗ്രാഫീൻ പദ്ധതിയിൽ പങ്കാളിയാക്കിയ ഇന്ത്യ ഗ്രഫീൻ എൻജിനിയറിംഗ് ആൻഡ് ഇന്നൊവേഷൻ സെന്റർ എന്ന സ്വകാര്യ കമ്പനി ഈ പദ്ധതി സംബന്ധിച്ച ഉത്തരവ് ഇറങ്ങിയതിനു ശേഷമാണ് പ്രവർത്തനം ആരംഭിച്ചത്. എന്നിട്ടും ഔദ്യോഗിക നടപടികൾ പൂർത്തിയാക്കും മുൻപ് ഈ തട്ടിപ്പു സ്ഥാപനത്തിന് മുൻകൂർ പണം കൈമാറി. കേന്ദ്ര ഇലക്ട്രേണിക്സ് മന്ത്രാലയം നൽകുന്ന 94. 85 കോടിക്ക് പുറമെ സംസ്ഥാന സർക്കാരിനും പദ്ധതിയിൽ മുതൽമുടക്കുണ്ടെന്നും പ്രതിപക്ഷ നേതാവ് കത്തിൽ ചൂണ്ടിക്കാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |