ബോളിവുഡ് താരം സൽമാൻ ഖാന്റെ ബോഡി ഗാർഡാണ് ഷേര. അടുത്തിടെ ഷേരയും വാർത്തകളിൽ ഇടംപിടിച്ചിരുന്നു. സൽമാൻ ഖാനെത്തുന്ന ഷൂട്ടിംഗ് സെറ്റുകളിലും പൊതുപരിപാടികളിലും സജീവ സാന്നിദ്ധ്യമാണ് ഷേര. കഴിഞ്ഞ ദിവസം ഷേരയുമായി ബന്ധപ്പെട്ട ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. മസിൽമാനായ ഷേരയുടെ ആസ്തി എത്രയാണെന്നറിയാമോയെന്നായിരുന്നു വീഡിയോ. 100 കോടിയെന്നായിരുന്ന ചിലർ നൽകിയ ഉത്തരം.
ഗുർമീത് സിംഗ് ജോളി എന്നാണ് ഷേരയുടെ യഥാർത്ഥ പേര്. ടൈഗർ സെക്യൂരിറ്റി എന്ന സുരക്ഷാ കമ്പനി ആരംഭിച്ചതിനുശേഷമാണ് ഷേര എന്ന് ആളുകൾ വിളിക്കാൻ തുടങ്ങിയതെന്നും ഒരു അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞിരുന്നു. സൽമാൻ ഖാന്റെ ബോഡി ഗാർഡായി എത്തുന്നതിന് മുൻപ് ഷേര ഹോളിവുഡ് നടൻ കിനു റീവ്സിന്റെ ബോഡി ഗാർഡായും പ്രവർത്തിച്ചിട്ടുണ്ട്.1995ൽ സൽമാൻ ഖാന് സുരക്ഷാഭീഷണിയുണ്ടെന്ന് മനസിലാക്കിയ നടനും സൽമാൻ ഖാന്റെ സഹോദരനുമായ സൊഹൈൽ ഖാൻ ഷേരയ്ക്ക് പുതിയ അവസരം വാഗ്ദാനം ചെയ്യുകയായിരുന്നു.
പഞ്ചാബി ആയതിനാൽ ഷേര തുടക്കം മുതൽക്കേ തലപ്പാവ് ധരിച്ചിരുന്നു. എന്നാൽ പിന്നീട് അത് ഉപേക്ഷിക്കുകയായിരുന്നു. ജോലി സംബന്ധമായി നീണ്ട മുടി മുറിക്കുകയും ചെയ്തു. സൽമാൻ ഖാനെ സംരക്ഷിക്കാൻ താൻ ഏതറ്റം വരെ പോകുമെന്നും ഷേര മുൻപ് പറഞ്ഞിട്ടുണ്ട്. സൽമാന്റെ ഖാന്റെ ബോഡി ഗാർഡായി പ്രവർത്തിക്കുന്നതിന് പ്രതിമാസം 15 ലക്ഷം രൂപ ശമ്പളം ലഭിക്കുന്നുവെന്നാണ് വിവരം. അതായത് ഏകദേശം വർഷം തോറും രണ്ട് കോടി രൂപയാണ് സമ്പാദ്യം. ഇതു കൂടാതെ പല വമ്പൻ താരങ്ങൾക്കും ടൈഗർ സെക്യൂരിറ്റി സുരക്ഷ ഉറപ്പാക്കുന്നുണ്ട്. കഴിഞ്ഞ വർഷം 1.40 കോടി വിലയുളള റേഞ്ച് റോവർ വാങ്ങിയതോടെ ഷേര വാർത്തയിൽ ഇടംപിടിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |