ന്യൂഡൽഹി: ഇന്ത്യ ഉൾപ്പടെ മൂന്ന് രാജ്യങ്ങൾക്ക് കർശന നിർദ്ദേശം നൽകി നാറ്റോ. റഷ്യയുമായി വ്യാപാരം തുടർന്നാൽ ഉപരോധം നേരിടേണ്ടി വരുമെന്നാണ് മുന്നറിയിപ്പ്. ബ്രസീൽ, ചൈന, ഇന്ത്യ എന്നീ രാജ്യങ്ങൾക്കാണ് നാറ്റോ സെക്രട്ടറി ജനറൽ മാർക്ക് റൂട്ടെ നിർദ്ദേശം നൽകിയിരിക്കുന്നത്. യുഎസ് സെനറ്റർമാരുമായുളള കൂടിക്കാഴ്ചയ്ക്കുശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമാധാന ചർച്ചകൾ ഗൗരവകരമായി പരിഗണിക്കാൻ റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനെ അറിയിക്കണമെന്ന് ഈ മൂന്ന് രാജ്യങ്ങളുടെയും തലവൻമാരോട് നാറ്റോ ആവശ്യപ്പെട്ടു.
50 ദിവസത്തിനുള്ളിൽ റഷ്യയും യുക്രെയ്‌നും തമ്മിൽ സമാധാനക്കരാറുണ്ടായില്ലെങ്കില്‍ റഷ്യന്‍ ഉത്പ്പന്നങ്ങള്‍ വാങ്ങുന്നവര്‍ക്ക് 100 ശതമാനം നികുതി ചുമത്തുമെന്നും യുക്രെയ്‌നിന് പുതിയ ആയുധങ്ങള്‍ നല്‍കുമെന്നും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഭീഷണിപ്പെടുത്തിയതിനുപിന്നാലെയാണ് മാർക്ക് റൂട്ടെയുടെ താക്കീത്. മൂന്ന് രാജ്യങ്ങളും റഷ്യയുമായി വ്യാപാരം തുടരുന്നത് നിർത്തുന്നത് നന്നായിരിക്കും. ഇത് നിങ്ങളെ വളരെ ദോഷകരമായി ബാധിച്ചേക്കാമെന്നും റുട്ടെ അറിയിച്ചു. അതുകൊണ്ട് വ്ളാഡിമിർ പുടിനെ ഫോണില്‍ വിളിച്ച് സമാധാന ചര്‍ച്ചകളെക്കുറിച്ച് ഗൗരവമായി ചിന്തിക്കണമെന്ന് പറയണം. അല്ലാത്തപക്ഷം ഇത് മൂന്ന് രാജ്യങ്ങൾക്കും വലിയ തിരിച്ചടിയാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ട്രംപിന്റെ പുതിയ പ്രഖ്യാപനത്തെ യുഎസ് സെനറ്റർ തോം ടില്ലിസ് അഭിനന്ദിച്ചു. എന്നാല്‍ 50 ദിവസമെന്ന കാലതാമസം ആശങ്കപ്പെടുത്തുന്നുവെന്നും അദ്ദേഹം അറിയിച്ചു. 'ഈ 50 ദിവസത്തിനുള്ളിൽ പുടിൻ യുദ്ധം ജയിക്കാനോ, കൊലപാതകങ്ങൾ നടത്തി കൂടുതൽ പ്രദേശങ്ങൾ പിടിച്ചടക്കി വിലപേശലിന് ശ്രമിക്കാനോ സാദ്ധ്യതയുണ്ടെന്നാണ് റൂട്ടെ ആശങ്കപ്പെട്ടത്. 'ഈ ദിവസങ്ങളിൽ എന്ത് ചെയ്താലും അതൊന്നും വിലപേശലായി പരിഗണിക്കില്ലെന്ന് പറയണം. സമാധാന ചര്‍ച്ചകളിൽ യുക്രെയ്നിന് സാദ്ധ്യമായ ഏറ്റവും മികച്ച സ്ഥാനം ഉറപ്പാക്കുന്നതിന് യൂറോപ്പ് പണം കണ്ടെത്തും'- റുട്ടെ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |