പഴയ തലമുറയ്ക്ക് കേട്ടുകേൾവി പോലുമില്ലാത്ത പ്രണയരീതികളും ഡേറ്റിംഗ് വാക്കുകളുമാണ് പുതിയ തലമുറയിലുള്ളത്. പ്രണയം പഴയപോലെ സിമ്പിളല്ല ഇന്ന്, പല രീതിയിലാണ് പ്രണയം ഇന്ന് ആഘോഷിക്കപ്പെടുന്നത്. പ്രണയബന്ധങ്ങളെയും പ്രണയ തകർച്ചയെയും സൂചിപ്പിക്കാൻ ഇന്ന് പലതരം വാക്കുകളുമുണ്ട്. സിറ്റുവേഷൻഷിപ്പ്, സ്‌പീഡ് ഡേറ്റിംഗ്, ബ്ളൈൻഡ് ഡേറ്റിംഗ്, ഗോസ്റ്റിംഗ്, ടേക്ക് എവേസ് എന്നിവ ഇതിന് ഉദാഹരണമാണ്. ഇപ്പോഴിതാ ഇക്കൂട്ടത്തിൽ പുതിയൊരു വാക്ക് കൂടി എത്തിയിട്ടുണ്ട്, 'ബാങ്ക്‌സിംഗ്'.
ശരിയായ ആശയവിനിമയം നടത്താതെ ഒരു പങ്കാളി വൈകാരികമായി പിന്മാറുന്ന ഡേറ്റിംഗ് പ്രവണതയെ സൂചിപ്പിക്കുന്ന പദമാണ് ബാങ്ക്‌സിംഗ്. വഴക്കോ പിണക്കമോ ഇല്ലാതെ തന്നെ പങ്കാളികൾക്കിടയിൽ അകൽച്ച വർദ്ധിക്കുന്ന പ്രവണതയാണിത്. പങ്കാളിയുമായി ബന്ധം പിരിയുന്നില്ല, എന്നാൽ അടുപ്പമില്ലാതെ ഇരിക്കുന്ന അവസ്ഥയാണിത്. തങ്ങൾക്കിടയിൽ എന്താണ് സംഭവിക്കുന്നതെന്ന് മറ്റെയാൾക്ക് മനസിലാകാത്ത അവസ്ഥ. ഇംഗ്ളണ്ടുകാരനായ തെരുവ് കലാകാരൻ ബാങ്ക്‌സിയിൽ നിന്നാണ് ഈ വാക്ക് ഉത്ഭവിച്ചത്. തന്റെ വർക്കുകൾ പൊതുജനങ്ങൾക്ക് മുൻപിൽ പ്രദർശിപ്പിച്ചതിനുശേഷം ഒന്നും മിണ്ടാതെ അപ്രത്യക്ഷമാകുന്നതാണ് ഈ കലാകാരന്റെ രീതി. പരസ്‌പരം സംസാരിച്ച് വ്യക്തത വരുത്താതെ തന്നെ മാനസികമായി വേർപിരിയുന്ന രീതിയായതിനാലാണ് പുതിയ ഡേറ്റിംഗ് രീതിക്കും ഈ പേര് നൽകപ്പെട്ടത്.
ഒരു വ്യക്തിക്ക് ഒരു ബന്ധം അവസാനിപ്പിക്കണമെന്ന തോന്നലുണ്ടാകുമ്പോൾ, നേരിട്ടുള്ള ആശയവിനിമയം മറ്റേ വ്യക്തിയിൽ നിന്ന് തൽക്ഷണമുള്ള സംഘർഷങ്ങൾക്കും പിരിമുറുക്കങ്ങൾക്കും നാടകീയതയ്ക്കും കാരണമാകുമെന്ന് അറിയാവുന്നതിനാൽ ഒന്നും മിണ്ടാതെ തന്നെ പതിയെപ്പതിയെ അകലുന്ന രീതിയാണിതെന്ന് ഡേറ്റിംഗ് കോച്ചുകൾ വ്യക്തമാക്കുന്നു. നിഷ്‌ക്രിയ-ആക്രമണാത്മക പെരുമാറ്റത്തിന്റെയോ വൈകാരിക കൃത്രിമത്വത്തിന്റെയോ രീതിയായി ഇവയെ കാണാമെന്നും സൈക്യാട്രിസ്റ്റുകൾ ചൂണ്ടിക്കാട്ടുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |