ന്യൂഡൽഹി: ജി.എസ്.ടി രണ്ടു സ്ലാബിലേക്ക് ചുരുക്കിയതോടെ 391 സാധനങ്ങൾക്ക് വില കുറയും. വീട്, വസ്ത്രം, കാർ തുടങ്ങി സാധാരണക്കാരന്റെ സ്വപ്‌നങ്ങളെ തലോടുന്നതാണ് ജി.എസ്.ടി പരിഷ്‌കരണം. സിമന്റിന് 28% ജി.എസ്.ടി ആയിരുന്നത് 18% ആയി കുറഞ്ഞു. മാർബിൾ, ഗ്രാനെറ്റ് ബ്ലോക്കുകൾ എന്നിവയ്‌ക്ക് 12ൽ നിന്ന് 5% ആയി മാറി. ഇത് നിർമ്മാണ മേഖലയ്ക്ക് വലിയ ആശ്വാസമാകും. ടേബിൾ വെയർ, കിച്ചൺ വെയർ, ടോയ്ലെറ്ര് സാമഗ്രികൾ, മറ്റ് വീട്ടുപകരണങ്ങൾ എന്നിവയ്‌ക്കും 5% നികുതി മാത്രമാകും.
വീടുകളുടെ ഇന്റീരിയറിന് ആവശ്യമായ കരകൗശല ഉത്‌പന്നങ്ങൾക്കും ജി.എസ്.ടി അഞ്ചു ശതമാനം മാത്രം. പെയിന്റുകൾ, ഡ്രോയിംഗുകൾ, കാർപ്പറ്റുകൾ എന്നിവയ്‌ക്കും വില കുറയും. വസ്ത്രങ്ങൾക്കും 12ൽ നിന്ന് 5% നികുതിയാകും. 1,500 സിസിക്ക് താഴെയുള്ള ഡീസൽ കാറുകൾ, 1,200 സിസിക്ക് താഴെയുള്ള പെട്രോൾ, സി.എൻ.ജി, എൽ.പി.ജി കാറുകൾ എന്നിവയ്ക്കും 28ൽ നിന്ന് 18ലേക്ക് 10 ശതമാനത്തോളം നികുതിയാണ് കുറയുന്നത്. 60,000 മുതൽ 1 ലക്ഷം രൂപയുടെ വരെ പ്രയോജനം സാധാരണക്കാർക്ക് ലഭിക്കും.
നികുതി ഏകീകരണം കാരണം 48,000 കോടിയുടെ കുറവുണ്ടാകും. എന്നാലതിനെ റവന്യു നഷ്‌ടമെന്ന് വിലയിരുത്താനാകില്ല. സാധാരണക്കാരന്റെ കൈയിൽ പണം മിച്ചം വരികയും അതു മാർക്കറ്റിൽ വീണ്ടും ചെലവാക്കപ്പെടുന്നതിലൂടെ നേരിട്ട് സമ്പദ്‌ഘടനയിലേക്ക് തിരിച്ചു വരികയും ചെയ്യും. പണപ്പെരുപ്പം കുറയുമെന്നും കണക്കുകൂട്ടുന്നു. ട്രംപ് ഭരണകൂടത്തിന്റെ പ്രതികാര തീരുവ കാരണം പ്രതിസന്ധിയിലായ കരകൗശല, ടെക്‌സ്റ്റയിൽസ് തുടങ്ങിയ മേഖലകൾക്ക് ആശ്വാസമാകും.
ലോട്ടറി വില വർദ്ധിച്ചേക്കും
ലോട്ടറിയുടെ ജി.എസ്.ടി 28%ൽ നിന്ന് 40% ആയി വർദ്ധിക്കുന്നത് കേരളത്തെ സംബന്ധിച്ച് തലയ്‌ക്കടിയാണെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞു. ടിക്കറ്റ് വിലയിലും സമ്മാനത്തുകയിലും മാറ്റങ്ങൾ വന്നേക്കും. ലോട്ടറിയിലെ ജി.എസ്.ടി നടപ്പാക്കലിന് കൂടുതൽ സമയം കേരളം ആവശ്യപ്പെട്ടു. കത്തു നൽകാൻ കേന്ദ്രം പറഞ്ഞിരിക്കുകയാണ്. കേരളത്തിൽ രണ്ടു ലക്ഷത്തോളം പേരുടെ ഉപജീവനത്തെയാണ് ബാധിക്കുന്നത്. ലോട്ടറി മേഖലയിൽ പ്രവർത്തിക്കുന്നവരെ അടക്കം വിളിച്ച് ഉടൻ ചർച്ച നടത്തുമെന്ന് കെ.എൻ.ബാലഗോപാൽ കേരള കൗമുദിയോട് പറഞ്ഞു.
ജി.എസ്.ടി ഒഴിവാക്കിയവ
1. ജീവൻരക്ഷാ മരുന്നുകൾ, വ്യക്തിഗത ആരോഗ്യ ഇൻഷ്വറൻസ്
2. പാൽ, പനീർ, റൊട്ടി, ചപ്പാത്തി, പൊറോട്ട
വിലകുറയുന്നവ
1. എല്ലാത്തരം മരുന്നുകൾ
2. ഭൂരിഭാഗം നിത്യോപയോഗ സാധനങ്ങൾ
3. ചെരുപ്പ്, വസ്ത്രങ്ങൾ, കരകൗശല ഉത്പന്നങ്ങൾ
4. ബസ്, ട്രക്ക്, ആംബുലൻസ്
5. ടി.വികളും മോണിറ്ററുകളും
6. എ.സി, ഡിഷ്‌വാഷർ, ഫ്രിഡ്‌ജ്
7. ചെറുകാറുകൾ
8. മെഡിക്കൽ, സർജിക്കൽ, ദന്തൽ, വെറ്രിനറി ഉപകരണങ്ങൾ
9. ടൂത്ത് പേസ്റ്റ്, ബ്രഷ്
10. ബാൻഡേജ്, ഗ്ലൂക്കോമീറ്റർ
11. ഹോട്ടൽ അക്കോമഡേഷൻ സർവീസസ്
12. ജിം, സലൂൺ, യോഗ സെന്റർ
13. ചോക്ലേറ്ര്
14. കോഫി,ബട്ടർ, നെയ്യ്
15. ശീതികരിച്ച മാംസം, കോൺഫ്ലേക്‌സ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |