തിരുവനന്തപുരം: തിരുവിതാംകൂർ, കൊച്ചിൻ, മലബാർ ദേവസ്വം ബോർഡുകളിലേക്കായി നാല് അംഗങ്ങളെ തിരഞ്ഞെടുത്തു. തിരുവിതാംകൂർ ബോർഡിൽ പി.ഡി സന്തോഷ് കുമാറും കൊച്ചി ബോർഡിൽ കെ.കെ.സുരേഷ് ബാബുവും മലബാർ ബോർഡിൽ ഒ.കെ.വാസു, കെ.എൻ ഉദയൻ എന്നിവരുമാണ് അംഗങ്ങളായത്. ഉദയൻ സി.പി.ഐയുടേയും മറ്റു മൂന്നുപേരും സി.പി.എമ്മിന്റെയും പ്രതിനിധികളാണ്.
തിരുവിതാംകൂർ, കൊച്ചിൻ, ദേവസ്വം ബോർഡുകളിൽ ഓരോ എസ്.സി/എസ്.ടി അംഗങ്ങളുടെയും മലബാർ ദേവസ്വം ബോർഡിൽ രണ്ട് ജനറൽ അംഗങ്ങളുടേയും ഒഴിവുകളാണ് ഉണ്ടായിരുന്നത്. ഇവരെ ഹിന്ദു എം.എൽ.എമാർ വോട്ടിലൂടെ തിരഞ്ഞെടുക്കുകയാണ് ചെയ്യുന്നത്. എതിർ സ്ഥാനാർത്ഥികൾ ഇല്ലായിരുന്നു. നാമനിർദേശ പത്രികകളുടെ സൂക്ഷ്‌മപരിശോധന പൂർത്തിയാക്കി ഇവരെ വിജയികളായി പ്രഖ്യാപിക്കുകയായിരുന്നു എന്ന് റിട്ടേണിംഗ് ഓഫീസറായ റിട്ട.ജില്ലാ സെഷൻസ് ജഡ്ജ് എം.രാജേന്ദ്രൻ നായർ അറിയിച്ചു.
തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗമായ പി.ഡി സന്തോഷ് കുമാർ സി.പി.എമ്മിന്റെ മാന്നാർ ഏരിയ കമ്മിറ്റിയംഗമാണ്. പേരിശ്ശേരി കോ ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ് , പി.കെ.എസ്. സംസ്ഥാന കമ്മിറ്റിയംഗം എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. പുലിയൂർ ഗ്രാമപ്പഞ്ചായത്ത് മുൻ അംഗമാണ്. കൊച്ചിൻ ദേവസ്വം ബോർഡ് അംഗമായ കെ.കെ.സുരേഷ് ബാബു പട്ടികജാതി ക്ഷേമസമിതി (പി.കെ.എസ്) ജില്ലാ സെക്രട്ടറിയും കുമ്പളങ്ങി മുൻ പഞ്ചായത്തംഗവും സി.ഐ.ടി.യു കെട്ടിടനിർമ്മാണ തൊഴിലാളി യൂണിയൻ ഏരിയാ സെക്രട്ടറിയുമാണ്.
മലബാർ ദേവസ്വം ബോർഡ് അംഗമായ ഒ.കെ വാസു മലബാർ ദേവസ്വം ബോർഡിന്റെ മുൻ പ്രസിഡന്റാണെന്ന കൗതുകവുമുണ്ട്. ബി.ജെ.പി മുൻ ജില്ലാ പ്രസിഡന്റായിരുന്ന വാസു 2014 ൽ സി.പി.എമ്മിലേക്ക് എത്തുകയായിരുന്നു. നിലവിൽ സി.പി.എം പാനൂർ ഏരിയാ കമ്മിറ്റി അംഗമാണ്. മലബാർ ദേവസ്വം ബോർഡിലെ മറ്റൊരു അംഗമായ കെ.എൻ.ഉദയൻ സി.പി.ഐ മലപ്പുറം ജില്ലാ കൗൺസിൽ അംഗവും എ.ഐ.ടി.യു.സി സംസ്ഥാന കമ്മിറ്റി അംഗവുമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |