നഗരത്തിന്റെ തിരക്കും ശബ്ദകോലാഹലങ്ങളും ഉപേക്ഷിച്ച് കൊല്ലത്ത് എത്തുന്നവർക്കായി ഒരു അതിമനോഹര കാഴ്ച കാത്തിരിക്കുന്നുണ്ട്. പശ്ചിമഘട്ട മലനിരയുടെ കിരീടം പോലെ നിൽക്കുന്ന ഒരു അപൂർവ കാഴ്ചയാണ് കുടുക്കത്തുപാറയിലുളളത്. കൊല്ലം ജില്ലയിലെ അലയമൺ ഗ്രാമപഞ്ചായത്തിലെ ആനക്കുളം വനമേഖലയിലാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. വിവിധ ദിക്കുകളിൽ നിന്ന് നോക്കുമ്പോൾ പല ആക്യതിയിലുളള ദൃശ്യാനുഭവമാണ് കാഴ്ചക്കാർക്ക് ലഭിക്കുന്നത്.
വനംവകുപ്പിന്റെ നിയന്ത്രണത്തിലുള്ള ഇക്കോ ടൂറിസം പദ്ധതിയുടെ ഭാഗമാണ് കുടുക്കത്തുപാറ. ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ ടൂറിസം പാക്കേജിൽ കുടുക്കത്തുപാറയെ ഉൾപ്പെടുത്തിയിട്ടുണ്ട്. കുടുക്കത്തുപാറയിലേക്കുളള യാത്ര എപ്പോഴും സഞ്ചാരികൾക്ക് വേറിട്ട അനുഭവമാണ് നൽകുന്നത്. പൊൻമുടി മുതൽ തമിഴ്നാട് വരെയുളള കാഴ്ചകൾ കുടുക്കത്തുപാറയുടെ മുകളിൽ നിന്നാൽ കാണാം. കൂടാതെ തെളിഞ്ഞ കാലാവസ്ഥയിൽ സന്ധ്യാസമയത്ത് തങ്കശേരി വിളക്കുമരത്തിന്റെ പ്രകാശവും ആസ്വദിക്കാം. പല വനമേഖലയിലും കിട്ടാത്ത ഔഷധസസ്യങ്ങളുടെ ശേഖരവും വിവിധ രൂപത്തിലുളള പാറക്കെട്ടുകളും കോടയും ഇവിടെയെത്തുന്ന സഞ്ചാരികൾക്ക് കാണാം.
സമുദ്രനിരപ്പിൽ നിന്ന് 840 മീറ്റർ ഉയരത്തിൽ മൂന്ന് പാറകൾ ചേർന്ന് വലിയ കുന്നുപോലെയാണ് കുടുക്കത്തുപാറ സ്ഥിതി ചെയ്യുന്നത്. ഇതിൽ 780 മീറ്റർ മാത്രമേ സഞ്ചാരികൾക്ക് കയറാൻ സാധിക്കുളളൂ. സഞ്ചാരികളുടെ വനയാത്ര സുഗമമാക്കാൻ കൽപ്പടവുകളും സുരക്ഷാ വേലികളും ഒരുക്കിയിട്ടുണ്ട്. നിലത്ത് നിന്നു 360 കരിങ്കൽ പടികൾ കയറിച്ചെന്നാൽ പാറയുടെ മുകളിലെത്താം. പലതരത്തിലുള്ള പാറകളും ശാന്തമായ കാറ്റും പാറയുടെ മുകളിൽ നിന്ന് പുകപോലെ ഉയരുന്ന മഞ്ഞും കാഴ്ചക്കാരെ ആകർഷിക്കും.
പടികൾ കയറി തളരുന്നവർക്ക് വിശ്രമിക്കാനായി കോൺക്രീറ്റ് ബഞ്ചുകളും സർക്കാർ ഒരുക്കിയിട്ടുണ്ട്. അനുവാദം വാങ്ങിയാൽ സഞ്ചാരികൾക്ക് കുടുക്കത്തുപാറയിൽ ഭക്ഷണം തയ്യാറാക്കാനും അവസരമുണ്ട്. അതിനായി ഒരു പാറയും ഇവിടെയുണ്ട്. അത് അടുക്കളപ്പാറ എന്ന് അറിയപ്പെടുന്നു. രണ്ട് പാറകൾ താങ്ങിനിർത്തിയിരിക്കുന്ന രീതിയിലാണ് പ്രധാന പാറ സ്ഥിതി ചെയ്യുന്നത്. ഇതിനു സമീപമായി ട്രെയിൻ പാറയും കാവും കാണാം. സൂര്യാസ്തമയമാണ് ഇവിടെ നിന്നുള്ള മനോഹരമായ കാഴ്ചയാണ്.
സായിപ്പിന്റെ ഗുഹ കുടുക്കത്തുപാറയിലെ പ്രത്യേകതകളിലൊന്നാണ്. രണ്ടാം ലോകമഹായുദ്ധക്കാലത്ത് ഒരു ജർമ്മൻ സായിപ്പ് ഇവിടെ ഒളിച്ചുതാമസിച്ചിരുന്നതായാണ് ചരിത്രരേഖകളിൽ പറയുന്നത്. ആ സായിപ്പ് പെട്ടെന്ന് അവിടെ നിന്ന് അപ്രത്യക്ഷനായെന്നും നാട്ടുകാർ പറയുന്നു. ഈ ഗുഹയിൽ മഴയും വെയിലും കൊളളാതെ അഞ്ച് പേർക്ക് സുഖമായി ഇരിക്കാവുന്നതാണ്. പണ്ടുകാലത്ത് പലരും ഈ ഗുഹ ഒളിത്താവളമായും ഉപയോഗിച്ചിട്ടുണ്ട്. രാവിലെ ഒമ്പത് മണി മുതൽ വൈകിട്ട് അഞ്ച് മണി വരെയാണ് പ്രവേശനം. ബൈക്ക്, കാർ, ജീപ്പ് എന്നീ വാഹനങ്ങൾക്ക് ഇതുവഴി പാറയുടെ സമീപം വരെ എത്താം. മുതിർന്നവർക്ക് 30രൂപയും കുട്ടികൾക്ക് പത്ത് രൂപയുമാണ് ടിക്കറ്റ് നിരക്ക്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |