വിനോദസഞ്ചാരത്തിന് പേരുകേട്ട രാജ്യങ്ങളിലൊന്നാണ് തായ്‌ലൻഡ്. ഇവിടത്തെ മനോഹരമായ ബീച്ചുകളും രുചിയൂറുന്ന വിഭവങ്ങളും സഞ്ചാരികളെ സ്വാധീനിക്കാറുണ്ട്. അധികം ചെലവില്ലാതെ യാത്ര നടത്തി മടങ്ങി വാരാൻ സാധിക്കുന്ന രാജ്യങ്ങളിലൊന്നുകൂടിയാണ് തായ്‌ലൻഡ്. അതിനാൽത്തന്നെ ഇവിടത്തെ വരുമാനത്തിന്റെ ഏറിയ പങ്കും വിനോദസഞ്ചാരമേഖലയിൽ നിന്നുമാണെന്നാണ് ചിലരുടെയെങ്കിലും തെറ്റായ ധാരണ.
തെക്കുകിഴക്കൻ എഷ്യയിലെ രാജ്യങ്ങളിൽ പ്രധാനപ്പെട്ടതാണ് തായ്‌ലൻഡ്. ഇവിടത്തെ സമ്പദ്‌വ്യവസ്ഥ വിവിധ മേഖലകളെ ആശ്രയിച്ചാണുളളത്. വിനോദസഞ്ചാരം കൂടാതെ കൃഷി, കയറ്റുമതി, വ്യവസായം, മറ്റ് സേവനങ്ങൾ എന്നിവയും തായ്‌ലൻഡിന്റെ വരുമാനത്തിൽ പ്രധാന പങ്കുവഹിക്കുന്നു. അടുത്തിടെ പുറത്തുവന്ന റിപ്പോർട്ടനുസരിച്ച്, രാജ്യത്തിന്റെ വരുമാനത്തിൽ 20 ശതമാനം മാത്രമാണ് വിനോദസഞ്ചാരത്തിൽ നിന്ന് ലഭിക്കുന്നത്. ബോഡി മസാജ് പോലുളളവയിൽ നിന്ന് മികച്ച വരുമാനം ലഭിക്കുന്നുവെന്നായിരുന്നു ഇതുവരെയുളള ധാരണ.
ലോകത്തിലെ തന്നെ ഏറ്റവും ഉയർന്ന നിരക്കിൽ അരി കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളിലൊന്നാണ് തായ്‌ലൻഡ്. ഇവിടക്കെ ജാസ്മിൻ റൈസ് എന്ന അരി അന്താരാഷ്ട്ര വിപണിയിൽ വളരെ ജനപ്രിയമാണ്. അരിയോടൊപ്പം തന്നെ ഇവിടെ റബ്ബർ, പഴങ്ങൾ, സമുദ്രോൽപ്പന്നങ്ങൾ, ചോളം എന്നിവയും കയറ്റുമതി ചെയ്യുന്നുണ്ട്. ഇവരുടെ വരുമാനത്തിന്റെ 30 ശതമാനവും കൃഷിയെ ആശ്രയിച്ചിരിക്കുന്നു. മത്സ്യബന്ധനത്തിലൂടെയും തായ്‌ലൻഡിന് നല്ലൊരു ശതമാനം വരുമാനം ലഭിക്കുന്നുണ്ട്. ചെമ്മീൻ, കണവ, മറ്റ് മത്സ്യങ്ങൾ തുടങ്ങിയവ ഇവിടെ നിന്ന് ഉയർന്ന അളവിൽ കയറ്റുമതി ചെയ്യുന്നുണ്ട്.
ജപ്പാൻ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളുടെ ഓട്ടോ മൊബൈൽ പ്ലാന്റുകൾ തായ്‌ലൻഡിലാണ് സ്ഥിതി ചെയ്യുന്നത്. അതിനാൽ തായ്‌ലൻഡിനെ ഏഷ്യയുടെ ഡിട്രോയിറ്റ് എന്നറിയപ്പെടുന്നു. കൂടാതെ ഭീമൻ വാഹനക്കമ്പനികളായ ടൊയോട്ട, ഹോണ്ട, ഫോർഡ്, ഇസുസു തുടങ്ങിയവ തായ്‌ലൻഡിൽ വൻതോതിൽ വാഹനങ്ങൾ നിർമിക്കുന്നുണ്ട്. ഇലക്ട്രോണിക്സ്, കംപ്യൂട്ടർ, ഹാർഡ്‌വെയർ, തുണിത്തരങ്ങൾ എന്നിവയും തായ്‌ലൻഡിന്റെ വ്യവസായിക ശക്തിയുടെ പ്രധാന ഘടകങ്ങളാണ്.
തായ്ലൻഡിന്റെ സമ്പദ്‌വ്യവസ്ഥയുടെ ഏകദേശം 60 ശതമാനവും കയറ്റുമതിയിൽ നിന്നാണ് ലഭിക്കുന്നത്. കഴിഞ്ഞ വർഷം പുറത്തുവന്ന റിപ്പോർട്ടനുസരിച്ച് പ്രതിവർഷം 35 ദശലക്ഷം വിനോദസഞ്ചാരികളാണ് രാജ്യത്തേക്ക് വരുന്നത്. ഇതിൽ നിന്ന് 48 ബില്യൺ ഡോളർ വരുമാനമാണ് തായ്‌ലൻഡിന് ലഭിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |