ഹൈദരാബാദ്: തെലുങ്ക് സൂപ്പർതാരം രവി തേജയുടെ പിതാവ് ഭൂപതിരാജു രാജഗോപാൽ രാജു അന്തരിച്ചു. 90 വയസായിരുന്നു. വാർദ്ധക്യസഹജമായ രോഗങ്ങളെത്തുടർന്ന് ഹൈദരാബാദിൽ രവി തേജയുടെ വസതിയിലായിരുന്നു അന്ത്യം.
ഫാർമസിസ്‌റ്റായാണ് അദ്ദേഹം ജോലിനോക്കിയിരുന്നത്. മകൻ തെലുങ്ക് സിനിമയിലെ സൂപ്പർതാരമായി മാറിയിട്ടും രാജഗോപാൽ രാജു ഫാർമസിസ്റ്റായി ജോലി തുടർന്നിരുന്നു. ജയ്‌പൂർ, ഡൽഹി, മുംബയ്, ഭോപാൽ എന്നിങ്ങനെ രാജ്യത്തെ വിവിധയിടങ്ങളിൽ അദ്ദേഹം ജോലി നോക്കിയിട്ടുണ്ട്.
രാജ്യ ലക്ഷ്‌മിയാണ് ഭാര്യ. ഭൂപതി രാജു രവിശങ്കർ രാജു എന്ന രവി തേജയ്‌ക്ക് പുറമേ രഘു രാജു, ഭരത് രാജു എന്നിങ്ങനെ രണ്ട് മക്കൾ കൂടി അദ്ദേഹത്തിനുണ്ട്. ഇതിൽ ഭരത് രാജു 2017ൽ കാറപകടത്തിൽ മരിച്ചു.
ഭൂപതിരാജു രാജഗോപാൽ രാജുവിന്റെ മരണത്തിൽ തെലുങ്ക് സൂപ്പർതാരം ചിരഞ്ജീവി അനുശോചന കുറിപ്പെഴുതി. വാൾട്ടയർ വീരയ്യ എന്ന താനും രവി തേജയും ചേർന്നഭിനയിച്ച ചിത്രത്തിന്റെ സെറ്റിൽ വച്ചാണ് ഭൂപതിരാജു രാജഗോപാൽ രാജുവിനെ അവസാനമായി കണ്ടതെന്ന് ചിരഞ്ജീവി അനുസ്‌മരിച്ചു.
ആദ്യകാലത്ത് തെലുങ്ക് സിനിമയിൽ അസിസ്റ്റന്റ് ഡയറക്‌ടറായി എത്തിയ രവി തേജ വൈകാതെ തിരക്കേറിയ നടനായി മാറി. പിന്നാലെ തന്റെ പേര് രവി തേജ എന്നാക്കുകയായിരുന്നു. മുൻപൊരിക്കൽ ഫാദേഴ്‌സ് ഡേയ്‌ക്ക് രവി തേജ പിതാവുമൊത്തുള്ള ചിത്രം സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |