തിരുവനന്തപുരം: ഉജ്ജ്വലവാഗ്മിയും സാമൂഹ്യരാഷ്ട്രീയരംഗത്തെ പ്രതിഭയും എഴുത്തുകാരനുമായ കെ. ബാലകൃഷ്ണന്റെ ഓർമ്മകൾ എന്നും ജ്വലിക്കുന്നതാണെന്ന് മന്ത്രി ജെ. ചിഞ്ചുറാണി. വിദ്യാർത്ഥി രാഷ്ട്രീയ കാലത്ത് കെ. ബാലകൃഷ്ണന്റെ പ്രസംഗങ്ങൾ വളരെയധികം സ്വാധീനിച്ചിരുന്നു. കെ. ബാലകൃഷ്ണന്റെ 41-ാം ചരമവാർഷികത്തോടനുബന്ധിച്ച് പേട്ട യംഗ്സ്റ്റേഴ്സ് സ്പോർട്സ് ക്ളബും കെ. ബാലകൃഷ്‌ണൻ സ്മാരകസമിതിയും സംയുക്തമായി സംഘടിപ്പിച്ച അനുസ്മരണസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ഒരു ജീവിതത്തിൽത്തന്നെ പല ജീവിതം ജീവിച്ച മഹാമനുഷ്യനായിരുന്നു കെ. ബാലകൃഷ്ണനെന്ന് മുൻ വിവരാവകാശ കമ്മിഷണർ കെ.വി. സുധാകരൻ പറഞ്ഞു. സി. കേശവൻ സി.പി. രാമസ്വാമി അയ്യർക്കെതിരെ പറഞ്ഞ അതേ തൂക്കത്തിൽ മകൻ കെ. ബാലകൃഷ്ണനും വിമർശനം ഉന്നയിച്ചു. എന്നാൽ സി. കേശവനും കെ. ബാലകൃഷ്ണനും അർഹിക്കുന്ന പ്രാധാന്യം കേരളീയ സമൂഹം നൽകിയിട്ടില്ല.
എൻജിനിയർ ആർ. രാജേഷ് അദ്ധ്യക്ഷനായി. മികച്ച സന്നദ്ധപ്രവർത്തനത്തിന് ക്രാബ് സെക്രട്ടറി സജി കരുണാകരനെ ചടങ്ങിൽ മന്ത്രി ചിഞ്ചുറാണി ആദരിച്ചു. കെ. ബാലകൃഷ്ണന്റെ പേരിലുള്ള പുരസ്കാരം ഏറ്റുവാങ്ങുന്നത് അഭിമാനമായി കരുതുന്നതായി സജി കരുണാകരൻ മറുപടി പ്രസംഗത്തിൽ പറഞ്ഞു. എസ്. ജയകുമാർ ചടങ്ങിൽ സജി കരുണാകരനെ പരിചയപ്പെടുത്തി. കെ.ജി. സുരേഷ് ബാബു സ്വാഗതവും യംഗ്സ്റ്റേഴ്സ് ക്ളബ് സെക്രട്ടറി എൻജിനിയർ ഡി. കുട്ടപ്പൻ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |