ന്യൂഡൽഹി: ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടി ഉപരാഷ്‌ട്രപതി ജഗ്‌ദീപ് ധൻകർ രാജിവച്ചു. ഡോക്ടർമാരുടെ ഉപദേശപ്രകാരം രാജിവയ്‌ക്കുകയാണെന്ന് രാഷ്‌ട്രപതി ദ്രൗപദി മുർമുവിന് അയച്ച കത്തിൽ പറയുന്നു. രാഷ്‌ട്രീയ കാരണങ്ങളാണോ രാജിക്ക് പ്രേരിപ്പിച്ചതെന്ന് വ്യക്തമല്ല. 2027വരെ കാലാവധിയുണ്ടായിരുന്നു. ഇന്നലെ വർഷകാല സമ്മേളനത്തിന്റെ ആദ്യ ദിവസം രാജ്യസഭാ അദ്ധ്യക്ഷനെന്ന നിലയിൽ സജീവമായിരുന്നു 73കാരനായ ധൻകർ. കേരളത്തിൽ നിന്നുള്ള സദാനന്ദൻ മാസ്റ്റർ അടക്കം പുതിയ എം.പിമാരുടെ സത്യപ്രതിജ്ഞയ്‌ക്കും സാക്ഷ്യം വഹിച്ചു.
മാർച്ചിൽ ഹൃദയാഘാതമുണ്ടായതിനെ തുടർന്ന് ഡൽഹി എയിംസിൽ പ്രവേശിപ്പിച്ചിരുന്നു. ആരോഗ്യം വീണ്ടെടുത്തശേഷം പാർലമെന്റിൽ തിരിച്ചെത്തുകയും ചെയ്‌തു.
2022 ആഗസ്റ്റിലാണ് സംയുക്ത പ്രതിപക്ഷ സ്ഥാനാർത്ഥി മാർഗരറ്റ് ആൽവയെ 346 വോട്ടുകൾക്ക് തോൽപ്പിച്ച് രാജ്യത്തിന്റെ 14-ാം ഉപരാഷ്‌ട്രപതിയായി എൻ.ഡി.എ സ്ഥാനാർത്ഥി ജഗ്‌ദീപ് ധൻകർ തിരഞ്ഞെടുക്കപ്പെട്ടത്.
പശ്ചിമ ബംഗാളിൽ മുഖ്യമന്ത്രി മമത ബാനർജിയെ വിറപ്പിച്ച ഗവർണർ എന്ന നിലയിൽ ബി.ജെ.പി നേതൃത്വത്തിന് സ്വീകാര്യനായിരുന്നു. രാജ്യസഭാ അദ്ധ്യക്ഷനെന്ന നിലയിലും സർക്കാരിനൊപ്പം നിന്ന് പ്രതിപക്ഷത്തോട് വിട്ടുവീഴ്‌ചയില്ലാത്ത സമീപനം സ്വീകരിച്ചു. കോൺഗ്രസ് അദ്ധ്യക്ഷനും പ്രതിപക്ഷ നേതാവുമായ മല്ലികാർജ്ജുന ഖാർഗെയുമായി സ്ഥിരമായി കൊമ്പുകോർത്തു. രാജസ്ഥാൻ സ്വദേശിയും സുപ്രീം കോടതി അഭിഭാഷകനുമായ ജഗ് ദീപ് ധൻകർ ജനതാദൾ വിട്ട് 2003ലാണ് ബി.ജെ.പിയിൽ ചേർന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |